അടുത്ത 4 സൂത്രങ്ങളോടെ ബ്രഹ്മസ്വരൂപത്തെ പറയുന്ന പ്രകൃതൈതാവത്വാധികരണം സമാപിക്കും.
സൂത്രം – ഉഭയ വ്യപദേശാത്ത്വഹി കുണ്ഡലവത്
രണ്ടു വിധത്തിലും ശ്രുതിയില്‍ പറയുന്നതാകട്ടെ പാമ്പ് ചുരുണ്ടു കിടക്കുന്നതു പോലെയാണ്.
ബ്രഹ്മത്തെക്കുറിച്ചുള്ള പ്രഖ്യാപനം പാമ്പ് ചുരുണ്ടു കിടക്കും പോലെയോ നീണ്ട് കിടക്കും പോലെയോ രണ്ട് തരത്തില്‍ പറയുന്നത് പോലെയാണ്. എങ്ങനെയായാലും പാമ്പിനെക്കുറിച്ചാണ് പറയുന്നത്.
ആത്മാവിനെ ശ്രുതിയില്‍ രണ്ട് തരത്തില്‍ പറഞ്ഞു കാണുന്നു. ഉപാസ്യന്‍ എന്ന നിലയില്‍ ആത്മാവെന്നും ഉപാസകന് എന്ന നിലയില്‍ ജീവന് എന്നും പറയുന്നു.
പരമാത്മാവ് ജീവാത്മാവിനെ നിയന്ത്രിക്കുന്നു എന്ന തരത്തിലുള്ള വാക്യങ്ങളും കാണാം.
ഇനി തത്ത്വമസി, അഹം ബ്രഹ്മാസ്മി എന്ന വിധത്തില്‍ അഭേദം പറയുന്ന വാക്യങ്ങളും ഉള്ളത് കാണുമ്പോള്‍ ആത്മാവ് രണ്ടോ മൂന്നോ എന്ന് സംശയമുണ്ടാകാം.എന്നാല്‍ അത് പാമ്പ് ചുരുണ്ട് കിടക്കും പോലെ എന്നുള്ള തരത്തില്‍ കരുതിയാല്‍ മതി. പാമ്പ് ചുരുണ്ട് കിടക്കുമ്പോഴും പത്തി വിടര്‍ത്തി ഇഴഞ്ഞ് പോകുമ്പോഴും രണ്ട് തരമെന്ന് തോന്നാം. എന്ന് അത് ഒരേ പാമ്പ് തന്നെയാണ്.
ഇതു പോലെയാണ് ഉപാധിസംബന്ധം കൊണ്ട് ആത്മാവിന് ഭേദമുണ്ടെന്ന് തോന്നുന്നത്.
ബ്രഹ്മവും അതിന്റെ ശക്തിയായ പ്രകൃതിയും ഒന്നു തന്നെയാണോ അഥവാ രണ്ടു തരത്തിലോ എന്ന് നിരൂപിക്കുന്ന ഇടമാണിത്.
പാമ്പ് ശാന്തനായി കിടന്നാലും പത്തി വിടര്‍ത്തി ചീറ്റിയാലും രണ്ട് തരമാണെങ്കിലും പാമ്പ് ഒന്ന് തന്നെ. ആദ്യ അവസ്ഥയില്‍ കാണാതിരുന്ന ശക്തി മറ്റേ അവസ്ഥയില്‍ പ്രകടമായി.
ബ്രഹ്മം കാരണരൂപത്തില്‍ ഇരിക്കുമ്പോള്‍ പ്രകൃതി അതില്‍ ലയിച്ചിരിക്കും കാര്യരൂപത്തിലാകുമ്പോള് നാമരൂപേണ പ്രപഞ്ചമായി പ്രകടമാകുന്നു.
കാരണബ്രഹ്മത്തെ നിര്വിശേഷമെന്നും കാര്യബ്രഹ്മത്തെ സവിശേഷമെന്നും പറയുന്നു. പുരുഷനില്‍ നിന്ന് വേറെയല്ല പ്രകൃതി.
സൂത്രം – പ്രകാശാശ്രയവദ്വാ തേജസ്ത്വാത്
ജീവാത്മാ പരമാക്കള്ക്ക് തേജഃ സ്വരൂപം തുല്യമായതിനാല്‍ പ്രകാശവും അതിന്റെ ആശ്രയവുമെന്നപോലെ അഭേദവും ഉണ്ടാകാം.
സൂര്യനും സൂര്യപ്രകാശവും തമ്മില്‍ ഭേദം പറയാന്‍ പറ്റില്ല. രണ്ടും തേജസ്വരൂപങ്ങളെന്ന നിലയില്‍ അവയെ വേറെ വേറെ കാണാനാകില്ല. അതിനാല്‍ രണ്ടും അഭേദമാണ് ഇതുപോലെ തന്നെയാണ് പരമാത്മാവും ജീവാത്മാവും തമ്മില്‍. അവ ഭിന്നങ്ങളല്ല.
സൂര്യനേയും പ്രകാശത്തെയും വേറെ പറയും പോലെ പുരുഷനേയും പ്രകൃതിയേയും വേറെ പറയാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഇവ ഒന്ന് തന്നെയെന്നറിയണം.
സൂത്രം – പൂര്വവദ്വാ
അല്ലെങ്കില്‍ മുമ്പ് പറഞ്ഞതുപോലെ തന്നെയാകും.
രണ്ടിന്റെയും അഭേദത്തെ ഗ്രഹിക്കണം.
നാല് സൂത്രം മുമ്പ് പ്രകാശാ ദിവത്… എന്ന സൂത്രത്തില്‍ പറഞ്ഞതു പോലെ എന്ന് പ്രകാശം മുതലായവയുടെ വ്യത്യാസമില്ലായ്മ എന്ന് ഇവിടെ അറിയണം. അവിദ്യ മൂലം ഉണ്ടെന്ന് തോന്നിയിരുന്ന ബന്ധം വിദ്യ കൊണ്ട് ഇല്ലെന്ന് അനുഭവപ്പെടുമ്പോള്‍ മോക്ഷം തന്നെയാകും ഫലം.
ബന്ധം കൊണ്ട് തോന്നുന്ന ഭേദം വാസ്തവത്തിലുള്ളതല്ല. അറിവില്ലായ്മ കൊണ്ടാണ് അവിദ്യയുണ്ടാകുന്നത്.
ബന്ധം സത്യമാണെന്ന് വന്നാല്‍ മോക്ഷ ശാസ്ത്രം കൊണ്ട് പ്രയോജനമുണ്ടാകില്ല. ഭേദവും അഭേദവും തുല്യമാണെന്ന് ശ്രുതി പറയുന്നുമില്ല. അഭേദത്തെയാണ് ശ്രുതി സ്വീകരിച്ചിട്ടുള്ളത്. പുരുഷനും ശക്തിയും തമ്മിലുള്ള അഭേദത്തേയും കണക്കിലെടുക്കണം.
സൂത്രം – പ്രതിഷേധാച്ച
പരമാത്മാവല്ലാതെ മറ്റ് ചൈതന്യമില്ലെന്ന് ശാസ്ത്രം പ്രതിഷേധിച്ചിരിക്കുന്നതിനാല്
മുമ്പ് പറഞ്ഞതു തന്നെയാണ് സിദ്ധാന്തം എന്ന് ഉറപ്പിക്കുന്നു.
ബൃഹദാരണ്യകത്തില്‍ ‘നാന്യോ/തോസ്തി ദ്രഷ്ടാ’-ഇവനില്‍ നിന്ന് അന്യനായി കാണുന്നവനില്ല എന്നും’ അഥാത ആദേശോ നേതി നേതി’- ഇതല്ല ഇതല്ല എന്നാകുന്നു ബ്രഹ്മത്തെ ഉപദേശിക്കുന്ന വാക്യം എന്നും പറയുന്നു.
ഇത്തരത്തില്‍ ബ്രഹ്മം നിര്‍ഗുണവും നിര്‍വിശേഷവും ഏകവും അദ്വയവുമാണെന്ന് ശ്രുതികള്‍ പറയുന്നു.
മറ്റുള്ളവയുടെ പ്രതിഷേധം കൊണ്ടും പ്രകൃതി പുരുഷന്മാരുടെ അഭേദത്തെ കാണണമെന്നും അര്‍ത്ഥം പറയാം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: