ജീവനും ഈശ്വരനും ഗുണമഹിമകളുടെ കാര്യത്തില്‍ തുല്യരാണെങ്കിലും ജീവനില്‍ ഇത് മറഞ്ഞിരിക്കുകയാണ്.
ജീവന് പരമാത്മാവിന്റെ അംശം തന്നെയാണ് എന്നറിയണം.അനാദിയായ അജ്ഞാനത്തിന്റെ അഥവാ സംസാര വാസനയുടെ ആവരണം കൊണ്ട് ജീവന്റെ എല്ലാ ഗുണമഹിമകളും മറയ്ക്കപ്പെട്ടിരിക്കുകയാണ്.
പരമാത്മവിനെ നിരന്തരമായി അനുസന്ധാനം ചെയ്യലാണ് അതിനെ പ്രകാശിപ്പിക്കാനുള്ള വഴി. നിരന്തരമായ ഈശ്വരോപാസനയാണ് ജീവനെ മുക്തനാക്കാനുള്ള മാര്‍ഗ്ഗം.
ഈശ്വരന്റെ മായയാണ് ബന്ധനത്തിന് കാരണമെങ്കില്‍ അതില്‍ നിന്ന് മുക്തനാകാന്‍ ഈശ്വരനെ ഭജിക്കുക തന്നെ വേണം.
സൂത്രം – ദേഹയോഗദ്വാ സോളപി
ജ്ഞാന ഐശ്വങ്ങളുടെ മറവും ദേഹം കൊണ്ടുള്ള ബന്ധം കൊണ്ട് ഉണ്ടാകുന്നു.
ജീവന് ഈശ്വര തത്ത്വം മറഞ്ഞിരിക്കാന്‍ കാരണം ശരീരം സംബന്ധം തന്നെയാണ്.
ജീവന് തന്റെ ജ്ഞാനത്തേയും ഐശ്വര്യങ്ങളെയും മറന്നിരിക്കുന്നത് ഇന്ദ്രിയ മനോബുദ്ധികളോടും ശരീരത്തോടുമുള്ള ബന്ധം കൊണ്ടും. താദാത്മ്യഭാവം കൊണ്ടുമാണ്.ഇതിനെയാണ് മുന്‍സൂത്രത്തില്‍ അവിദ്യ എന്ന് പറഞ്ഞത്.
അവിദ്യയുടെ ഫലമായി ഉണ്ടാകുന്ന ദേഹ അധ്യാസത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
അരണിയില്‍ അഗ്നി മറഞ്ഞിരിക്കുന്നതു പോലെ ദേഹത്തില്‍ ഈശ്വരഭാവം മറഞ്ഞിരിക്കുന്നു. .അരണി കടഞ്ഞാല്‍ തീ പുറത്ത് വരും. ധ്യാന അഭ്യാസം കൊണ്ട് ഈശ്വരഭാവത്തെ വെളിപ്പെടുത്താനാകും.
ജീവനും ഈശ്വരനും രണ്ടാണെന്ന് കല്പ്പിച്ചാല് ദോഷമില്ലെന്ന് ദ്വൈതികള്‍ വാദിക്കുന്നു. രണ്ടും തമ്മില്‍ ഗുണങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമാണെന്നാ അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത് ശരിയല്ല. ജീവനും ഈശ്വരനും തമ്മില്‍ ഭേദം പാടില്ല.
ജീവാത്മാവും പരമാത്മാവും വാസ്തവത്തില്‍ വേറെയല്ല. പരമാത്മാവിന്റെ എല്ലാ ഗുണമഹിമകളും ഉണ്ടായിട്ടും അത് തനിക്കുള്ളതായി ജീവാത്മാവ് അറിയുന്നില്ല.
ശരീരവുമായി അത്രയധികം തദാത്മ്യം പ്രാപിക്കുന്നതാണ് ഇതിന് കാരണം. ജീവാത്മാവിന് ഈ ബന്ധനം അനാദികാലം മുതലേ വന്നു പെട്ടതാണ്.
അതിനാല്‍ കര്‍മ വാസനകളാല്‍ ജനന മരണങ്ങളിലൂടെ ജീവന് ഉഴറുന്നു.
ചാന്ദോഗ്യത്തില്‍ ജീവാത്മാവിന്റെ രൂപത്തില്‍ ദേഹത്തില്‍ പ്രവേശിച്ചു എന്ന് പറയുന്നതും തത്ത്വമസി മഹാവാക്യ ഉപദേശത്തിലൂടെ ജീവബ്രഹ്മ ഐക്യത്തെ ഉറപ്പിക്കുന്നതും കാണാം.
എന്നിരുന്നാലും ഈശ്വര ശക്തി ജീവനില്‍ മറഞ്ഞിരിക്കുന്നതിനാല്‍ സ്വപ്നത്തിലെ സൃഷ്ടി സത്യമല്ല. അത് മായ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: