ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം അനുവദിച്ച് സുപ്രീം കോടതി. സോഷ്യല്‍ മീഡയികളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നു ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി പരിഗണിക്കവേയാണു സുപ്രീം കോടതിയുടെ നടപടി. ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സെപ്റ്റംബര്‍ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
ഹര്‍ജി പരഗിണിച്ച സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ കക്ഷികള്‍ക്കു നോട്ടിസ് നല്‍കിയിരുന്നു. ഗൂഗിള്‍, ട്വിറ്റര്‍, യുട്യൂബ് എന്നിവയ്‌ക്കു നല്‍കിയ നോട്ടീസില്‍ സെപ്റ്റംബര്‍ 13നകം മറുപടി നല്‍കാനും നിര്‍ദേശിച്ചിരുന്നു. കേസുകളെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജിയും ഗൂഢ ലക്ഷ്യങ്ങളോടെയാണെന്നാണു തമിഴ്‌നാട് ഹൈക്കോടതിയുടെ നിരീക്ഷണം. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫെയ്‌സ്ബുക് ലക്ഷ്യമെന്നും തമിഴ്‌നാട് വാദിച്ചു. എന്നാല്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയുള്ള സാഹചര്യത്തില്‍ വിഷയത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കണമെന്നാണ് ഫെയ്‌സ്ബുക് വാദം. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണിത്. പല ഹൈക്കോടതികളുടേയും കാഴ്ചപ്പാട് പലതാണെന്നും പൊതുവിഷയത്തില്‍ ഒറ്റ നിലപാടാണു പ്രധാനമെന്നും ഫേയ്‌സ്ബുക്ക് വാദിച്ചു.
നിലവിലെ സാഹചര്യത്തില്‍ സുപ്രീംകോടതിയാണോ ഹൈക്കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നു ഹര്‍ജി പരിഗണിക്കവെ ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും വ്യക്തമാക്കി. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളില്‍ നിലവിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങള്‍ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു.
















