പരമാത്മാവായ തോണിയും അതിലെ നാവികനായ ഈശ്വരനും ചരാചരങ്ങളായ ഞങ്ങളെ കൈവിടാതെ കാത്തു കൊള്ളുക. അദ്വൈതദര്‍ശനത്തെ ആധാരമാക്കി ഗുരുദേവന് രചിച്ച ലളിതവും ഗഹനവുമായ പ്രാര്‍ഥനാഗീതം, ദൈവദശകം തുടങ്ങുന്നത് ഇങ്ങനെയാണ്. ജാതിമതഭേദങ്ങള്‍ക്കപ്പുറം ഇൗശ്വരനെ പ്രതിഷ്ഠിച്ചെഴുതിയ ദൈവദശകത്തില്‍ ഗുരുദേവന്റെ സത്യദര്‍ശനങ്ങള്‍ തെളിയുന്നു. ദൈവദശക വ്യാഖ്യാനങ്ങളിലൂടെ:
ദൈവമേകാത്തുകൊള്കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന് നീ ഭവാബ്ധിക്കൊ
രാവിവന്‍ തോണി നിന്‍പദം
സംസാരസമുദ്രത്തില്‍ അകപ്പെട്ടു പോയ ഞങ്ങളെ, ദൈവമേ നീ കാത്തുകൊള്ളണേ. നിന്റെ പാദങ്ങളാണ് ഞങ്ങള്‍ക്കു ശരണം. ജനനമരണദു:ഖമാകുന്ന മഹാസാഗരത്തിന്റെ അക്കരെയെത്തിക്കുന്ന ആവിക്കപ്പല്‍ നീയൊന്നു മാത്രമാണ്.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം
കാണാവുന്ന പ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ചാല്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാവുന്ന വസ്തുക്കള്‍ വെറും പ്രതീതി മാത്രമാണെന്ന് അറിയാനാകും. അപ്പോള്‍ ദൃക്ക് സ്വസ്വരൂപത്തില്‍ തന്നെ പ്രതിഷ്ഠിതമാകുന്നു. ദൈവത്തെ തിരയുന്ന അന്തരംഗം അതിനു തന്നെ അധിഷ്ഠാനമായുള്ളത് ദൈവമാണെന്നറിയുമ്പോള്‍ അദ്വൈത ദര്‍ശനം ലഭിക്കുന്നു.
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ
ഞങ്ങള്‍ക്കു തമ്പുരാന്
അന്നത്തിനും വസ്ത്രത്തിനും മുട്ടില്ലാതെ ഞങ്ങളെ കാത്തു പോരുന്ന അങ്ങ് തന്നെയാകുന്നു ഞങ്ങളുടെ രക്ഷിതാവ്.
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും
നീയുമെന്നുള്ളിലാകണം
മനുഷ്യനെ കടലിനോട് താരതമ്യം ചെയ്യുന്നു. കടലിലെ തിരയും കാറ്റും ആഴവും പോലെയാണ് ഞങ്ങളും. തിരയ്ക്കു തുല്യമായ മായയും, കാറ്റിനു തുല്യമായ ദൈവമഹിമയും, കടലിന്റെ ആഴം പോലെ അപ്രമേയമായ ദൈവവും എന്നു ഞങ്ങള്‍ക്കു ബോധ്യമാകണം. അതുകൊണ്ടുണ്ടാകുന്ന അദ്വൈതബുദ്ധിയാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകണം.
നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി
ക്കുള്ള സാമഗ്രിയായതും
സൃഷ്ടിക്കുന്ന ക്രിയയും സൃഷ്ടി നടത്തുന്ന കര്‍ത്താവും ദൈവമേ അങ്ങു തന്നെയാണ്. പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും അങ്ങു തന്നെയാണ്. സൃഷ്ടിക്കാവശ്യമായ സാമഗ്രികളും അങ്ങു തന്നെയാകുന്നു.
നീയല്ലോ മായയും മായാ
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി
സ്സായുജ്യം നല്കുമാര്യനും
അല്ലയോ, ദൈവമേ പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതനായ ശക്തി അങ്ങു തന്നെയാണ്. ആ ശക്തിയെ പ്രവര്‍ത്തിപ്പിക്കുന്ന മായാജാലക്കാരനും അങ്ങു തന്നെ. സൃഷ്ടി സ്ഥിതി ലീലകളില്‍ രസിക്കുന്നയാളും നീ തന്നെ. ഒടുവില്‍ എല്ലാ മായാ മോഹങ്ങളുമകറ്റി മോക്ഷം തരുന്നതും അങ്ങു തന്നെ.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ
ല്ലോതും മൊഴിയു-
മോര്‍ക്കില്‍ നീ
സത്യവും ജ്ഞാനവും ആനന്ദവും ദൈവമേ നീയാകുന്നു. ത്രികാലങ്ങളും നീതന്നെ. ലോകാനുഭവങ്ങള്‍ക്കൊക്കെ ആശ്രയമായ ശബ്ദവും അവിടുന്നാണ്.
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ ജയിക്കുക
അകവും പുറവും തിങ്ങി നിറഞ്ഞു നില്‍ക്കുകയാണ് അങ്ങയുടെ ദിവ്യരൂപം. അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു. എപ്പോഴുമങ്ങ് ജയിക്കണം.
ജയിക്കുക മഹാദേവ
ദീനാവന പരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ! ജയിക്കുക
ദേവന്മാരുടേയും ദേവനായ ദൈവമേ, അങ്ങ് വിജയിച്ചരുളണേ. ദീനമദീനരുടെ രക്ഷകനായ ദായാവാരിധേ അങ്ങ് ജയിച്ചരുളണേ.
ആഴമേറും നിന് മഹസ്സാ
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
ആഴമേറിയ, ജ്യോതിസ്സാകുന്ന കടലില്‍ ഞങ്ങള്‍ സമ്പൂര്‍ണമായി മുങ്ങണം. നിത്യവും അവിടെ അങ്ങ് വാഴണം. ആനന്ദം മാത്രം നിത്യതയായി അവശേഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: