കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പെയ്ഡ് വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് ആരോപണം. 2021 തെരഞ്ഞടുപ്പിനു മുന്നോടിയായി ടിഎംസി അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ഐപിഎസിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
ഡാര്‍ജിലിങ് ക്രോണിക്കിള്‍ എന്ന മാധ്യമം പ്രസിദ്ധീകരിച്ച് ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതില്‍ ഐപിഎസി ടിഎംസിക്കുവേണ്ടി സമൂഹ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐപിഎസിയില്‍ അംഗമായ നികിത ചാറ്റര്‍ജി അയച്ച മെയിലും ഇതോടൊപ്പം പങ്കുവെയ്‌ക്കുന്നുണ്ട്. ഇതില്‍ രാഷ്‌ട്രീയ ഏജന്‍സിക്കുവേണ്ടി ടിഎംസിയെ പ്രോത്സാഹിപ്പിക്കുന്ന മെയിലുകളും ഡാര്‍ജിലിങ് ക്രോണിക്കിള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടണമെന്ന് ഡാര്‍ജിലിങ് ക്രോണിക്കിളിനോടും ഐപിഎസി ആവശ്യപ്പെട്ട് മെയില്‍ അയച്ചിട്ടുണ്ട്.
ടിഎംസിക്ക് അനുകൂല വാര്‍ത്തകള്‍ നല്‍കി ബംഗാളിലെ സര്‍ക്കാരിനെ കുറിച്ച് വാര്‍ത്തകള്‍ നല്‍കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് പകരമായി സാമ്പത്തിക സഹായവും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ടിഎംസിക്കുള്ളില്‍ ഒരു സ്ഥാനവും ഇവര് വാഗാദാനം ചെയ്യുന്നുണ്ട്. എന്നാല്‍ തങ്ങളുടെ സൈറ്റ് വില്‍പ്പനയ്‌ക്ക് വെച്ചിട്ടില്ലെന്ന മറുപടിയാണ് ഡാര്‍ജിലിങ് ക്രോണിക്കിള്‍ മറുപടിയായി നല്‍കിയത്. അതേസമയം ടിഎംസിയെ പ്രതിനിധീകരിച്ചു കൊണ്ടല്ല ഇമെയില്‍ അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഐപിഎസി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍ ഡിജിറ്റല്‍ പോര്‍ട്ടലുകളെ പെയ്ഡ് വാര്‍ത്തകള്‍ക്കായി സ്വാധിനിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ടിഎംസി ഇതിന് മറുപടി നല്‍കിയത്.
















