അന്യാധിഷ്ഠിതാധികരണം
ഈ അധികരണത്തില്‍ നാല് സൂത്രങ്ങളാണ് ഉള്ളത്.
സൂത്രം: അന്യാധിഷ്ഠിതേഷു
പൂര്വവദഭിലാപാത്
മുമ്പ് പറഞ്ഞതുപോലെ ഇതിനേയും ധരിക്കണം.അന്യജീവാത്മാക്കള് വസിക്കുന്ന ധാന്യങ്ങള്‍ മുതലായവയില്‍ ഇരുന്ന് ജീവന് ഫലത്തെ അനുഭവിക്കുന്നു.
മറ്റുള്ളവയാല്‍ അധിവസിക്കപ്പെട്ട ധാന്യങ്ങളില്‍ നേരത്തേ ആകാശത്തിനോടും മറ്റും പറഞ്ഞതുപോലെയുള്ള ചേര്ച്ചയേയുള്ളൂ. അങ്ങനെ ശ്രുതി പറയുന്നുണ്ട്.
മറ്റ് ജീവികള്‍ ധാന്യമായി വന്ന ജീവനെ ആഹരിക്കുമ്പോള്‍ അവയുമായുള്ള ചേര്‍ച്ച, ആകാശം മുതലായവയോടുള്ള ചേര്‍ച്ച പോലെത്തന്നെയാണ്.
ജീവന് മേഘത്തില്‍ മഴയായി ഭൂമിയിലേക്കു വരുന്നു എന്നു പറഞ്ഞു. ഇവ ധാന്യങ്ങളായിത്തീരുന്നുവെന്ന് കാണാം
ഇവിടെ ഒരു സംശയം ഉണ്ടാകാം, ജീവന്മാര് സ്ഥാവരജാതിയില് വന്ന് ജനിക്കുകയാണോ അതോ അവയോട് ചേര്‍ന്ന് നില്ക്കുകയാണോ ചെയ്യുന്നത് എന്നാണ് സംശയം.
ജീവന് സ്ഥാവരങ്ങളായ ധാന്യങ്ങളും മറ്റുമായി ജനിക്കുന്നു എന്ന് പൂര്‍വപക്ഷം പറയുന്നു.അവിടെയും ജീവന്മാര് കര്‍മ്മശേഷത്തെ അനുഭവിക്കുന്നുവെന്ന് ശ്രുതി പറയുന്നുവെന്നാണ് ഇവരുടെ വാദം.
എന്നാല്‍ അത് ശരിയല്ല. ആകാശം മുതലായവയിലെ സംസര്‍ഗ്ഗം പോലെ തന്നെയാണ് നെല്ല് മുതലായ ധാന്യങ്ങളിലും. കര്‍മ്മശേഷം അനുഭവിക്കുന്നത് അവയുമായി ചേര്ന്നിരിക്കയാലാണ്.
ജീവന് കര്‍മ്മശേഷം അനുഭവിക്കാനായി താഴേക്ക് വരുമ്പോള്‍ ഇടയ്ക്ക് ഒരു തരത്തിലുള്ള കര്‍മ്മങ്ങളോ സുഖദു:ഖങ്ങള്‍ മുതലായ അനുഭവങ്ങളോ ഉണ്ടാകുന്നില്ല. നെല്ല് തുടങ്ങിയവയായിത്തീരുന്നുവെന്ന് പറഞ്ഞാല്‍ അവ കൊയ്ത് എടുക്കുമ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞ് പോകേണ്ടി വരും. ഉപാധി നശിക്കുമ്പോള്‍ ജീവന് അത് വിട്ട് പോകേണ്ടി വരും. അതിനാല്‍ ധ്യാന ങ്ങളുടെയും മറ്റും ജന്മമല്ല അവയെ അധിഷ്ഠാനം ചെയ്തിരിക്കുകയാണ് എന്നറിയണം. ഇതാണ് പിന്നീട് ഭക്ഷണത്തിലൂടെ പുരുഷനില്‍ എത്തിച്ചേരുന്നത്.
സൂത്രം അശുദ്ധമിതി ചേന്ന ശബ്ദാത്
യാഗം മുതലായ വൈദിക കര്‍മ്മങ്ങളില്‍ ഹിംസയുള്ളതിനാല് അശുദ്ധമാണ് എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ശ്രുതി വിഹിതമായതാണത്.
ജീവന്മാര് ധാന്യങ്ങളിലും മറ്റ് ജീവജാലങ്ങളിലും ഇരുന്ന ശേഷമാണ് പുരുഷത്വത്തെ പ്രാപിക്കുന്നത്. അങ്ങനെയെങ്കില്‍ ധാന്യങ്ങള്‍ ഇടിക്കുന്നതും വേവിക്കുന്നതും അധര്മ്മമാകില്ലേ? എന്നാണ് ചോദ്യം. അതുപോലെ യാഗങ്ങളിലെ ജന്തു ഹിംസയും അധര്‍മ്മത്തേയും അശുദ്ധിയേയും ഉണ്ടാക്കില്ലേ എന്നും ചോദ്യമുണ്ട്.
ധര്‍മ്മത്തേയും അധര്‍മ്മത്തേയും നിശ്ചയിക്കുന്നത് ശാസ്ത്രമാണ്. അത് മനുഷ്യന്റെ ബുദ്ധിയ്ക്കും യുക്തിക്കും അപ്പുറമാണ്. ചിലയിടത്ത് ധര്മ്മമായത് മറ്റു ചിലയിടത്ത് അധര്‍മ്മമായി മാറും. നേരെ തിരിച്ചും സംഭവിക്കാം. ശാസ്ത്ര വിധിയെ അനുസരിച്ച് വേണം ധര്‍മ്മാധര്‍മ്മങ്ങളെ നിശ്ചയിക്കാന്‍. ഹിംസചെയ്യരുതെന്നാണ് ശ്രുതിയുടെ പൊതു നിയമം എന്നാല്‍ യാഗത്തിന് ജന്തു ഹിംസ ആകാമെന്നും വിധിയുണ്ട്.
ജീവന് ധാന്യങ്ങളിലും മറ്റും സുഷുപ്തി അവസ്ഥയിലാണ് ഇരിക്കുക.
ധാന്യങ്ങള്‍ വറുക്കുകയും ചതയ്ക്കുകയും പൊടിക്കുകയും വേവിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അത് ഉപാധികളെ മാത്രമേ ബാധിക്കുന്നുള്ളൂ. ജീവനെ ബാധിക്കുന്നില്ല.ഫലഭുക്തിയുള്ള ഉപാധിയിലാകുമ്പോഴാണ് സുഖദു:ഖ അനുഭവം ഉണ്ടാകുക. അതിനാല്‍ ധാന്യങ്ങളും മറ്റും കഴിക്കുന്നത് പാപമല്ല.
സൂത്രം: രേത:സിഗ്യോഗോളഥ
പിന്നീട് രേതസ്സിനെ സേചനം ചെയ്യുന്നവരായി ചേര്‍ച്ചയുണ്ടാകുന്നു.
പിന്നീട് ജീവന് രേതസ്സിനെ സേചനം ചെയ്യുന്ന പുരുഷനില്‍ അന്നമായി എത്തിച്ചേരുന്നു.അത് പിന്നെ രേതസ്സാകും. അതിനാല്‍ നേരത്തേ പറഞ്ഞവയോടെല്ലാം ചേര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. തന്മയീഭവിച്ചിട്ടില്ല അഥവാ അതായി തീര്‍ന്നിട്ടില്ല. ധാന്യങ്ങളിലും മറ്റും വന്ന ജീവനാണ് സംയോഗ സമയത്ത് രേതസ്സായി പുരുഷനില്‍ നിന്ന് സ്ത്രീയിലേക്ക് കടക്കുന്നത്.
സൂത്രം യോനേ: ശരീരം
സംയോഗ സമയത്ത് സ്ത്രീയോനിയില് ശുക്ല രൂപത്തില്‍ പ്രവേശിച്ച ജീവന് കര്‍മ്മഫല അനുഭവത്തിന് പറ്റിയ ശരീരത്തെ കിട്ടുന്നു.
ചന്ദ്രലോകത്തില്‍ നിന്ന് കര്‍മ്മശേഷവുമായി പല ഉപാധികളിലൂടെ സഞ്ചരിച്ച് ജീവന് അവസാനം രേതസ്സായി സ്ത്രീയിലെത്തുന്നു. അവിടെ കര്‍മ്മഫല അനുഭവത്തിന് പറ്റിയ ശരീരം ഉണ്ടാകും. അതിന് മുമ്പ് ഉണ്ടായ ശരീരങ്ങളിലൊന്നും കര്മ്മഭുക്തിയോ സുഖദു:ഖങ്ങള്‍ മുതലായ അനുഭവങ്ങളോ ഉണ്ടാകുന്നില്ല.
ഇതോടെ മൂന്നാം അദ്ധ്യായത്തിലെ ഒന്നാം പാദം തീര്‍ന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: