ചീഫ്സെക്രട്ടറി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് രക്ഷയായില്ല. ഇനി നടക്കാന്‍പോകുന്നതെന്തെന്ന് സെപ്തംബര്‍ 27ന് അറിയാം. മരട് ഫ്ളാറ്റാണ് പ്രശ്നം. ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ട് മാസങ്ങളായി. ഇത്തരം വിധികളൊക്കെ മറികടക്കാവുന്നതേയുള്ളൂ എന്ന മട്ടിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ശബരിമലയില്‍ യുവതീ പ്രവേശനവിഷയത്തില്‍ കൈക്കൊണ്ട ജാഗ്രത ഫ്ളാറ്റ്വിഷയത്തില്‍ എന്തേ കണ്ടില്ലെന്ന് ആരും ചോദിക്കരുത്. ശബരിമലഭക്തരോട് സര്‍ക്കാര്‍കാട്ടിയ ക്രൂരതയല്ലെ, തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന പ്രഹരങ്ങളെന്ന് ആരെങ്കിലും വിചാരിച്ചെങ്കില്‍ തെറ്റുപറയാനാവില്ല.
ഫ്ളാറ്റ് പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവുന്നപണിയെല്ലാം ചെയ്തതാണ്. സര്‍വകക്ഷിയോഗം വിളിച്ച് പൊതുവികാരം പൊളിക്കലിന് എതിരാണെന്ന ധാരണപരത്തി. ഇതൊക്കെ ഏശുമോ സുപ്രീംകോടതിയില്‍? ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ചോദിച്ചു: ”പ്രകൃതിയോടാണോ നിങ്ങള്‍ കളിക്കുന്നത്. തീരദേശത്ത് അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്താണവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി നിശ്ചയിക്കും.” ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകള്‍ കേട്ടശേഷം സുപ്രീം കോടതിയില്‍നിന്നും ചീഫ്സെക്രട്ടറി ടോം ജോസ് നടന്നുവരുമ്പോഴുള്ള ശരീരഭാഷ എത്ര ആവര്‍ത്തിച്ചുകണ്ടാലും ബോറടിക്കില്ല. അടിയും കൊണ്ടു പുളിയും കുടിച്ചു എന്നുപറഞ്ഞാല്‍ മതിയല്ലോ. ചീഫ് സെക്രട്ടറി മാപ്പുപറയുക എന്നാല്‍ കേരളം മാപ്പുപറഞ്ഞതുതന്നെ. നാണവും മാനവുമുണ്ടെങ്കില്‍ അധികാരം വിട്ടൊഴിയേണ്ടതായിരുന്നു.
ചീഫ്സെക്രട്ടറി ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടോംജോസ് സുപ്രീം കോടതിയിലെത്തിയത്. ഹാജരാകേണ്ടിവരില്ലെന്ന വക്കീലിന്റെ വാക്കുകേട്ട് കോടതിയില്‍ പിറകിലിരുന്ന ടോം ജോസിനെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ശാസനം നല്‍കിയത്. മരടിലെ ഫ്ളാറ്റുകള്‍ നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെയാണ് പണിതത്. അനുമതി ലഭിക്കാന്തന്നെ കോടികള്‍ മാറിമറഞ്ഞു എന്നത് നേരാണ്. തീരദേശപരിപാലന അതോറിറ്റിയുടെ അനുമതിപോലും വാങ്ങാതെയുള്ള നിര്‍മ്മിതികള്‍ വര്‍ഷങ്ങളെടുത്താണ് പണിതത്. അത് പണിയുമ്പോള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ആര്‍ക്കും മനസ് വന്നില്ലെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്. കെട്ടിടം പൊളിച്ചതുകൊണ്ടുമാത്രം പ്രശ്നംതീരാന്‍ പോകുന്നില്ല.
അവിടെ ഫ്ളാറ്റ് സ്വന്തമാക്കിയവര്‍ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. അതോടെ ഫ്ളാറ്റ് ഒഴിയാനുള്ള നഗരസഭയുടെ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ തിരിച്ചടിയും കിട്ടി. സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. പൊളിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു. 30 കോടി രൂപ പൊളിക്കലിന് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 13 കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിക്കുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് ഹാജരായത്. വക്കീലിനോടല്ല ചീഫ് സെക്രട്ടറിയോടാണ് തനിക്ക് സംസാരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ പണിയെല്ലാം പാളുകയായിരുന്നു. എപ്പോള്‍ പൊളിക്കുമെന്ന് സത്യവാങ്മൂലത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മിശ്രയോട് വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വക്കീല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബാക്കി കാര്യം അന്നുപറയാമെന്ന് കോടതി വ്യക്തമാക്കി. ഈ വെള്ളിയാഴ്ച എന്തുസംഭവിക്കുമെന്ന് കാണാന്‍ പോകുന്നു. കേസ് തോറ്റാലും ജയിച്ചാലും വക്കീല്‍ഫീസില്‍ കുറവൊന്നുമില്ല. തിങ്കളാഴ്ച 15 ലക്ഷമായിരുന്നു ഫീസ്. വെള്ളിയാഴ്ചയും അത്രതന്നെ വേണം. പഞ്ഞപ്പാട്ട് പാടുന്ന കേരളത്തിന്റെ ഖജനാവ് ചോരുന്നതിന്റെ വഴികള്‍ ഇങ്ങനെയൊക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: