ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ഭാവങ്ങളെ ചര്‍ച്ച ചെയ്യുന്ന
ഉഭയലിംഗാധികരണം തുടരുന്നു.
സ്ത്രം – അപി ചൈവമേകേ
എന്ന് മാത്രമല്ല ഒരു ( ചില ) ശാഖക്കാര്‍ ഇപ്രകാരം തന്നെയെന്ന് പറയുന്നു. വാസ്തവത്തെ വ്യക്തമാക്കുന്നത് ഇക്കൂട്ടാണ്.
തൈത്തിരീയ ശാഖക്കാരാണ് അതിലെ മന്ത്രങ്ങളാല്‍ സഗുണ നിര്‍ഗുണബ്രഹ്മം ഒന്നാണെന്ന് പറയുന്നവരില്‍ പ്രമുഖര്‍.
ആത്മതത്വം നിര്‍ഗുണമാണെന്ന് ചില വിഭാഗക്കാര്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ചില
ഭേദവാദികള്‍ നിന്ദിച്ചും പറയുന്നുണ്ട്. കഠോപനിഷത്തില്‍ ‘മനസൈവേദമാപ്തവ്യം നേഹ നാനാസ്തി കിഞ്ചന മൃത്യോഃ സ മൃത്യു മാപ്നോതി യ ഇഹ നാനേവ പശ്യതി ‘ – ആത്മാവില്‍ നാനാത്വമില്ലെന്നും ഉപാധിയുമായിരിക്കുമ്പോഴും അത് ഏകമാണെന്നും മനസ്സ് കൊണ്ട് തന്നെ ചിന്തിച്ചറിയണം.
എന്നാല്‍ ചിലയാളുകള്‍ക്ക് ഭേദബുദ്ധി മൂലം പല തെന്ന തോന്നലാണുണ്ടാവുക. ഇങ്ങനെ നാനാത്വമുണ്ടെന്ന കരുതുന്നവര്‍ മരണത്തില്‍ നിന്ന് മരണത്തിലേക്ക് പോകും.അവര്‍ക്ക് ജനന മരണ സ്വരൂപമായ സംസാരത്തില്‍ കിടന്നുഴ ലേണ്ടിവരും.
ശ്വേതാശ്വതരത്തില്‍ ‘ഭോക്താഭോഗ്യം പ്രേരിതാരം ച മത്വാ സര്‍വം പ്രോക്തം ത്രിവിധം ബ്രഹ്മമേതത് ‘ – ഭോക്താവായ ജീവനും ഭോഗ്യമായ ജഗത്തും നിയന്താവായ ഈശ്വരനും – ഇങ്ങനെ മൂന്ന് വിധത്തില്‍ പറയുന്നത് ഒരേ ബ്രഹ്മത്തെയാണ്.ബ്രഹ്മം നിര്വികല്പവും ഏകവും അദ്വയവുമാണ്. ഇവയൊക്കെ അതിന്റെ വിവിധ ഭാവങ്ങള്‍ മാത്രം. തൈത്തിരിയോപനിഷത്തില്‍ സത്യം, ജ്ഞാന, അനന്ത ലക്ഷണലക്ഷണങ്ങളോടെയാണ് നിര്‍ഗുണ ബ്രഹ്മത്തെ വര്‍ണ്ണിച്ചത്.പിന്നീട് ആ ബ്രഹ്മം ജഗത്തായതെന്നും എല്ലാം ബ്രഹ്മത്തിലാണ് ലയിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.
സൂത്രം-അരൂപവദേവ ഹിതത് പ്രധാനത്വാത്
രൂപമില്ലാത്ത ബ്രഹ്മം തന്നെയാണ് അറിയപ്പെടേണ്ടത് എന്തെന്നാല്‍ അതിനെയാണ് ശ്രുതികള്‍ പ്രധാനമായി ഉപദേശിക്കുന്നത് എന്നതിനാലാണ്. ബ്രഹ്മം നിര്ഗുണനിരാകരരൂപം തന്നെയെന്ന് അറിയണം എന്തുകൊണ്ടെന്നാല്‍ അതിനാണ് ശ്രുതികളില്‍ പ്രാധാന്യം കൊടുക്കുന്നത്.
ബൃഹദാരണ്യകത്തില്‍ ‘അസ്ഥൂലമനണ്വഹ്രസ്വമദീര്‍ഘം’സ്ഥൂലമോ അണുവോ ഹ്രസ്വമോ ദീര്‍ഘമോ അല്ലാത്തതാണ് ബ്രഹ്മം എന്നും ‘തദേതദ്ബ്രഹ്മ അപൂര്‍വ്വ മനപരമന്തരമബാഹ്യമയമാറ്റമാബ്രഹ്മ സര്വ്വാനുഭൂഃ ‘-എല്ലാറ്റിനേയും അനുഭവിക്കുന്ന ഈ പ്രത്യഗാത്മാവ് മുമ്പ് കാരണമില്ലാത്തതും പിന്നീട് കാര്യമില്ലാത്തതും തന്നില്‍ നിന്ന് അന്യമല്ലാത്തതും ആകുന്നു. ആ ആത്മാവ് തന്നെയാണ് ബ്രഹ്മം എന്നും പറയുന്നു.
കഠോപനിഷത്തില്‍ ‘അശബ്ദമസ്പര്ശമരൂപ വ്യയം ‘ – ശബ്ദം, സ്പര്‍ശം, രൂപം, നാശം എന്നിവയൊന്നും ഇല്ലാത്തതായി ബ്രഹ്മത്തെ പറയുന്നുണ്ട്.
ഛാന്ദോഗ്യത്തില്‍ ‘ആകാശോ വൈ നാമ നാമരൂപയോര്ന്നിര്വഹിതാ തേ യദന്തരാ തദ് ബ്രഹ്മ – ആകാശമാണ് നാമരൂപങ്ങളെ വഹിക്കുന്നത്. ആ നാമരൂപങ്ങള്‍ ഏതൊന്നില് ഇല്ലയോ അതാണ് ബ്രഹ്മം എന്ന് വ്യക്തമാക്കുന്നു.
മുണ്ഡകത്തില്‍ ‘ ദിവ്യോഹ്യമൂര്‍ത്തഃ പുരുഷ: സ ബാഹ്യാഭ്യന്തരോഹ്യജഃ- ദിവ്യനും ആകൃതിയില്ലാത്തവനും അകത്തും പുറത്തുമുള്ളവനും ജനിക്കാത്തവനുമാണ് ബ്രഹ്മം എന്ന് പറയുന്നു.
ഇത്തരത്തിലുള്ള നിരവധി വാക്യങ്ങള്‍ കൊണ്ടാണ് ശ്രുതിയില്‍ ബ്രഹ്മത്തെ പ്രധാനമായി ഉപദേശിക്കുന്നത്.ബ്രഹ്മസൂത്രത്തിലെ തത്തുസമന്വയാത് എന്ന നാലാം സൂത്രം കൊണ്ട് ഇത് സമര്‍ത്ഥിച്ചിട്ടുമുണ്ട്. എന്നാല്‍ സഗുണ സകാര രൂപത്തില്‍ ബ്രഹ്മത്തെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം ഉപാസനയ്ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കണം. ബ്രഹ്മത്തിന് എന്തിനാണ് രൂപം കല്‍പ്പിച്ചിരിക്കുന്നതെന്ന് ഈ ശ്ലോകം കൊണ്ട് അറിയാം.
‘ചിന്മയസ്യാദ്വിതീയസ്യ
നിര്ഗുണസ്യാശരീരണഃ
ഉപാസകാനാം കാര്യാര്‍ത്ഥം
ബ്രഹ്മണോ രൂപകല്പനാ’
ചിന്മയവും അദ്വിതീയവും നിര്‍ഗുണവും ശരീരമില്ലാത്തതുമായ ബ്രഹ്മത്തിന് രൂപം കല്ലിക്കുന്നത് ഉപാസകര്‍ക്ക് നന്നായി ഉപാസിക്കാന്‍ വേണ്ടി മാത്രമാണ്.
നിര്‍ഗുണബ്രഹ്മത്തെ പോലെ തന്നെ സഗുണ ബ്രഹ്മ വര്‍ണ്ണനയ്ക്കും പ്രാധാന്യമുണ്ട് എന്നൊരു പക്ഷവും ഈ സൂത്രവുമായി ബന്ധപ്പെട്ട് പറയുന്നുണ്ട്. സഗുണവും നിര്‍ഗുണവുമായ രണ്ടും വര്‍ണ്ണിക്കുമ്പോള്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ പ്രാധാന്യമില്ല. രണ്ടും തുല്യ പ്രാധാന്യമുള്ളതു തന്നെ. രണ്ടു വര്‍ണ്ണനകളും ഒന്നിനെക്കുറിച്ച് തന്നെ എന്നറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: