ആധുനിക യോഗയുടെ പിതാവായാണ് പതഞ്ജലി അറിയപ്പെടുന്നത്. പതഞ്ജലിയാണ് പല രൂപങ്ങളില്‍ പ്രചാരത്തിലിരുന്ന യോഗയെ ഏകീകരിച്ചത് . ശിവന് അഥവാ ആദിയോഗി സപ്തര്‍ഷികള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് യോഗാഭ്യാസങ്ങള്‍ പകര്‍ന്നു നല്കി. മനുഷ്യ സ്വഭാവത്തെക്കുറിച്ച് ശിവന് അഗാധമായ ധാരണയുണ്ടായിരുന്നെങ്കിലും അതൊന്നും രേഖപ്പെടുത്തിയവയല്ല. പതഞ്ജലിയാണ് ഏറെ സങ്കീര്‍ണവും വൈവിധ്യവുമായ യോഗയെ ക്രോഡീകരിച്ചത്.
ആത്മസാക്ഷാത്ക്കാരത്തിനുള്ള സൂത്രങ്ങള്‍
സൂത്രമെന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘നൂല്’ എന്നാണ്. E=mc2 എന്ന സൂത്രവാക്യത്തില്‍ അക്ഷരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത അത്രയും സങ്കീര്‍ണമായ ശാസ്ത്രമുണ്ട്. എല്ലാ സൂത്രങ്ങളും അതുപോലെയാണ്. അറിവില്ലായ്മയാല്‍ പലരുമത് അതേ പോലെ പ്രായോഗികമാക്കുന്നു.
യോഗാസൂത്രങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള മഹത്തായ രേഖയാണെങ്കിലും പലര്ക്കുമതിനോട് പ്രതിപത്തിയില്ല. വായിക്കാവുന്നതില് ഏറ്റവും വിരസമായ പുസ്തകമായാണ് പലരുമത് കാണുന്നത്. എന്നാല്‍ പതഞ്ജലി രചിച്ചത് ജീവിതത്തെ തുറക്കാനുള്ള സൂത്രവാക്യമാണ്. പര്യവേക്ഷണ കുതുകിയായ ഒരാള്‍ക്കു മാത്രമേ പതഞ്ജലിയുടെ സൂത്രങ്ങള്‍ കൊണ്ട് ഉപയോഗമുള്ളൂ. ഇരുനൂറു സൂത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ അനുഭവവേദ്യമാക്കിയാല്‍ ജീവിതത്തിന് അത് അനന്യമായ മാനങ്ങള്‍ നല്‍കും. അതു തന്നെ ധാരാളം. ജീവിതം അതിന്റെ പാരമ്യതയിലറിയാന് മുഴുവന്‍ സൂത്രങ്ങളും നിങ്ങള്‍ വായിക്കണമെന്നില്ല.
‘… ഇനി യോഗ’
എക്കാലത്തേയും മികച്ച ബുദ്ധിജീവികളില്‍ ഒരാളായാണ് ലോകം പതഞ്ജലിയെ കാണുന്നത്. അദ്ദേഹത്തോളം പ്രബുദ്ധനായി മറ്റൊരാളെ കാണാനാവില്ല. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണവ്യാപ്തി എത്രയോ ബൃഹത്തായിരുന്നു. പതഞ്ജലി ഏതു തരത്തിലുള്ള മനുഷ്യനായിരുന്നു എന്നതു മനസ്സിലാക്കാന്‍ അദ്ദേഹം യോഗസൂക്തങ്ങള്തുടങ്ങുന്നതില് നിന്ന് വ്യക്തമാണ്. വിചിത്രമായൊരു തുടക്കം. യോഗസൂത്രങ്ങളിലെ പ്രഥമാധ്യായം അതിങ്ങനെയാണ്; ‘ … ഇനി യോഗ’ . ഇതില്‍ നിന്ന് എന്താണ് അര്‍ഥമാക്കേണ്ടത്? യുക്തിപരമായി ഇതിന് അര്‍ഥം ഒന്നുമില്ല. എന്നാല്‍ അതിന് ഗഹനമായൊരു അര്ഥമുണ്ടുതാനും.
ഉദാഹരണത്തിന് നിങ്ങള്‍ പുതിയ കെട്ടിടം, ജീവിതപങ്കാളി, വാഹനം, ധനസമ്പാദനം എന്നിവയെപ്പറ്റി കൂടുതലായി ചിന്തിക്കുകയാണെങ്കില്‍ യോഗാഭ്യാസത്തിന് പ്രാപ്തനായിട്ടില്ലെന്ന് അര്‍ഥം. അതേസമയം, പണവും സമ്പത്തും അധികാരവും ഐശ്വര്യവുമെല്ലാം രുചിച്ചിട്ടും ജീവിതം അപൂര്‍ണമായി തോന്നുന്നുവെങ്കില്‍, ആ യാഥാര്‍ഥ്യം നിങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ യോഗ അഭ്യസിക്കാന്‍ സമയമായി.
ലോകമൊന്നാകെ അനര്ഥമായ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ അവയെല്ലാം ഒരു അര്ധവാക്യത്താല് തൂത്തു കളയുകയാണ് പതഞ്ജലി. അജ്ഞത നിങ്ങളെ കീറിമുറിക്കുമ്പോള്‍ അറിവിന്റെ വഴിയായ് ഇനി യോഗയുണ്ടെന്ന അപൂര്‍ണ വാചകത്തിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: