ചെന്നൈ: ടിവി പരമ്പരയിൽ ലൈംഗികാതിക്രമം സംപ്രേഷണം ചെയ്തതിന് പ്രമുഖ തമിഴ് ചാനലായ സണ്‍ ടി.വിക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സില്‍ (ബി.സി.സി.സി). പിഴയ്‌ക്ക് പുറമെ 23 മുതല്‍ 28 വരെ ഒരാഴ്ചക്കാലം പരമ്പര തുടങ്ങുന്നതിനുമുമ്പായി ഖേദപ്രസ്താവന സ്‌ക്രീനില്‍ എഴുതിക്കാണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ചാനലിലെ ജനപ്രിയ സീരിയലായ ‘കല്യാണ വീടി’ന്റെ മെയ് 14, 15 തീയതികളില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡുകളെ അടിസ്ഥാനമാക്കിയാണ് കേസ്. പ്രതികാരം തേടി ഒരു സ്ത്രീ തന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍.
ഇതിനുശേഷം ജൂണ്‍ 28നു സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടവരുടെ ശിക്ഷാനടപടിയെന്ന തരത്തില്‍ പ്രാകൃത ശിക്ഷാദൃശ്യവും കാണിച്ചു. ഇതെല്ലാം കാഴ്ചക്കാരില്‍നിന്ന് വ്യാപക എതിര്‍പ്പിന് കാരണമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായി. തുടര്‍ന്നാണ് ബിസിസിസിക്ക് പരാതി നൽകിയത്.
ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐബിഎഫ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സീരിയല്‍ ലംഘിച്ചതായി കൗണ്‍സില്‍ കണ്ടെത്തി. വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ച കൗണ്‍സില്‍, ഇത്തരത്തിലുള്ള ദൃശങ്ങള്‍ അതിക്രമങ്ങളെ മഹത്വപ്പെടുത്തുന്നു. ഒപ്പം അശ്ലീലവും നീചവുമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കുന്നു എന്നും വിമര്‍ശിച്ചു.
കേസില്‍ സണ്‍ ടിവിക്ക് പുറമെ സീരിയല്‍ നിര്‍മാതാക്കളും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഇരു കൂട്ടരുടെയും വാദങ്ങൾ ബിസിസിസി അംഗീകരിച്ചില്ല.
















