വേദസംസ്കാരത്തെ നിലനിര്‍ത്തുകയും പുതിയതലമുറയെ കമ്പോടുകമ്പ് പഠിപ്പിക്കുകയും ചെയ്ക എന്നത് ഒരു ജന്മസാഫല്യം. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വടക്കുമ്പാട് പശുപതി നമ്പൂതിരിക്ക് മറ്റൊരു ചിന്തയുമില്ല. അദ്ദേഹം അവിടുത്തെ പ്രധാനാധ്യാപകനാണ്. പത്തുവയസ്സില്‍ മഠത്തില്‍ വന്നുചേര്‍ന്നതാണ്. കുറച്ചുകാലം മാത്രമാണ് മഠത്തില്‍ ഉണ്ടാവാതിരുന്നുള്ളൂ. ശേഷജീവിതം മുഴുവന്‍ വേദത്തിനായി നീക്കിവച്ചു. പഠിച്ചുവളര്ന്നസ്ഥാപനത്തില് മുപ്പതുവര്ഷത്തിലേെറയായി വേദം പഠിപ്പിക്കുകയെന്ന കര്‍ത്തവ്യം ഹൃദയപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. മുത്തച്ഛനും അച്ഛനും സഹോദരങ്ങളും പോരാ, അടുത്ത തലമുറയും വേദം ഉരുവിട്ട് പഠിച്ച് വളരുകയായിരുന്നു.
വേദം പഠിക്കുവാന്‍ സമയം കളഞ്ഞത് ജീവിതത്തിലെ നഷ്ടപ്പെട്ട കാലഘട്ടമായിരുന്നു എന്നുപറഞ്ഞ ഒരു മഹാനുണ്ടായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട്. തൃശ്ശൂര്‍ ബ്രഹ്മസ്വംമഠത്തില്നിന്ന് വളര്‍ന്ന നമ്പൂതിരിപ്പാടിന്റെ പ്രഖ്യാപനം തെറ്റാണെന്നു പറഞ്ഞവര്‍ നിരവധി. ഇതിന് വടക്കുമ്പാട് മനയിലെ നാലുതലമുറയുടെ വലിയ മനസ്സിനെ മനസ്സിലാക്കണം. വേദമയമാണ് ഈ കുടുംബത്തിന്റെ അടിത്തറ. ബ്രഹ്മസ്വംമഠത്തില്‍ മൂന്നുനാലുവര്‍ഷം വേദം പഠിച്ചവരും തുടര്‍ന്ന് അക്കാദമിക് വിദ്യാഭ്യാസം നേടിയവരും കുറച്ചൊന്നുമല്ല.
പലരും ഉയര്‍ന്ന നിലയിലുമാണ്. ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ പൗരാണിക ഗുരുകുലത്തില്‍ വേദഹൃദയം അറിയാനെത്തുന്നു. കോളജുപഠനവും അവിടെനിന്നുതന്നെ നേടുകയും ചെയ്യുന്നു. വടക്കുമ്പാട് പശുപതി നമ്പൂതിരിയുടെ ഏട്ടനെ അച്ഛന് തന്നെയാണ് വേദം പഠിപ്പിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന് സമയമില്ലാതെ വന്നപ്പോള്‍ മഠത്തില്‍ എത്തിച്ചു. അന്ന് പ്രധാനാധ്യാപകന് ഇരിഞ്ഞാടപ്പിള്ളി മാധവന് നമ്പൂതിരിയായിരുന്നു. ക്രമേണ വടക്കുമ്പാട്ടെ കുട്ടികളെ ഓരോരുത്തരെയായി മഠത്തില്‍ ചേര്‍ക്കുകയായിരുന്നു. കുടുംബത്തിലെ ബുദ്ധിമുട്ടുകളും ഇതിന് കാരണമായിരുന്നു. പാറപ്പുറം രാമന് നമ്പൂതിരിയായിരുന്നു ഓത്തുചൊല്ലിച്ചത്. ഒറവങ്കരസഹോദരന്മാര്, പെരുമ്പിള്ളി കേശവന്, കാപ്ര ശങ്കരന്, ചെറുമുക്ക് വല്ലഭന് എന്നിവര്‍ക്കൊപ്പമാണ് ഓത്തുചൊല്ലാന്‍ ഒന്നിച്ചുണ്ടായിരുന്നത്.
ഓണം, വിഷു, പിറന്നാള്‍ എന്നിവയ്ക്കല്ലാതെ ഇല്ലത്ത് പോകാറില്ല. അതിനാല്‍ത്തന്നെ അതിവേഗം വേദത്തിന്റെ മുക്കുംമൂലയും അറിഞ്ഞു. തുടര്‍ന്ന് സ്കൂള്‍ യാത്ര ആരംഭിച്ചു. സംസ്കൃതത്തില്‍ ഡിഗ്രി നേടുകയും ചെയ്തു. പില്ക്കാലത്ത് വടക്കുമ്പാട് പശുപതി മഠത്തില്‍ ശാന്തി ചെയ്യുവാന്‍ വന്നെത്തുകയായിരുന്നു. എന്നാല്‍ അധ്യാപകരില്ലാത്ത സമയത്ത് കുട്ടികളെ വേദം ചൊല്ലിക്കുവാന്‍ നിയോഗിച്ചു.
ക്രമേണ പശുപതിയെ അധ്യാപകനായി നിയമിച്ചു. തികഞ്ഞ വേദജ്ഞരുമായുള്ള സഹവാസവും, ചര്‍ച്ചകളും വേദത്തിന്റെ ഉള്ളറകളെ അറിയാന്‍ ഇടവരുത്തി. ഇതുസംബന്ധമായി ഗുജറാത്ത്, ദല്‍ഹി എന്നിവിടങ്ങളിലും പോയി. ഇപ്പോള്‍ ബ്രഹ്മസ്വം മഠത്തില്‍ അധ്യാപകരില്ലാത്തതിനാല്‍ പുറംനാടുകളില്‍ പോകുവാന്‍ സാധിക്കാറില്ല. പുതിയ തലമുറക്കാരെ വേദത്തിലേക്ക് അടുപ്പിക്കുക എന്നത് എളുപ്പമല്ല. പത്തുവയസ്സിനും പതിനഞ്ചിനുമിടയില് വേദപഠനം പൂര്‍ത്തിയാക്കണം. അതിനുമേല്‍ പ്രായക്കാര്‍ക്ക് മനസ്സിരിക്കില്ല. അതിനാല്‍ത്തന്നെ പഠിപ്പിക്കലും ബുദ്ധിമുട്ടാണ്്. ഇതാണ് അനുഭവം.
പഠനം പൂര്‍ത്തിയായ അവസരത്തില്‍ ഗുരുനാഥന് പറഞ്ഞു. പഠിച്ചവിദ്യ പകര്ന്നുകൊടുക്കുകയുംകൂടി ചെയ്താലേ പഠിച്ചതിന്റെ പ്രയോജനം പൂര്‍ണ്ണമാകൂ. അത് പാലിക്കാനായതിന്റെ ധന്യതയിലാണ് വടക്കുമ്പാട് പശുപതി. പുലര്‍ച്ചെ 5 മണിക്ക് വിദ്യാര്‍ഥികള്‍ ഉണരുന്നു.
കുളി, സന്ധ്യാവന്ദനം എന്നിവയ്ക്കുശേഷം വേദം പഠിച്ചത് ചൊല്ലി നമസ്ക്കരിക്കണം. പിന്നീട് സൂക്തങ്ങള്‍ ചൊല്ലി കൂട്ടപ്രാര്‍ഥന. ചായ കഴിഞ്ഞാല്‍ ഉച്ചസമയംവരെ വേദപഠനം. ഭക്ഷണാനന്തരം ഒന്നരമണിക്കൂറുംകൂടി പഠിപ്പിക്കും. തുടര്‍ന്ന് വിവിധവിഷയങ്ങള്ക്ക് ട്യൂഷന്. മൂന്നുമണിക്കൂര്‍ ക്ലാസ് നീണ്ടുനില്‍ക്കും. കുറച്ചുനേരം കളിക്കാനുള്ള സമയം. സന്ധ്യയ്ക്ക് കുളി സന്ധ്യാവന്ദനം കൂട്ടമായിരുന്ന് സഹസ്രനാമജപം.
അത്താഴം കഴിഞ്ഞാല്‍ ഗൃഹപാഠം ചെയ്യുക. ഇങ്ങനെയാണ് വിദ്യാര്‍ഥികളുടെ ദിനചര്യ. രക്ഷിതാക്കളുടെ മോഹത്താല്‍ വന്നുചേരുന്നവര്‍ ക്രമേണ ഇവിടുത്തെ രീതികളുമായി ഇണങ്ങും. വേദപഠനാനന്തരം സ്കൂളില്‍ ചേരുന്നവര്‍ മോശക്കാരാകില്ല, പശുപതി പറഞ്ഞു. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിനു കീഴിലുള്ള കുടുംബങ്ങളിലുള്ളവരെ ഓത്തു പഠിപ്പിക്കുന്നതിനായാണ് ഈ സ്ഥാപനം. കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ അന്യോന്യം എന്ന ഋഗ്വേദവേദ പരീക്ഷയില്‍ ഇവിടുത്തെ വേദജ്ഞര്‍ മാറ്റുരച്ചിരുന്നു. വൃശ്ചികമാസത്തിന്റെ ആരംഭത്തില്‍ അന്യോന്യം ഇന്നും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: