മണപ്പാടമെന്ന പാലക്കാടന്‍ ഗ്രാമത്തിലെ നാട്ടുവഴികളില്‍ അലയുകയാണ് ഓണസ്മൃതികള്‍. കൊയ്‌ത്തും മെതിയും തുമ്പയും തെച്ചിയും ഓണത്തപ്പനും നിറഞ്ഞ വള്ളുവനാടന്‍ ഓണക്കാഴ്ചകള്‍. ചിങ്ങത്തിലെ തിരുവോണം എന്റെ പിറന്നാളാണ്. ഈ ഓണത്തിന് എന്റെ നവതിയാണ്. തൊണ്ണൂറു വയസ്സ് പൂര്‍ത്തിയാകുന്നു.
പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ മണപ്പാടത്ത് ഓലഞ്ചേരി വീട്ടില്‍ ജനനം. അമ്മ ഓലഞ്ചേരി കുഞ്ഞിക്കാവ് അമ്മ. അച്ഛന്‍ മാധവന്‍ നായര്‍. അവരുടെ ആറു മക്കളില്‍ മൂത്തയാള്‍. എട്ടു പത്ത് ഏക്കര്‍ നെല്‍ക്കൃഷിയുള്ള കര്‍ഷക കുടുംബം. അതായിരുന്നു അച്ഛന്റെ വരുമാനമാര്‍ഗം. കൃഷിയിടത്തിലെ ജോലിക്കാര്‍ക്കെല്ലാം ഓണത്തിന് ഓലഞ്ചേരി തറവാട്ടിലാണ് സദ്യ. അതിന് പിറന്നാള്‍ സദ്യയെന്ന പ്രത്യേകത കൂടിയുണ്ട്. എല്ലാവര്‍ക്കും അച്ഛന്‍ ഓണക്കോടി നല്‍കും. വീടു നിറയെ പുരുഷാരം. മനസ്സും വയറും നിറയുന്ന നിമിഷങ്ങള്‍. കളം നിറയ്‌ക്കാന്‍ പൂക്കള്‍ തേടി കൂട്ടുകാര്‍ക്കൊപ്പും നാടുമുഴുവന്‍ അലയും. പൂവട്ടി നിറയ്‌ക്കാന്‍ തെച്ചി, തുമ്പ, ചെമ്പരത്തി, മന്ദാരം, കാക്കപ്പൂവ്… പിന്നെ പേരറിയാപ്പൂക്കളും പലതരം. വീട്ടിലെ മൂത്തസന്തതിയായതിനാല്‍ ഓണത്തപ്പനെ പൂജിക്കുന്നത് ഞാനാണ്.
ഓണസദ്യ അമ്മയുടെ കൈകൊണ്ട് വിളമ്പിയേ കഴിക്കൂ. കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും തെറ്റാത്ത പതിവ്. ആഘോഷങ്ങളെല്ലാം അമ്മയായിരുന്നു. എനിക്കെല്ലാം എന്റെ അമ്മയായിരുന്നു. സ്‌കൂള്‍ അവധിയായാല്‍ തമിഴ്നാട്ടിലുള്ള അമ്മാവന്മാരുടെ വീടുകളില്‍ വിരുന്നിനു പോകും. ഊരുചുറ്റല്‍ ഏറെ പ്രിയമായിരുന്നു. ഓരോ നാടും നാട്ടുകാരെയും കാണുക, അവരെ അടുത്തറിയുക. അതൊക്കെയായിരുന്നു യാത്രകളുടെ ലക്ഷ്യം. എന്നാലും ഓണത്തിന് തിരികെ വീട്ടിലെത്തും. അമ്മയെ കാണണം.
അമ്മ ഓര്‍മയായതില്‍ പിന്നെ പാലക്കാട്ടേക്കുള്ള തിരുവോണ യാത്രകള്‍ ഇല്ലാതായി. പക്ഷെ, കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി മറ്റൊരു അമ്മയ്‌ക്കൊപ്പമാണ് പിറന്നാളും ഓണാഘോഷങ്ങളും, മാതാ അമൃതാനന്ദമയീദേവിക്കൊപ്പം. ആ പതിവു തെറ്റിക്കാറില്ല. തിരുവോണത്തിന് ആശ്രമത്തിലെത്തും. നേരത്തെ അമ്മയുടെ പാദപൂജ ചെയ്യും. ദക്ഷിണ നല്‍കും. അതു കഴിഞ്ഞ് ഭജന. ഓണത്തെക്കുറിച്ച് അമ്മയുടെ പ്രഭാഷണമാകും തുടര്‍ന്നുണ്ടാവുക. എല്ലാം കഴിഞ്ഞ് അമ്മയില്‍ നിന്ന് ദക്ഷിണ വാങ്ങും. ഇത്തവണയും അതിന് മാറ്റമില്ല.
















