‘ഇന്ത്യയില്‍ ചില താല്‍ക്കാലിക പ്രതിസന്ധികളുണ്ട്, ഏതൊരു രാജ്യത്തും സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്ന പ്രശ്നം. നാളെകളില്‍ ഉണ്ടാവാന്‍ പോകുന്ന വലിയ കുതിപ്പിനുള്ള ഒരുക്കമായി അതിനെ കണ്ടാല്‍ മതി. രാജ്യത്തിന്റെ സമ്പദ്ഘടന സുശക്തമാണ്, ഒരുപക്ഷെ ലോകത്തിലെ പല വികസിത രാജ്യങ്ങള്‍ക്കുമൊപ്പമാണ് ഇന്നിപ്പോള്‍ ഇന്ത്യ. അതുകൊണ്ട് ആശങ്കയ്ക്ക് വകയില്ല, വരാനുള്ളത് നല്ല നാളുകള്‍ തന്നെ’… ഏതാനും ദിവസം മുന്‍പ് രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിക്കവേ ഇതേ പേജില്‍ ഞാന്‍ എഴുതിയ വരികളാണിത്. അത് യാഥാര്‍ഥ്യമാവുന്നു എന്നതാണ് കഴിഞ്ഞ വെള്ളിയാഴ്ച ഗോവയില്‍ വെച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി പരിഷ്കരണം കാണിച്ചുതരുന്നത്.
യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സമ്പദ്മേഖലയെ സംബന്ധിച്ചിടത്തോളം ദീപാവലിക്ക് മുന്‍പേ കയറിവന്ന ഒരു ദീപാവലിയായിരുന്നു അത്. ഒരൊറ്റ ദിവസംകൊണ്ട് നമ്മുടെ ഓഹരിവിപണി കുതിച്ചുയരുന്നതാണ് കണ്ടത്… മാത്രമല്ല, കോര്‍പ്പറേറ്റ് നികുതിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയുമാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരിക്കലും ആശങ്കയ്ക്ക് വകയില്ലെന്ന് പറയാന്‍ കഴിയുന്നതെന്ത് കൊണ്ടാണ്? മൂന്ന് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇക്കാര്യത്തിലുള്ളത്.
ഒന്ന്: എന്തുകൊണ്ടാണ് നരേന്ദ്രമോദിയില്‍ ഇത്രയേറെ വിശ്വാസം അര്‍പ്പിക്കുന്നത്? പലരും ചോദിക്കുന്ന ചോദ്യമാണിത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും രാജ്യ താല്പര്യം മാത്രം നോക്കിയാണ്. മറ്റൊരു ഘടകവും ആ തീരുമാനങ്ങളെ അലട്ടുന്നില്ല. സ്വാഭാവികമായും ആ കാഴ്ചപ്പാടും നിലപാടും അദ്ദേഹം നേതൃത്വം നല്കുന്ന സര്‍ക്കാരിലുമുണ്ടാവുമല്ലോ. അത് സമ്പദ്ഘടനയുടെ കാര്യത്തില്‍ മാത്രമല്ല എന്നതും പറയേണ്ടതുണ്ട്. ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്റെ ഭരണകൂടം സ്വീകരിച്ച പ്രധാന തീരുമാനങ്ങള്‍ വിലയിരുത്തൂ… എന്‍ആര്‍സി, കശ്മീര്‍, മുത്തലാഖ്, കോര്‍പ്പറേറ്റ് നികുതി പരിഷ്കരണം. ഒന്നാം മോദിസര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് ജിഎസ്റ്റി, നോട്ട് റദ്ദാക്കല്‍, കള്ളപ്പണത്തിനെതിരെ ശക്തമായ നീക്കം, ആധാര്‍ അധിഷ്ഠിതമായി പലതും ചെയ്തത്. ഇതൊക്കെ വേണ്ടതാണെന്ന് അറിയാത്തവരില്ല. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഒരു നിലപാടെടുക്കാന്‍, നിയമം കൊണ്ടുവരാന്‍ പലര്‍ക്കും പലപ്പോഴും ധൈര്യമുണ്ടായിരുന്നില്ല. അവിടെയും അവരെയൊക്കെ അലട്ടിയിരുന്നത് ഭാവി സംബന്ധിച്ച ചിന്തകളാണ്. വോട്ടുബാങ്ക് അതിലൊരു പ്രധാനഘടകവുമാണ്. എങ്ങനെയാണ് അത് പാര്‍ട്ടിയെ ബാധിക്കുക, സര്‍ക്കാരിന്റെ പ്രതിച്ഛായ ഇതൊക്കെക്കൊണ്ട് മോശമാവുമോ, അതിലൊക്കെയുപരി ഇത്തരം തീരുമാനങ്ങള്‍ വ്യക്തിപരമായി എങ്ങനെയാണ് ചിത്രീകരിക്കപ്പെടുക. ഇങ്ങനെ അനവധി പ്രശ്നങ്ങള്‍ മുന്നില്‍ തലയുയര്‍ത്തി നില്ക്കുമ്പോള് തീരുമാനമെടുക്കുക ഏറെ പ്രയാസകരമാവുന്നത് സ്വാഭാവികം. പക്ഷെ അവിടെ വ്യക്തതയും കാഴ്ചപ്പാടും നരേന്ദ്രമോദിക്കുണ്ടായിരുന്നു. സംഘടനാപരമായ ആശയ വ്യക്തതയാണ് ഇവിടെ അദ്ദേഹത്തെ തുണച്ചത്. ദിശ ഏതെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍, പിന്നെ എടുക്കേണ്ട നിലപാടിനെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. തീരുമാനമെടുക്കുന്നത് തനിക്കുവേണ്ടിയല്ല, തന്റെ ആദര്‍ശത്തിനും പ്രസ്ഥാനത്തിനും കാഴ്ചപ്പാടിനും സര്‍വോപരി രാഷ്ട്രത്തിന് വേണ്ടിയാണെന്നും മനസിലാക്കുമ്പോള്‍ എല്ലാ പ്രശ്നവും തീരും. ഒരര്‍ഥത്തില്‍ അദ്ദേഹത്തിന് നൂറുശതമാനം സംഘസംസ്കാരത്തിലൂന്നിയ കാഴ്ചപ്പാടുണ്ട് എന്നതുതന്നെ പ്രധാന കാരണം.
രണ്ട്: എന്തുകൊണ്ടാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ എപ്പോഴും വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്? ഉത്തരം വളരെ ലളിതമാണ്. ഇവിടെ ഈ രംഗത്ത് ചില പ്രശ്നങ്ങളുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതൊരു പ്രശ്നമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു എന്നതാണ് പ്രധാനം. രോഗം ഉണ്ട്, എന്നാല്‍ അത് തിരിച്ചറിഞ്ഞില്ലെങ്കിലോ? രോഗം തിരിച്ചറിയുമ്പോള്‍ ചികിത്സിക്കാന്‍ കഴിയുന്നു. അതാണിപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും. ശരിയാണ്, ഈ രംഗത്തെ ചികിത്സയും ഒരു ചിലവേറിയ കാര്യമാണ്. വെറുതെ പ്രശ്നം പരിഹൃതമാവുകയില്ല. ആ ചിലവ് വഹിക്കാന്‍ സര്‍ക്കാരിനിന്ന് കഴിയുന്നു എന്നതും കാണേണ്ടതുണ്ട്. ആരോടും കെഞ്ചേണ്ട അവസ്ഥയൊന്നും ഇന്ത്യക്കില്ല.
ഇന്ത്യയില്‍ ആദ്യപാദത്തില്‍ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായതാണ് പലരുടെയും ഉറക്കം കെടുത്തിയത്. ഏതൊരു രാജ്യത്തും ആദ്യപാദങ്ങളില്‍ അതൊക്കെ സംഭവിക്കാറുണ്ട്. ഇത് ആദ്യപാദമാണ് എന്ന തിരിച്ചറിവാണ് ഇവിടെ വേണ്ടത്. മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആദ്യപാദത്തില്‍ ഇത്തരത്തില്‍ അഞ്ചും അതില്‍ താഴെയും വളര്‍ച്ച നേടിയ കാലമുണ്ടായിരുന്നല്ലോ. അത് ചവിട്ടുപടിയാണ്, അവിടെനിന്ന് മുകളിലേക്ക് കയറാനാവുകതന്നെ ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് ആശങ്ക. മറ്റൊന്ന്, ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ്. അമേരിക്കയും ചൈനയും സിംഗപ്പൂരുമൊക്കെ ഇതുപോലുള്ള അല്ലെങ്കില്‍ ഇതിനേക്കാള്‍ ഭയാനകമായ വെല്ലുവിളികളെയാണ് നേരിടുന്നത്. ചൈന ഇന്നിപ്പോള്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ പിന്നിലാണ്. അതൊക്കെ മറന്നുകൊണ്ടാണ് പലരും മോദിസര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്നാല്‍ ഇന്ത്യക്കിന്ന് ശക്തമായ നേതൃത്വമുണ്ട്, ശക്തമായ അടിത്തറയുണ്ട്. അതുമതി ഒരു രാജ്യത്തിന് പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍.
മൂന്ന്: എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു നികുതി ഏകീകരണം, അതും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നടത്തിയത്? കോണ്‍ഗ്രസുകാര്‍ ഈ ആക്ഷേപം ഉന്നയിച്ചത് കണ്ടു. ഇവിടെ ഓര്‍ക്കേണ്ടത്, നികുതി പരിഷ്കരണം സര്‍ക്കാരിന്റെ അജണ്ടയിലുള്ള പുതിയ കാര്യമല്ല. കോര്‍പ്പറേറ്റ് നികുതികള്‍ കൂടുതലാണ് എന്നത് എല്ലാ സര്‍ക്കാരുകളും അംഗീകരിച്ചിരുന്നു. അത് കുറയ്ക്കാന്‍ പലരും ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതുപോലൊരു ഏകീകരണം ആര്‍ക്കും സാധ്യമായിരുന്നില്ല. അതിന് പ്രധാന കാരണം, ഈ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടന അത്രയേറെ കരുത്തുറ്റതായതാണ്. ഇത്തരം പരിഷ്കരണങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ ഖജനാവ് കാലിയാവുമോ, നിലനില്‍പ്പ് പ്രതിസന്ധിയിലാവുമോ എന്നതൊക്കെ മുന്‍പ് പലര്‍ക്കും തോന്നിയിരിക്കാം. ഇവിടെ മോദിയുടെ മുന്നില്‍ അത്തരമൊരു പ്രതിസന്ധിയില്ല. അതുകൊണ്ട് ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നു. എന്തെങ്കിലും വീഴ്ചകളുണ്ടായാല്‍ അതിനെ തരണം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്.
ഓരോ സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുക എന്നതാണല്ലോ ഒരു നല്ല സര്‍ക്കാരിന്റെ ലക്ഷണം. ഇപ്പോള്‍ കുറച്ചത് അല്ലെങ്കില്‍ പരിഷ്കരിച്ചത് കോര്‍പ്പറേറ്റ് നികുതികളാണല്ലോ. ഇക്കാര്യത്തില്‍ വികസിക്കുന്ന രാജ്യങ്ങളില്‍, ലോകത്തില്‍ ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്തുണ്ടായിരുന്നത് 34 ശതമാനമാണ്. ചൈനയില്‍ അത് 25 ശതമാനം. മാത്രമല്ല അവര്‍ ചെറുകിട മേഖലക്ക് പത്ത് മുതല്‍ 20% വരെ ഇളവും കൊടുത്തിരുന്നു. അമേരിക്കയില്‍ അത് 21% ആണ്. സിംഗപ്പൂരില്‍ 17 ശതമാനവും. നിക്ഷേപകരോട് കൂടുതല്‍ സൗഹൃദപരമാവണം എന്നതാണ് എല്ലാവരുടെയും പൊതുവായ ചിന്ത. മറ്റൊരു കണക്കുപ്രകാരം ലോകത്ത് ഏറ്റവും കുറവ് കോര്‍പ്പറേറ്റ് നികുതിയുള്ള രാജ്യങ്ങളില്‍ ഇതോടെ ഇന്ത്യയും ഉള്‍പ്പെടുന്നു. പുതുതായി തുടങ്ങുന്ന കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഇനി 15% ആണ് കോര്‍പ്പറേറ്റ് നികുതി. സിംഗപ്പൂര്‍ ആണ് ഈ നിരക്ക് നിലനിര്‍ത്തുന്ന ഒരു രാജ്യം.
ഇന്ത്യ ഇന്നിപ്പോള്‍ ഒരു ‘എഫ്ഡിഐ ഡെസ്റ്റിനേഷന്‍’ ആണ്, അതായത് വിദേശ മുതലാളിമാര്‍ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന്. എന്നാല്‍ ഇത് പ്രയോജനപ്പെടുത്താനായി നമുക്ക് നികുതിനിരക്കുകള്‍ പരിഷ്കരിക്കാനായിരുന്നില്ല. ജിഎസ്റ്റി നിലവില്‍ വന്നതോടെ അത്തരം പൊല്ലാപ്പുകള്‍ ഒഴിവായി. തൊഴില്‍നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി, ലൈസന്‍സ് രാജ് എന്നൊക്കെ പണ്ട് പറഞ്ഞതില്‍നിന്ന് കുറെയേറെ മോചിതരായി. ഈ വലിയ മാറ്റങ്ങളൊക്കെയുണ്ടായത് മോദിസര്‍ക്കാരിന് കീഴിലാണ് എന്നതുമോര്‍ക്കുക. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസമുണ്ടായ കോര്‍പ്പറേറ്റ് നികുതി പരിഷ്ക്കരണം.
ഇന്നിപ്പോള്‍ ലോകത്ത് ഒരു വലിയ യുദ്ധം നടക്കുകയാണ്. ‘ട്രേഡ് വാര്’ എന്നാണ് അതിനെ പലരും വിശേഷിപ്പിക്കുന്നത്. ഒരുഭാഗത്ത് അമേരിക്ക, പിന്നെ ചൈനയും. രണ്ടുകൂട്ടരും അവരവരുടെ വാണിജ്യ-വ്യവസായിക താല്പര്യങ്ങള് സംരക്ഷിക്കാനായി പരസ്പരം ഏറ്റുമുട്ടുന്നു. അത് അവരെ മാത്രമല്ല ബാധിച്ചത്. ചൈനയില്‍ വന്‍തോതില്‍ നിക്ഷേപിച്ച യുഎസ് കമ്പനികള്‍ക്ക് അടച്ചുപൂട്ടേണ്ട അവസ്ഥയായി. ചിലവ് ചുരുങ്ങുന്നു, തൊഴിലാളി പ്രശ്നമില്ല, നികുതി സംബന്ധിച്ച തലവേദനയില്ല എന്നതൊക്കെയായിരുന്നു ചൈനയിലേക്ക് യുഎസ് കമ്പനികളെ ആകര്‍ഷിച്ചത്. അവരില്‍ പലരുമിപ്പോള്‍ വേറെ സുരക്ഷിത താവളം തേടുന്നു. ഇവരില്‍ðകുറേപ്പേരെ ഇന്ത്യയിലേക്ക് എത്തിക്കണം എന്നതാണ് മോദിസര്‍ക്കാരിന്റെ തീരുമാനം. ഇന്‍ഡോ-അമേരിക്കന്‍ ബന്ധങ്ങള്‍ നല്ല നിലക്കായതിനാല്‍ അത് കുറെയൊക്കെ മുന്നോട്ട് പോവുകയും ചെയ്യും.
ഇപ്പോള്‍ ഈ പ്രഖ്യാപനമുണ്ടായത് നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം കൂടി കണക്കിലെടുത്താണ്. അമേരിക്കന്‍ ബിസിനസ് സമൂഹവുമായിട്ടുള്ള ഇടപെടല്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ‘ചൈനയില്‍നിന്ന് എവിടേയ്ക്ക്’ എന്ന് ചിന്തിക്കുന്ന അമേരിക്കന്‍ വ്യവസായികള്‍ക്ക് വാതില്‍ തുറന്നിടുക മോദിതന്നെയാവും. അതാണ് യഥാര്‍ഥത്തില്‍ ഇപ്പോള്‍ കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: