ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളത്തിലെ ഹൈന്ദവസമൂഹം പ്രതീക്ഷാനിര്‍ഭരമായ ഹൃദയത്തോടെ കാതോര്‍ത്തിരുന്ന ഒരു ശബ്ദമുണ്ട്; അതേസമയം ഹൈന്ദവ വിരുദ്ധശക്തികള്‍ ഭയപ്പാടോടെയാണ് ആ വാക്കുകള്‍ കേട്ടത്. സ്വാമി സത്യാനന്ദ സരസ്വതിയെന്ന സംന്യാസി ശ്രേഷ്ഠനായിരുന്നു ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖധ്വനി മുഴക്കിയ ആ കര്‍മയോഗി.
നിരീശ്വരവാദവും ഹൈന്ദവവിരുദ്ധതയും മുഖമുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മതപരിവര്‍ത്തനവും ഹിന്ദു വിരുദ്ധ പ്രചാരണവും ജീവിതചര്യയാക്കിയ ഏകദൈവവിശ്വാസികളും ചേര്‍ന്ന് ഹിന്ദു സമൂഹത്തിന്റെ സ്വത്വത്തെ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടത്തിലാണ് സ്വാമികളുടെ ശബ്ദം കൊടുങ്കാറ്റുപോലെ കേരളത്തിന്റെ ഹൃദയഭൂമിയെ ഇളക്കിമറിച്ചത്. ആലസ്യത്തിലാണ്ടുപോയ ഹൈന്ദവ സമൂഹത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു സ്വാമിയുടെ വാക്കുകള്‍. അത് കൊള്ളേണ്ടിടത്ത് കൊണ്ടു; മുറിവേല്‍പ്പിക്കേണ്ടിടത്ത് മുറിവേറ്റു.
ഭൗതികമായി സമസ്ത മേഖലകളിലും കേരളത്തിലെ ഹിന്ദുസമൂഹം പിന്നോട്ടുപോവുകയാണെന്നും ആ നില തുടര്‍ന്നാല്‍ അനതിവിദൂരഭാവിയില്‍ തന്നെ അവര്‍ വെള്ളംകോരികളും വിറകുവെട്ടികളുമായും മാറുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവസമൂഹം പരസ്പരം ആലിംഗനം ചെയ്തുനില്ക്കുന്ന മനുഷ്യമഹത്വത്തിന്റെ ഉന്നതമായ ചിന്ത അദ്ദേഹം പങ്കുവച്ചപ്പോള്‍ അത് കേരളത്തിന്റെ ഹൈന്ദവ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കല്ലായി. ദാര്‍ശനികനായ സ്വാമിജിയെ വിലയിരുത്തേണ്ടത് അവിടെയാണ്.
ഗുരുകടാക്ഷത്തിന്റെ അപൂര്‍വധന്യത ആവോളം ഏറ്റുവാങ്ങിയ സ്വാമി തന്റേതായതെല്ലാം ഹൈന്ദവ സമൂഹത്തിനായി സമര്‍പ്പിക്കുകയായിരുന്നു. ഒരേ സമയം ജ്ഞാനയോഗിയും കര്‍മയോഗിയുമായ ഒരു സംന്യാസി ശ്രേഷ്ഠനായിരുന്നു സത്യാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ ജീവിതകാലയളവിലെ പകുതിയിലേറെയും കേരളത്തിലെയും ഭാരതത്തിലെയും ഹിന്ദുസമൂഹത്തെ ഉണര്‍ത്തുന്നതിനുള്ള അവിശ്രമമായ കര്‍മതപസായിരുന്നു. ഹൈന്ദവ സമൂഹത്തിനുവേണ്ടി അദ്ദേഹം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും പലതും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുബാങ്ക് എന്ന അദ്ദേഹത്തിന്റെ ആശയം പിന്നീട് മറ്റ് പലരും അവരുടെ മതംചേര്‍ത്ത് പ്രയോഗിക്കുന്ന കാഴ്ചയ്ക്ക് വര്‍ത്തമാനകാലത്ത് നാം സാക്ഷ്യംവഹിച്ചു. കാലത്തിനുമുന്‍പേ നടന്ന കര്‍മയോഗിയായിരുന്നു അദ്ദേഹം.
ശ്രീരാമോപാസനയിലൂടെ ആത്മാരാമനായി മാറിയ ശ്രീ നീലകണ്ഠഗുരുപാദരാണ് സ്വാമിജിയുടെ ഗുരു. സമാനതകളില്ലാത്ത ഗുരുശിഷ്യബന്ധത്തിന്റെ എത്രയോ രോമാഞ്ചമണിയിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ‘പാദപൂജ’ എന്ന കൃതിയിലൂടെ സ്വാമിജി പങ്കുവയ്ക്കുന്നുണ്ട്. അഗാധമായ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ആദ്ധ്യാത്മിക സമസ്യകള്‍ക്ക് ഉത്തരം തേടിയത്. ഭൗതിക ശാസ്ത്രത്തെയും രസതന്ത്രത്തെയും അദ്ദേഹം വ്യാഖ്യാനിച്ചതിങ്ങനെയാണ്: ”പ്രപഞ്ചരഹസ്യം അറിയുന്നതിന് വസ്തുക്കളെ വിഘടിപ്പിച്ചാല്‍ മാത്രം പോര, അറിവും കൂടി വേണം. അറിവും വസ്തുവും എങ്ങനെ ഉണ്ടായി എന്നു കണ്ടുപിടിച്ചാലേ ശാസ്ത്രം പൂര്‍ത്തിയാവുകയുള്ളൂ.” ഇവിടെ അദ്ദേഹം ഭാരതീയമായ ചിന്തയുടെ സൂക്ഷ്മബോധത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ശാസ്ത്രത്തിന്റെ അന്വേഷണത്തിന് വഴിമുട്ടുമ്പോള്‍ അവിടെ വഴിവിളക്കായി പ്രകാശിക്കുന്നത് ഉപനിഷത് ദര്‍ശനങ്ങളാണ്. ഇക്കാര്യമാണ് സ്വാമിജി പരോക്ഷമായി പറഞ്ഞുവച്ചത്.
പ്രപഞ്ചവും വ്യക്തിയും എങ്ങനെ അഭേദമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സ്വാമിജിയുടെ വാക്കുകള്‍ നോക്കാം: ”പ്രപഞ്ചത്തെ മുഴുവന്‍ ഒറ്റശരീരവും ഏകചൈതന്യവുമായി ദര്‍ശിക്കുമ്പോഴുള്ള സ്വരൂപമാണ് വിരാട് സ്വരൂപം. ഈ അവസ്ഥയില്‍ പ്രപഞ്ചം മുഴുവനും കൂടി ഒരു ശരീരവും അഥവാ ക്ഷേത്രവും ആത്മാവ് ക്ഷേത്രജ്ഞനുമായിത്തീരും. വലുതായാലും ചെറുതായാലും ക്ഷേത്ര ക്ഷേത്രജ്ഞഭാവത്തിന് വ്യത്യാസമില്ല. ക്ഷേത്രജ്ഞനെ കൂടാതെ ക്ഷേത്രമെന്ന സങ്കല്പത്തിന് അര്‍ത്ഥമില്ല. ചൈതന്യം കൊണ്ടുപ്രവര്‍ത്തിക്കുന്ന ശരീരമേ ക്ഷേത്രമാകൂ. ചൈതന്യം നഷ്ടപ്പെട്ടാല്‍ പിന്നെ അത് ജഡമാകും.”
ഭാരതത്തിന്റേതുമാത്രമായ ഗുരുസങ്കല്പത്തെ സ്വാമിജി വ്യാഖ്യാനിച്ചത് ”ധര്‍മ്മബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം.” എന്നാണ്. ധര്‍മ്മത്തിന്റെ അടിസ്ഥാനശിലയിലാണ് ഭാരതീയ ഗുരുപരമ്പര നിലകൊള്ളുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ദൈവത്തിലേക്കുള്ള മാര്‍ഗം പോലും ഗുരുവിലൂടെയാണ്. ഗുരുവിന്റെ പാദധൂളി മൂര്‍ധാവിലണിഞ്ഞ ശിഷ്യനുമാത്രമേ ഗുരുത്വത്തിന് ഇങ്ങനെയൊരു നിര്‍വചനം നല്‍കാനാവൂ.
9249752890
പ്രതികരിക്കാൻ ഇവിടെ എഴുതുക: