ന്യൂദല്‍ഹി: മരടിലെ അനധികൃത ഫഌറ്റുകള്‍ ഈ മാസം 20ന് മുമ്പ് പൊളിച്ച് മാറ്റണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇതിന്റെ റിപ്പോര്‍ട്ട് അന്നു തന്നെ കോടതിയില്‍ സമര്‍പ്പിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ചില വിധികള്‍ നടപ്പാക്കാന്‍ കേരളത്തിന് എന്താണ് ഇത്ര അമാന്തമെന്നും അരുണ്‍മിശ്ര ചോദിച്ചു. മരടിലെ അഞ്ചു ഫഌറ്റുകളും പൊളിച്ച് മാറ്റണമെന്നുള്ള കര്‍ശന നിര്‍ദേശമാണ് നല്‍കിയത്.
നേരത്തെ, മരടിലെ അനധികൃത ഫഌറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. തീരദേശ നിയമം ലംഘിച്ച ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മരട് ജെയിന്‍ ഹൗസിലെ മനോജ് കുര്യന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചില്ല. ഫ്‌ലാറ്റുകള്‍ പൊളിച്ചില്ലെങ്ങില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കോടതി ഉത്തരവില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്താല്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടി തുടങ്ങുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.















