വീണ്ടും ഒരു ഓണം. ചിങ്ങം-അത്തം-ഓണം എന്നീ മൂന്നു സമയ സൂചികകള്‍ ഒരു പ്രദേശത്തിന്റെ രാപകലുകളെ നിര്‍ണ്ണയിക്കുന്ന കാലമാണിത്. മലയാളികളുടെ സ്വന്തം ആഘോഷം. മലയാളിക്ക് നിരവധി ആഘോഷങ്ങളുണ്ട്. വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് കന്യാകുമാരിവരെ കളിയാട്ടം മുതല്‍ പൊങ്കാലവരെ, തെയ്യം മുതല്‍ കഥകളിവരെ. ഓണം, വിഷു, ശിവരാത്രി, കൃഷ്ണാഷ്ടമി, കാര്‍ത്തിക, തിരുവാതിര, തൈപ്പൂയം, മകരച്ചൊവ്വ-അങ്ങനെ മലയാളികളുടെ ആഘോഷങ്ങള്‍ക്കുള്ള ബഹുസ്വരത ലോകത്തിലെ വേറൊരു ജനതയ്ക്കും അവകാശപ്പെടാനാവുന്നതല്ല. പ്രാദേശിക ഭേദങ്ങളും വംശഭേദങ്ങളും സമുദായ, ഉപസമുദായ ഭേദങ്ങളുമൊക്കെ ഈ ഉത്സവങ്ങളെ അല്ലെങ്കില്‍ ആഘോഷങ്ങളെ വൈവിധ്യപൂര്‍ണ്ണമായി അണിയിച്ചൊരുക്കുന്നു. സുക്ഷ്മാംശങ്ങളില്‍ ഈ ബഹുസ്വരത പ്രകടമാണ്.
ഇവയില്‍നിന്നൊക്കെ വ്യത്യസ്തമാണ് ഓണം. അത് ഉത്സവമാണോ ആഘോഷമാണോ എന്ന സംശയത്തിന് ഉത്തരം കണ്ടെത്താനാകില്ല. എന്തൊക്കെയായാലും ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള മനുഷ്യരെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളെ സ്പര്‍ശിച്ച് കുറച്ചുനേരത്തേക്കെങ്കിലും സ്വത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനുള്ള ശേഷിയുണ്ട് ഓണത്തിന്.
‘ഉപ്പുകല്ലിനും ഉരിയരിച്ചോറിനും
ഇപ്പട്ടണത്തില്‍ തൊഴിലാളിയായി ഞാന്‍’
എന്ന് അക്കിത്തം പ്രവാസത്തെകുറിച്ച് പറയുന്നു. പ്രവാസിയുടെ ഗൃഹാതുരതയിലും ഓര്‍മ്മയിലും ഏറ്റവും ശക്തമായ ബിംബമായി നിലകൊള്ളുന്നത് ഓണമാണ്. സ്വന്തം ആവാസവ്യവസ്ഥയില്‍ തിരിച്ചെത്തിയ മത്സ്യത്തിന്റെ സ്വത്വബോധത്തിലേക്കാണ് ഓരോ പ്രവാസിയും ഓണപ്പുലരിയില്‍ ഉണര്‍ന്നെണീക്കുന്നത്.
നരവംശശാസ്ത്രപരമായി സമീപിച്ചാല്‍ ഇത്രയധികം വേരുകളുള്ള വേറൊരാഘോഷം ലോകത്തില്‍ ഒരു ജനതയ്ക്കും അവകാശപ്പെടാനുണ്ടെന്ന് തോന്നുന്നില്ല. ഓണത്തിന് അതിന്റേതായ ഐതീഹ്യമുണ്ട്. ഒരുപക്ഷേ ഒന്നിലധികമുണ്ട.് ചരിത്രമുണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ ചടങ്ങുകളുണ്ട്, ആചാരങ്ങളുണ്ട്, സാമൂഹിക വ്യവഹാരങ്ങളുണ്ട്. ഒരേസമയം കൃഷിയിലും വ്യാപാരത്തിലും ഓണം ഇടപെടുന്നുണ്ട്. കുട്ടികളേയും മുതിര്‍ന്നവരേയും ഒരേപോലെ ഇടംകൊടുത്ത് സ്വീകരിക്കുന്നുണ്ട്. ഓണാഘോഷവുമായി സവിശേഷമായ ബന്ധമുള്ള ക്ഷേത്രങ്ങളുണ്ട്. പ്രകൃതിതന്നെ അതിന്റെ എല്ലാ ഋതുസാധ്യതകളേയും ഈ ആഘോഷത്തിന് അനുകൂലമാക്കി ഒരുക്കുന്നുണ്ട്്. പൂക്കളില്ലാതെ എന്തോണം? വിദ്യാലയങ്ങളില്‍ ആദ്യഘട്ട പരീക്ഷയുടെ പേരുതന്നെ ഓണപ്പരീക്ഷ എന്നാണല്ലോ. ഐതിഹ്യത്തിലായാലും ചരിത്രത്തിലായാലും ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന സങ്കല്പത്തിന്റെ പൂര്‍ത്തീകരണമാണ് ഓണമെന്ന ആഘോഷമെന്ന് കാണാം. ഒന്നുകൂടി ചിന്തിച്ചാല്‍ മനുഷ്യര്‍ മാത്രമല്ല സമസ്ത ജീവരാശികളും ഒന്നുപോലെ എന്നതുതന്നെയാണ് ഓണത്തിന്റെ അടിസ്ഥാനം. എല്ലാവരേയും ഒരുപോലെകാണുന്ന ഒരു ഭരണാധികാരി. ആമോദത്തോടെ വസിക്കുന്നൊരു ജനത. ഐതിഹ്യപ്രകാരം സപ്തര്‍ഷികളില്‍ ഒരാളായ കശ്യപമഹര്‍ഷിയുടെ പരമ്പരയിലെ ഇങ്ങേക്കണ്ണിയാണ് മഹാബലി. (കശ്യപനില്നിന്നാണ് കശ്മീര്‍ എന്ന പേര് കിട്ടിയതെന്ന് ഓര്‍ക്കണം) വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ പുത്രന് കൂടിയാണ് മഹാബലി. ദേവന്മാര് മഹാബലിക്കെതിരെയുള്ള യുദ്ധത്തില്‍ മഹാവിഷ്ണുവിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ വിഷ്ണു അത് നിരസിക്കുന്നു. ധര്മിഷ്ഠനായ ഒരു രാജാവിനെതിരെ പടകൂട്ടുന്നതിന് മഹാവിഷ്ണുവിന് സമ്മതമായിരുന്നില്ല.
പിന്നീട് അതേ ചക്രവര്‍ത്തിയുടെ ധര്മ്മിഷ്ഠത സ്വയം കണ്ടറിയുന്നതിനായി വാമനരൂപിയായി വിഷ്ണു വരുന്നു. ആ സമയം മഹാബലി യാഗാനന്തരമുള്ള ധ്യാനവേളയിലായിരുന്നു.
”സ്വര്‍ണ്ണമോ, രത്നമോ, പശുക്കളോ, ഭൂമിയോ എന്താണ് അങ്ങേക്ക് ദാനമായി വേണ്ടത്” മഹാബലി ആരായുന്നു.
”അതൊന്നും എനിക്കുവേണ്ട വെറും മൂന്നടി മണ്ണുമതി.” വാമനന് പ്രതിവചിക്കുന്നു.
”ഈ സാമ്രാജ്യം മുഴുവന്‍ എന്റേതാണ് മൂന്നടി അളന്നെടുത്തോളൂ” മഹാബലി അനുമതി നല്കുന്നു. തുടര്‍ന്ന് വാമനന് വിശ്വരൂപിയായി വളരുകയും രണ്ടടികൊണ്ട്ïലോകം മുഴുവന്‍ അളന്നെടുക്കുകയും ചെയ്യുന്നു. വിഷ്ണുവിനെ തിരിച്ചറിഞ്ഞ, ആ അളവെടുക്കലിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ ചക്രവര്‍ത്തി മൂന്നാമത്തെ അടിക്കായി തന്റെ ശിരസ്സുതന്നെ കാട്ടിക്കൊടുക്കുന്നു.
വാമനന് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നൊന്നും ഐതിഹ്യത്തിലില്ല. അങ്ങനെയൊരു ഹിംസ പ്രതീക്ഷിക്കുന്നതുപോലും ദൈവവിരുദ്ധവും സത്യവിരുദ്ധവുമാണ്. ചക്രവര്‍ത്തിയുടെ ധര്‍മ്മനിഷ്ഠയില്‍ സംപ്രീതനായ വിഷ്ണു അദ്ദേഹത്തിനു നല്കിയ വരമാണിത്. കാലശേഷവും തന്റെ പ്രജകളെ സന്ദര്‍ശിക്കുകയെന്ന സുവര്‍ണ്ണാവസരം. ആ ദിവസമായി മഹാബലി തെരഞ്ഞെടുത്തത് നാട്ടിലെ കാര്‍ഷികോത്സവമായ ഓണദിവസംതന്നെയായത് സ്വാഭാവികം. അന്നുമുതലായിരിക്കണം ഓണം തിരുവോണമായത്.
വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്തി എന്നതൊക്കെ നിഷേധാത്മകതയുടെ ഉപാസകരായ ചിലരുണ്ടാക്കിയ സൈദ്ധാന്തിക നുണകള്‍ മാത്രമാണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന വിചാരത്തിന്റെ ഉപചിന്തമാത്രമാണ്. വാമനസ്പര്ശത്തിലൂടെയാണ് മഹാബലിക്ക് ഒരപൂര്വ്വവരം ലഭിക്കുന്നത്. ലോകത്തൊരു ഭരണാധികാരിക്കും അത്തരമൊരു നിയോഗമില്ല. വര്‍ഷത്തിലൊരിക്കല്‍ തന്റെ നാടുസന്ദര്ശിക്കാനുള്ള ദൈവനിയോഗം. അതിനാല്‍ത്തന്നെ ഓണത്തെ തിരുവോണമാക്കിമാറ്റിയ വാമനമൂര്‍ത്തിയെ സ്മരിച്ചേ പറ്റൂ. വാമനനും മഹാബലിയും ഒരേ അസ്തിത്വത്തിന്റെ രണ്ടുമുഖങ്ങളാണ്. രണ്ടുപേരും ഉണ്ടെങ്കിലേ ഓണമുള്ളൂ.
മഹാവിഷ്ണുവിന്റെ അവതാരമായ തൃക്കാക്കരയപ്പനെ, വാമനമൂര്‍ത്തിയെ നമ്പൂതിരി മുതല്‍ നായാടിവരെ സ്വന്തം മുറ്റത്ത് സ്വന്തം വിധിപ്രകാരം പ്രതിഷ്ഠിക്കുന്ന സാമൂഹികവിപ്ലവം മാനുഷരെല്ലാം ഒന്നുപോലെയായിത്തീരുന്ന സാമൂഹ്യ സമരസതയുടെ ആത്മീയസന്ദേശം നല്കുന്നു.
കേരം തിങ്ങിയ കേരളനാട്ടില്‍ കണ്ണെത്താ ദൂരത്തോളം വയലേലകള്‍, ചെറുതും വലുതുമായ പക്ഷിപ്രാണികളുടെ കേളീരംഗം, ജലസംഭരണി, ഗോസമ്പത്ത്, രോഗമെന്തെന്നറിയാത്ത കുറേ മനുഷ്യര്‍, പരസ്പരവിശ്വാസത്തിന്റെ, സഹകരണത്തിന്റെ നന്മനിറഞ്ഞ സമ്പദ്വ്യവസ്ഥ, എല്ലാം പുതുക്കുന്ന കാര്‍ഷിക സംസ്കൃതിയുടെ ഉത്സവമാണ് ഓണം. ഓണസദ്യ വിളംബരം ചെയ്യുന്നത് മലയാളിയുടെ ഭക്ഷ്യസംസ്കാരമായിരുന്നു. ഓണസദ്യ ലോകോത്തര രുചിഭേദങ്ങളുടെ കലവറയായിരുന്നു. ഔഷധവും ആഹാരവുമൊന്നായിരുന്ന ഒരു കാലഘട്ടത്തിന്റെ മധുര സ്മരണകളായിരുന്നു.
ഓണത്തെപ്പറ്റി എന്തുകൊണ്ട് ഇപ്പോള്‍ ചിന്തിക്കേണ്ടിവരുന്നു? പൂക്കളങ്ങള്‍ ഡിജിറ്റല്‍ പൂക്കളങ്ങള്‍ ആകുകയും തുടര്‍ന്ന് ഡിജിറ്റല്‍ ഉപ്പേരിക്കും, ഡിജിറ്റല്‍ പ്രഥമനും വഴിമരുന്നിടുകയും ചെയ്യുന്നതിന്റെ ആശങ്ക പങ്കുവയ്ക്കുന്നതോടൊപ്പം ഐക്യപ്പെടലിന്റേയും നന്മയുടേയും ഒരുമയുടേയും കുലചിഹ്നങ്ങളെ കാക്കുന്നതിനുള്ള കരുതലുകള്‍ സ്വരുക്കൂട്ടുകയാണ് നാം ചെയ്യേണ്ടത്. പൂവടപോലെ രുചിയുള്ള ഓണത്തെ കയ്യും മനസ്സും നീട്ടി വരവേല്‍ക്കാം.
(തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: