അടിമാലി: നിര്‍മാണം പൂര്‍ത്തീകരിച്ച് കാലങ്ങള്‍ കഴിഞ്ഞിട്ടും മാങ്കുളം ഗ്രാമപ്പഞ്ചായത്തിലെ വില്ലേജ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് ഇനിയും തുറന്ന് നല്‍കിയിട്ടില്ല. കെട്ടിടവും ,പരിസരവും സാമൂഹ്യ വിരുദ്ധര്‍ കൈയ്യേറിരിക്കുകയാണ്. മദ്യക്കുപ്പികളും, ആഹാര അവശിഷ്ടങ്ങളുമടക്കം കുന്നുകൂടിക്കിടക്കുന്ന പരിതാപകര അവസ്ഥായാണുള്ളത്.
വില്ലേജ് ഓഫീസിന് സമീപത്തായി നിര്‍മിച്ച കെട്ടിടം മാസങ്ങളായി അടഞ്ഞ് തന്നെ കിടക്കുകയാണ്. അയല്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും മാങ്കുളം വില്ലേജ് ഓഫീസില്‍ നിയമിക്കപ്പെടാറുളളത്. ഇവര്‍ വലിയ തുക മുടക്കി സ്വകാര്യ ലോഡ്ജുകള്‍ വാടകക്കെടുത്ത് വേണം താമസിക്കാന്‍. താമസ സൗകര്യത്തിന്റെ അഭാവത്തില്‍ മുന്‍കാലങ്ങളില്‍ മാങ്കുളം വില്ലേജ് ഓഫീസില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ ജോലിക്കെത്താന്‍ മടി കാണിക്കുന്ന പ്രവണതയും നിലനില്‍ക്കുന്നു. ഇതിനെല്ലാമുള്ള പരിഹാരമായിട്ടാണ് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിച്ചത്.
എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം ഉദ്ഘാടനം നീളുകയാണ്. തീര്‍ത്തും അവികസിതവും, വിസ്തൃതവുമായ മാങ്കുളംവില്ലേജിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണള്ളത്.
താമസ സൗകര്യം പൊതുവെ കുറഞ്ഞ മേഖലയില്‍ ഉദ്യോഗസ്ഥരാണ് പ്രതിസന്ധിയിലാകുന്നത്. താമസ സൗകര്യം ലഭ്യമാകണമെങ്കില്‍ 30 കി.മീ അകലെ അടിമാലിയിലെത്തേണ്ടി വരും. ഇത് ജീവനക്കാരുടെ സമയവും, സാമ്പത്തികവും നഷ്ടമാക്കുന്നു. ഉടന്‍ തന്നെ ക്വാര്‍ട്ടേഴ്‌സ് തുറന്നു കൊടുക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
















