കൊച്ചി: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി ഫ്‌ളാറ്റ് ഉടമകള്‍. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഫ്‌ളാറ്റുടമകളുടെ ഹര്‍ജി തിങ്കളാഴ്ച സമര്‍പ്പിക്കും.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി. ഫ്‌ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപറ്റും. കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപറ്റാന്‍ വിസമ്മതിക്കുകയായിരുന്നു.
അതിനിടെ അഞ്ച് ദിവസത്തിനകം കുടിയൊഴിയണമെന്ന് കാട്ടി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതുള്‍പ്പടെയുള്ള വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ഫ്‌ളാറ്റുടമകള്‍ നോട്ടീസ് നേരിട്ട് കൈപറ്റാത്ത കാര്യവും ഇതില്‍ സൂചിപ്പിട്ടുണ്ട്. കുടിയൊഴിപ്പിക്കലിന്റെ പ്രാഥമിക നടപടിയായിട്ടായിരുന്നു നോട്ടീസ് നല്‍കിയത്.
















