മക്കളേ,
സ്വാര്‍ത്ഥതയും അഹംഭാവവും നിറഞ്ഞ ഇന്നത്തെ സമൂഹത്തില്‍ ഞെരിഞ്ഞമരുന്നത്, നമ്മളിലെ നിഷ്കളങ്കമായ കുഞ്ഞുഹൃദയമാണ്. കൃത്രിമത്വം നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിന് പരിചയമുള്ളു. അതു ചിരിയല്ല, ചുണ്ടു വിടര്‍ത്തല്‍ മാത്രമാണ്. അവിടെ ഹൃദയമില്ല. സത്യത്തില്‍ നമ്മളിലോരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞുഹൃദയമുണ്ട്. നിഷ്കളങ്കത നിറഞ്ഞ ആ കുഞ്ഞുലോകം നമ്മള് വീണ്ടെടുക്കണം. എങ്കില്‍ മാത്രമേ നമുക്കു് ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ കഴിയൂ.
ഒരു കുഞ്ഞുമനസ്സു വേണമെന്നു പറയുമ്പോള്‍ കുട്ടിത്തമല്ല ഉദ്ദേശിക്കുന്നത്. കുഞ്ഞുഹൃദയവും കുട്ടിത്തവും തമ്മില്‍ വ്യത്യാസമുണ്ട്. കുട്ടിത്തമെന്നാല്‍ വിവേകമില്ലാത്ത, ബാലിശമായ പെരുമാറ്റമാണ്. എന്നാല്‍ കുഞ്ഞുഹൃദയം അതല്ല. ഒരു തുടക്കക്കാരന്റെ ഭാവം, എന്തും അറിയാനുള്ള ജിജ്ഞാസ, ഉത്സാഹം, മടുപ്പില്ലായ്മ അതൊക്കെയാണ് കുഞ്ഞുഹൃദയം. അവിടെ വിവേകമുണ്ട്. തനിക്ക് ആശ്രയിക്കുവാനായി അമ്മ മാത്രമേയുള്ളു എന്ന വിവേകം കുഞ്ഞിനുണ്ട്.
എത്ര പ്രായം ചെന്നാലും എല്ലാവരുടെയും ഉള്ളില്‍ ഒരു കുഞ്ഞുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അതു പ്രകടമാകുന്നുള്ളു എന്നു മാത്രം. നോബല്‍ സമ്മാനം കിട്ടിയ ഒരു ശാസ്ത്രജ്ഞനാണെങ്കിലും പുല്ലാങ്കുഴല്‍ വായന പഠിക്കുവാന്‍, അതറിയാവുന്ന ഒരാളുടെ മുമ്പില്‍ ശിഷ്യപ്പെടണം. ഒരുപക്ഷേ അതു പഠിപ്പിക്കുന്നയാളിനു വലിയ വിദ്യാഭ്യാസം ഉണ്ടാകണമെന്നില്ല. അങ്ങനെയുള്ള ഒരാളുടെ മുന്നില്‍ താന്‍ ശാസ്ത്രജ്ഞനാണെന്ന ഭാവമെല്ലാം വിട്ടു ശ്രദ്ധയോടും വിനയത്തോടും ക്ഷമയോടും കൂടി ഇരുന്നാല്‍ മാത്രമേ പുല്ലാങ്കുഴല്‍ വായന പഠിക്കുവാന്‍ കഴിയുകയുള്ളൂ. വിനയം വരുമ്പോഴെ ഏതു വിദ്യയും സ്വായത്തമാക്കുവാന്‍ സാധിക്കൂ, അറിവു നേടുവാന്‍ കഴിയൂ.
ഈ കുഞ്ഞുഹൃദയം നമുക്കു തീര്‍ത്തും നഷ്ടമായിപ്പോയി എന്നു പറഞ്ഞുകൂടാ. ഒരു കൊച്ചുകുഞ്ഞുമായി കളിക്കുമ്പോള്‍ നമ്മളും ഒരു കുഞ്ഞിനെപ്പോലെ ആകാറില്ലേ? ഉരുള ഉരുട്ടി കുഞ്ഞിന്റെ വായില്‍ വച്ചുകൊടുക്കുമ്പോള്‍ കുഞ്ഞിനെപ്പോലെ നമ്മളും വായ തുറന്നു കാട്ടാറില്ലേ? കുട്ടികളുടെകൂടെ കളിക്കുമ്പോള്‍ നമ്മള് എല്ലാം മറന്ന് അവരെപ്പോലെയാകുന്നു. അവരെപ്പോലെ നമ്മളും സന്തോഷിക്കുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്കഹൃദയവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണ് ഇത് സാദ്ധ്യമാകുന്നത്. എന്നാല്‍ ഇന്നു നമ്മളില്‍ ഹൃദയമല്ല, ബുദ്ധിയാണു മുന്നിട്ടു നില്‍ക്കുന്നത്. നമ്മള് ഹൃദയത്തെ പുല്കണം. പഞ്ചസാരയും മണലും ചേര്‍ന്നു കിടന്നാല്‍ ഉറുമ്പു വന്നു പഞ്ചസാര നുണയും. ആ മാധുര്യം ആസ്വദിക്കും. ബുദ്ധിജീവിയായ മനുഷ്യന് അതു കഴിയില്ല. ബുദ്ധികൊണ്ട് എല്ലാമായില്ല. ബുദ്ധി എല്ലാത്തിനെയും ചികഞ്ഞുനോക്കും. എന്നാല്‍ മാധുര്യം നുകരണമെങ്കില്‍ ഹൃദയം വേണം.
കുഞ്ഞ് എല്ലാം മറന്നു കളിക്കുന്നു, രസിക്കുന്നു. ദേഷ്യവും സങ്കടവുമൊക്കെ വന്നാലും അതൊക്കെ അപ്പപ്പോള്‍ ഉപേക്ഷിക്കുന്നു. മനസ്സില്‍ ഭാരമില്ല. കൊച്ചുകൊച്ചു കാര്യങ്ങളില്‍ സന്തോഷിക്കുന്നു. ഇതെല്ലാം കാരണം തളരാത്ത ഉത്സാഹവുമുണ്ട്. എല്ലാറ്റിനെക്കുറിച്ചും അറിയാനുള്ള കൗതുകമുണ്ട്. ഇതെല്ലാം കുഞ്ഞുഹൃദയത്തിന്റെ ലക്ഷണങ്ങളാണ്.
വേറൊരു തരത്തിലുള്ള കുഞ്ഞുഹൃദയമുണ്ട്. അതു മറ്റുള്ളവരുടെ ദുഃഖത്തില്‍ അലിയുന്ന ഭാവമാണ്. ചില കുട്ടികള്‍ വന്നുപറയും, ‘എന്റെ കൂട്ടുകാരന്റെ അമ്മയ്ക്ക് ക്യാന്‍സറാണ്. അവന്റെ അച്ഛനു ജോലിയില്ല. വീട്ടില്‍ എന്നും പട്ടിണിയാണ്. പാവം, അവന്റെ അച്ഛനു നല്ലൊരു ജോലി കിട്ടണേ അമ്മേ.’ ഇതുപോലെ മറ്റുള്ളവരുടെ ദുഃഖം അറിയാനും, അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും വെമ്പുന്ന ഒരു കുഞ്ഞുഹൃദയം എല്ലാവരിലും ഉണ്ട്. കുട്ടിക്കാലത്ത് അതു പ്രകടമാണ്.
ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൂട്ടുകാരി മരിച്ചു. അവള് അയല്‍വക്കത്തുള്ള ആ വീട്ടിലേക്കു പോയി. തിരിച്ചുവന്നപ്പോള്‍ അച്ഛന് അവളോടു ചോദിച്ചു, ”നീ അവിടെ പോയി എന്തു ചെയ്തു?” ”കൂട്ടുകാരിയുടെ അമ്മയെ ആശ്വസിപ്പിച്ചു,” കുട്ടി പറഞ്ഞു. ”എങ്ങനെയാണ് നീ അവരെ ആശ്വസിപ്പിച്ചത്?”, അച്ഛന് ചോദിച്ചു. കുട്ടി പറഞ്ഞു, ”ഞാന്‍ അവരുടെ മടിയിലിരുന്ന് അവരോടൊപ്പം കരഞ്ഞു.”
മനുഷ്യരോടും പക്ഷികളോടും മൃഗങ്ങളോടും പൂക്കളോടും പൂമ്പാറ്റയോടുമെല്ലാം ഹൃദയബന്ധം തോന്നുന്ന ഒരു മനസ്സ് കുഞ്ഞുങ്ങള്‍ക്കുണ്ട്. ഏറ്റവും ചെറിയ പ്രാണിയുടെ ദുഃഖം കാണുമ്പോള്‍പോലും കുഞ്ഞുങ്ങള്‍ സങ്കടപ്പെടാറുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ ഈ ഭാവം നമുക്കും ഉണ്ടായിരുന്നു. എന്നാല്‍ നമ്മള് വളര്‍ന്നു വലുതാകുന്നതോടെ അതു നഷ്ടമാകുന്നു. പകരം സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും മൂര്‍ത്തരൂപം മാത്രമായി നമ്മള്. നിഷ്കളങ്കത നിറഞ്ഞ കുഞ്ഞുഹൃദയം നമുക്കു വീണ്ടെടുക്കാന്‍ കഴിയണം. ഇന്നു നമ്മുടെ ശരീരം മുന്നോട്ടും പിറകോട്ടും വളര്‍ന്നു. പക്ഷെ മനസ്സു വളര്‍ന്നില്ല, മനസ്സിനു വിശാലത വനില്ല. മനസ്സു വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ ആദ്യം കുഞ്ഞാകണം. കുഞ്ഞിനേ വളരാന്‍ കഴിയൂ. മുന്‍വിധിയില്ലാത്ത മനസ്സാണ് കുഞ്ഞുങ്ങള്‍ക്കുള്ളത്. അതുകൊണ്ട് മറക്കാനും ക്ഷമിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവര്‍ക്കെളുപ്പമാണ്. മനസ്സില്‍ വിദ്വേഷത്തിന്റെയും ടെന്‍ഷന്റെയും ഭാരമില്ലാത്തതുകാരണം അവര്‍ക്ക് നിറഞ്ഞ ഉത്സാഹവും ഉന്മേഷവുമാണ്. ഇത്തരം കുഞ്ഞുഹൃദയം നമുക്കും ഉണ്ടാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: