നിങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുന്നു. ജീവിതത്തിലായാലും ലോകത്തു നടക്കുന്ന കാര്യങ്ങളിലായാലും താന്‍ ചിന്തിക്കുന്നതുപോലൊന്നും നടക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സന്തോഷം അവിടെ നഷ്ടമാകുന്നു.
അതിനു പരിഹാരമായി, നിങ്ങളുടെ ചിന്താരീതിയില്‍ സ്ഥിരത വരുത്തുക. കടന്നു പോകുന്ന സാഹചര്യങ്ങള്‍ എത്ര ഭീകരമാണെങ്കിലും അത് നിങ്ങള്‍ക്ക് രമ്യമായി കൈകാര്യം ചെയ്യാനാകും. ജീവിതത്തെ അങ്ങനെ രൂപപ്പെടുത്തിയവരും ഉണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്തുള്ള ഒരു സംഭവം ശ്രദ്ധയില്‍ പെടുത്താം. 1939 ല്‍ ഓസ്ട്രിയയില്‍ നടന്നതാണിത്. ഹിറ്റ്ലര്‍ ജൂതന്മാരെ പിടികൂടി തടവിലാക്കുന്ന കാലം. ഒരിക്കല്‍ ഹിറ്റ്ലറുടെ പട്ടാളക്കാര്‍ 17 അംഗങ്ങളുള്ള ഒരു സമ്പന്ന ജൂതകുടുംബത്തിലെത്തി. വലിയൊരു വീടായിരുന്നു. അവിടെ താസിച്ചിരുന്നവരെയെല്ലാം അവര്‍ തടവിലാക്കി, മുതിര്‍ന്നവരേയും കുട്ടികളേയും വേര്‍തിരിച്ച് പട്ടാളക്കാര്‍ കൊണ്ടു പോയി.
കൂട്ടത്തില്‍ 13 കാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളേയും എട്ടു വയസ്സുള്ള സഹോദരനേയും റെയില്‍വേ സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. ശീതകാലത്തിന്റെ തുടക്കമായിരുന്നു അത്. ഓസ്ട്രിയയില്‍ നല്ല തണുപ്പുണ്ടായിരുന്നു. സമ്പന്നതയില്‍ വളര്‍ന്ന കുട്ടികള്‍ മൂന്നു ദിവസം കൊടും തണുപ്പും സഹിച്ച് കഴിഞ്ഞു കൂടിയത് റെയില്‍വേ പ്ലാറ്റ്ഫോമില്‍. അച്ഛനമ്മമാരില്ല കൂടെ. ചുറ്റിലും തോക്കേന്തിയ സൈനികര്‍ മാത്രം. കുറച്ചു സമയത്തേക്കു മാത്രമേ അവര്‍ അസ്വസ്ഥരായുള്ളൂ. അതിനു ശേഷം അവര്‍ അവിടെയെല്ലാം ചുറ്റി നടന്ന് കാഴ്ചകള്‍ കാണാന്‍ തുടങ്ങി. അവിടെയുള്ള ആണ്‍കുട്ടികള്‍ ഫുട്ബാള്‍ കളിച്ചു തുടങ്ങി. മൂന്നു ദിവസത്തിനു ശേഷം സ്റ്റേഷനില്‍ ഒരു ഗുഡ്സ് ട്രെയിന്‍ വന്നു. അവിടെയുള്ളവരെയെല്ലാം അതിനകത്ത് തള്ളിക്കയറ്റി. അപ്പോഴാണ് അനുജന് ഷൂ ധരിച്ചില്ലെന്ന കാര്യം ചേച്ചിയുടെ ശ്രദ്ധയില്‍ പെട്ടത്. അതു കണ്ടപ്പോള്‍ അവള്‍ക്ക് ഭ്രാന്തു പിടിച്ചതു പോലെയായി. അവള് അവന്റെ ചെവിയില്‍ നുള്ളി. അവനെ അടിച്ചു. ശകാരിച്ചു. ഷൂസില്ലാതെ തണുപ്പില്‍ എങ്ങനെ ജീവിക്കുമെന്ന ചിന്തയാണ് അവളെ അസ്വസ്ഥയാക്കിയത്.
ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചു. അഞ്ചരവര്‍ഷത്തിനു ശേഷം പെണ്‍കുട്ടി തടങ്കലില്‍ നിന്ന് മോചിതയായി. തന്റെ സഹോദരനുള്‍പ്പെടെ കുടുംബാംഗങ്ങളാരും ജീവിച്ചിരിപ്പില്ലെന്ന് അവള് അറിഞ്ഞു. കുറ്റബോധത്തോടെ അവളോര്‍ത്തത് കുഞ്ഞനിയനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളായിരുന്നു. ആ അവസാന നിമിഷങ്ങളില്‍ അവനെ വേദനിപ്പിച്ചതോര്‍ത്ത് അവള് ഏറെ സങ്കടപ്പെട്ടു. ഷൂ കളഞ്ഞെന്ന പേരില്‍ അവന്റെ മുഖത്തടിച്ചതും ചെവിയില്‍ നുള്ളിയതുമെല്ലാം ഓര്‍മകളിലേക്ക് ഇരച്ചു കയറി. അന്ന് അവളൊരു ദൃഢനിശ്ചയമെടുത്തു. ഇന്നുമുതല്‍, ഞാന്‍ കാണുന്നത് ഏതു മുഖമായാലും അവരോട് പെരുമാറുന്നത് അവരുടെ അന്ത്യനിമിഷത്തിലെന്ന പോലെയായിരിക്കും. പിന്നീടതില്‍ ഖേദിക്കാന്‍ ഇടവരുത്തില്ല.
ഏതു ഭയാനക സാഹചര്യത്തിലും നിങ്ങള്‍ക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാനാകും. ചിലപ്പോഴത് സ്വര്‍ഗമാകാം. അല്ലെങ്കില്‍ നരകമാകാം. സ്വയം നരകം സൃഷ്ടിച്ചവരാണ് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളില്‍ തന്നെ ഒരു സ്വര്‍ഗം സൃഷ്ടിച്ചെടുക്കുന്നുവെങ്കില്‍, നിങ്ങള്‍ പരമാനന്ദത്തിലാണെങ്കില്‍ മറ്റെവിടെയെങ്കിലും പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തിന്? തെരുവിലൂടെ നടന്നു പോകുന്നയാള്‍ക്ക് കാറില്‍ പോകുന്നയാളെ കാണുമ്പോള്‍ അത് അസഹനീയമായി തോന്നും. നിങ്ങള്ളുടെ അയല്‍വാസിയോ, ബന്ധുക്കളോ, ശത്രുക്കളോ പരമാന്ദത്തില് കഴിയുകയാണെങ്കിലും നിങ്ങള്‍ അസ്വസ്ഥരാകും.
ഉള്ളിന്റെയുള്ളില്‍ ഓരോരുത്തരും ഓരോ സ്വര്‍ഗം സൃഷ്ടിച്ചെടുക്കുക. അസഹിഷ്ണുതയുള്ള അയല്ക്കാരന്, അയല്പക്കത്തെ ഒച്ചയുണ്ടാക്കുന്ന കുട്ടി തുടങ്ങി നിങ്ങളെ അലോസരപ്പെടുത്തുന്ന എല്ലാത്തിനേയും നിങ്ങളുടെ സ്വര്‍ഗത്തിലേക്ക് ചേര്‍ത്ത് വെയ്ക്കുക. ആ സ്വര്ഗത്തിന് നേര്‍ത്തതെങ്കിലും ഒരു പരിമളമുണ്ട്. ആനന്ദവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: