കൊല്ലം: ശക്തമായ മഴയിൽ കെട്ടിടം ഇടിഞ്ഞ് സംസ്ഥാനത്ത് മൂന്നു പേർ മരിച്ചു. കൊല്ലം ജില്ലയില്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരണമടഞ്ഞത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്ക് സമീപം പുത്തൻകുളത്ത് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. ശ്രീരാമപുരം സ്വദേശി രഞ്ജിത്, ഭരതന്നൂർ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം ആനപാപ്പാന്മാരായിരുന്നു.
കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് മണ്ണിടിഞ്ഞിറങ്ങി മണ്ണിനടിയില്‍പ്പെട്ടായിരുന്നു മരണം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മുകളിലേക്ക് കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീഴുകയായിരുന്നു. പ്രദേശത്ത്, രാത്രി ശക്തമായ മഴയായിരുന്നു. ജില്ലാ കളക്ടര്‍ , ചാത്തന്നൂര്‍ എ. സി. പി. തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ണൂരില്‍ ചാലയിലെ അപകടത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയാണ് മരിച്ചത്. ചാല പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30യോടെ മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട് തകര്‍ന്നു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ രാജന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും കള്ളിക്കാട് കുറ്റിച്ചല്‍ അമ്പൂരി വെള്ളറട പഞ്ചായത്തുകളില്‍ വ്യാപക നാശമുണ്ടായിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും.
















