ന്യൂദല്‍ഹി : ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കുന്നതിനായി സര്‍ദാര്‍ പട്ടേല്‍ നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം.
മെഡലും രാഷ്‌ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പത്മ അവാര്‍ഡുകളോടൊപ്പം ഒരു വര്‍ഷം മൂന്നു പേര്‍ക്ക് വീതം പുരസ്‌കാരം സമ്മാനിക്കും.
പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സമിതിയാകും പുരസ്‌കാരം നിര്‍ണ്ണയിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദ്ദേശം ചെയ്യാം. ഇതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം വെബ്‌സൈറ്റിനും രൂപം നല്‍കുന്നുണ്ട്. അതേസമയം അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്‌കാരം നല്‍കില്ല.
















