ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടക്കെണിയിലാണ്, ഇനി രക്ഷപ്പെടില്ല എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ ദൈനം ദിനം കൂടിവരികയാണ്. കേന്ദ്രസര്‍ക്കാരും അതിനൊപ്പമുള്ള സ്ഥാപനങ്ങളുമൊക്കെ സ്വീകരിക്കുന്ന ഓരോ നടപടികളെയും വക്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നു. ഏറ്റവുമൊടുവില്‍ ഈ ത്രൈമാസിക ജിഡിപി നിരക്ക് പുറത്തുവന്നപ്പോഴും, തങ്ങളുടെ കരുതല്‍ ധനത്തില്‍ ഒരുഭാഗം സര്‍ക്കാരിന് നല്കാന് റിസര്‍വ് ബാങ്ക് തീരുമാനിച്ചപ്പോഴുമൊക്കെ ചിലര്‍ നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദ്യമേ സൂചിപ്പിക്കട്ടെ, ഇന്ത്യയില്‍ ചില താല്‍ക്കാലിക പ്രതിസന്ധികളുണ്ട്. ഏതൊരു രാജ്യത്തും സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്നം. നാളെകളില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ കുതിപ്പിനുള്ള ഒരുക്കമായി അതിനെ കണ്ടാല്‍ മതി. രാജ്യത്തിന്റെ സമ്പദ്ഘടന സുശക്തമാണ്, ഒരുപക്ഷെ ലോകത്തിലെ പല വികസിത രാജ്യങ്ങള്‍ക്കുമൊപ്പമാണ് ഇന്ത്യ. അതുകൊണ്ട് ആശങ്കയ്ക്ക് വകയില്ല, വരാനുള്ളത് നല്ല നാളുകള്‍ തന്നെ. അതിനായി കാത്തിരിക്കുക.
ഒരു രാജ്യത്ത് എപ്പോഴാണ് പ്രതിസന്ധി ഉണ്ടാവുക? അവിടെ ഉടലെടുക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ അറിയാതെ വരികയും ഭരണകൂടം കണ്ണടച്ച് കഴിയുകയും ചെയ്യുമ്പോഴാണ് അത് ഗുരുതരമാവുക. ഇന്ത്യയില്‍ ഇന്ന് അതല്ല അവസ്ഥ. ഓരോ പ്രശ്നത്തെയും യഥാസമയം തിരിച്ചറിയുന്നു. ബന്ധപ്പെട്ടവര്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. അതിനെ മറികടക്കാനുള്ള നടപടികള്‍ സത്വരമായി സ്വീകരിക്കുന്നു. അതാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് ചെയ്തുവരുന്നത്. അടുത്തകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അതിനുദാഹരണമാണ്. ഇപ്പോള്‍ നടന്നുവരുന്ന ചൈന-യുഎസ് വാണിജ്യ പോരിനിടയില്‍ രണ്ടുരാജ്യങ്ങളിലും നിക്ഷേപം കുറയുന്നത് ശ്രദ്ധിക്കുക. ആ നിക്ഷേപകര്‍ക്ക് ഇന്ന് കടന്നുവരാവുന്ന സ്ഥലം ഇന്ത്യയാണ്. അത് പ്രയോജനപ്പെടുത്താന്‍ ദല്‍ഹി ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.
വേറൊന്ന് വിപണിയില്‍ പണമെത്തുന്നില്ല എന്നതാണ്. അതിന് രണ്ടുമൂന്ന് കാരണമുണ്ട്. ഒന്ന്, നോട്ടുനിരോധനത്തിന് ശേഷം ജനങ്ങളിലുണ്ടായ ഒരു ജീവിതരീതി. വേണ്ടതുമാത്രം വാങ്ങുകയെന്നത്. എന്നാല്‍ ആവശ്യമുള്ളതെല്ലാം അവര്‍ അപ്പോള്‍ വാങ്ങുന്നുമുണ്ട്. ഇ-വ്യാപാരം ശക്തമാവുകയും ചെയ്യുന്നു. ഇന്നിപ്പോള്‍ ഒരാള്‍ക്ക് കടയില്‍ പോകാതെ വീട്ടിലിരുന്നുകൊണ്ട് എന്തും വാങ്ങാനാവുന്നു. അത് വ്യാപകവുമാവുന്നു. തീര്‍ച്ചയായും ഇത് സാധാരണ കച്ചവടക്കാരെ ബാധിക്കുന്നുണ്ടാവാം. ജനങ്ങള്‍ സൗകര്യമാണ് നോക്കുന്നത്. എന്നാല്‍ ഇവിടെയും സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചു. വിപണിയിലേക്ക് കൂടുതല്‍ പണമെത്താന്‍, നിയമാനുസൃതമായി ആവശ്യക്കാര്‍ക്ക് വായ്പ നല്കാന്, പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടത്ര മൂലധനം സര്‍ക്കാര്‍ പ്രദാനം ചെയ്തു. ഈ വര്‍ഷം കൊടുത്തത് 75,000 കോടിയോളമാണ്. മറ്റൊന്ന് റിപ്പോ നിരക്കുകള്‍ കുറക്കുന്നതിന് അനുസൃതമായി പലിശ നിരക്ക് കുറക്കാന്‍ ബാങ്കുകള്‍ മടിച്ചതാണ്. ഇനി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ അത് ബാങ്ക് പലിശ നിരക്കിലും പ്രകടമാകും.
വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അതാണ് ജീവിതശൈലി. ഉദാഹരണങ്ങള്‍ അനവധിയുണ്ട്. റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച കോലാഹലം അത്ര പെട്ടെന്ന് മറക്കുന്നതല്ല. റിസര്‍വ് ബാങ്ക് ഒരു കമ്പനിയാണ്, അതിലെ ഓഹരികള്‍ കേന്ദ്രസര്‍ക്കാരിന്റേതും. അപ്പോള്‍ അതിന്റെ ലാഭം കേന്ദ്രസര്‍ക്കാരിന് അര്‍ഹതപ്പെട്ടതാണ്. അത് 2019ല്‍ മാത്രമല്ല കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. 1935 മുതല്‍ ഇതുവരെ ഓരോവര്‍ഷവും കേന്ദ്രത്തിന് നല്കിവരുന്നുമുണ്ട്. ലാഭവിഹിതം നല്‍കിയശേഷവും ആര്‍ബിഐയുടെ കയ്യില്‍ കുറെ കരുതല്‍ ധനമുണ്ടാവും. സമ്പദ്ഘടനയില്‍ ഇടപെടാനുള്ള കരുതലാണിത്. അത് വേണ്ടതിലധികമാണ് എന്നാണ് സര്‍ക്കാര്‍ കരുതിയത്. അതുകൊണ്ടാണ് കേന്ദ്രബജറ്റില്‍ അതിലൊരുഭാഗം കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്ന് കാണിച്ചത്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റായതിനാല്‍ പ്രതിപക്ഷം അതൊരു രാഷ്ട്രീയ വിഷയമാക്കി. ഖജനാവ് കാലിയായതുകൊണ്ടല്ല, വികസന പദ്ധതികള്‍ കൂടുതല്‍ ഉത്സാഹത്തോടെ നടപ്പിലാക്കാനാണ് കേന്ദ്രം പദ്ധതിയിടാറുള്ളത്. പക്ഷെ, ആര്ബിഐയിലെതന്നെ ചില ബിജെപി വിരുദ്ധ ഉദ്യോഗസ്ഥര്‍ പരസ്യ പ്രസ്താവന നടത്തി. ഉദ്യോഗസ്ഥ വൃന്ദത്തിലെ ചില ദുഷ്ടലാക്കുകാരുടെ സാന്നിധ്യമുണ്ടാക്കുന്ന പ്രശ്നമായിവേണം അതിനെ കാണേണ്ടത്. പക്ഷെ ആര്‍ബിഐ അത് പരിശോധിക്കാന്‍ സ്വന്തം നിലക്ക് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. അവര്‍ കാര്യങ്ങള്‍ പഠിച്ചിട്ട് അധിക കരുതല്‍ ധനത്തില്‍ കുറച്ച് സര്‍ക്കാരിന് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് വിധിയെഴുതി.
ആര്‍ബിഐയുടെ കരുതല്‍ ധനത്തിലുണ്ടായ വര്‍ധനകൂടി ഈ വേളയില്‍ നാം കാണണം. 2011ല്‍ 13.8 ലക്ഷം കോടിയായിരുന്നെങ്കില്‍ 2012ല്‍ 16.2 ലക്ഷം കോടിയായി. ഇപ്പോഴത്, 26.4 ലക്ഷം കോടിയായി ഉയര്‍ന്നു. 2011ലെ അപേക്ഷിച്ച് 2019ല്‍ അത് ഇരട്ടിയായി എന്നര്‍ത്ഥം. അത്രയും കരുതല്‍പണം വെറുതെ ‘പൊതിഞ്ഞുവെക്കുന്നതിന്’ പകരം ജനോപകാരപ്രദമായ, വികസനോന്മുഖമായ പദ്ധതികളില്‍ പ്രയോജനപ്പെടുത്തണം എന്നതായിരുന്നു സര്‍ക്കാരിന്റെ ചിന്ത. അതാണ് ആര്‍ബിഐയുടെ തന്നെ വിദഗ്ധ സമിതി ശരിവെച്ചത്. അതിലെന്താണ് തെറ്റ്? ഇനി ആര്‍ബിഐക്ക് എന്നെങ്കിലും അധികമായി പണം വേണ്ടിവന്നാല്‍ എത്ര വേണമെങ്കിലും കൊടുക്കാനുള്ള ശക്തി ഇന്ന് കേന്ദ്രസര്ക്കാരിനുണ്ടുതാനും. രാഹുല്‍ഗാന്ധി പറഞ്ഞത് മോദി മോഷണം നടത്തുകയാണ് എന്നാണ്. അത്രയ്ക്കെ അദ്ദേഹത്തിന് വിവരമുണ്ടായിരുന്നുള്ളു.
നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി ഏതാണ്ട് പത്തോളം സുപ്രധാന സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഒന്നാം മോദിസര്‍ക്കാര്‍ സ്വീകരിച്ചിരുന്നല്ലോ. അതുമായി ബന്ധപ്പെട്ട് കുറെ നിയമ നിര്‍മ്മാണങ്ങളും ഉണ്ടായി. ഇത്തരം പരിഷ്കരണങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും ചില പ്രശ്നങ്ങള്‍ ഉണ്ടാവാറുമുണ്ട്. അതുകൊണ്ടാണല്ലോ ജിഎസ്ടി നടപ്പിലാക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വര്‍ഷങ്ങളോളം മടിച്ചത്. ഇവിടെ നരേന്ദ്രമോദി തീരുമാനിച്ചത്, താല്‍ക്കാലിക പ്രതിസന്ധി തരണം ചെയ്യണം എന്നാണ്. എന്നാല്‍ പരിഷ്കരണ നടപടികള്‍ വേണ്ടെന്നുവെച്ചില്ല. അതിനപ്പുറം, രാജ്യത്തിന് മാറ്റം അനിവാര്യമാണെന്നും മോദി കരുതി. ‘ഒരു രാജ്യം ഒരു നികുതി’ എന്നതൊക്കെ ഒരുകാലത്ത് ചിന്തിക്കാനാവുമായിരുന്നോ?
കാര്‍ വിപണി ഇന്നിപ്പോള്‍ സജീവമാവുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ കാര്‍ കമ്പനികളുടെ കണക്ക് പുസ്തകം നോക്കിയാല്‍, അവയെല്ലാം ഇപ്പോഴും ലാഭത്തിലാണ് മനസ്സിലാകും. വില്‍പ്പനയില്‍ 12 മുതല്‍ 18 ശതമാനം വരെ കുറവുണ്ടായി എന്നത് ശരിതന്നെ. അത് ഇടക്കൊക്കെ മുന്‍പുമുണ്ടായിട്ടുണ്ട്. അതേസമയം 2018-19 സമയത്തെക്കാള്‍ അധികമാണ് ഈ ആദ്യ പാദത്തില്‍ അവരുണ്ടാക്കിയ ലാഭം. എന്നാല്‍ പോലും അവരുടെ ആശങ്കയെയും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തു. ഇതിനിടയില്‍ ചില പ്രഖ്യാപിത ഏജന്‍സികള്‍ ഇന്ത്യന്‍ വിപണിയെക്കുറിച്ച് നടത്തിയ സര്‍വേകളും ശ്രദ്ധിക്കേണ്ടതാണ്. കോമ്പറ്റീഷന് കമ്മീഷന് നടത്തിയ പഠനത്തില്‍ ഇ-മാര്‍ക്കറ്റിങ് സജീവമാവുന്നത് ചൂണ്ടിക്കാണിച്ചു. മറ്റൊന്ന്, ദീപാവലിയുടെ വിപണി സജീവമാവുമെന്ന വിലയിരുത്തലാണ്. ബാങ്ക് വായ്പ നിരക്കിലെ കുറവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടനെ തന്നെ ചെറിയ ചലനങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു.
ഇന്ന് ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡിലാണ്. 430.5 ബില്യണ്‍ ഡോളര്‍. വിദേശനാണ്യ ആസ്തി 398.33 ബില്യണ്‍ ആകുന്നു. സ്വര്‍ണ്ണശേഖരവും വേണ്ടതിലധികമുണ്ട്. 27.11 ബില്യണ്‍ ഡോളര്‍. ഇവിടെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ലോകത്ത് ഏറ്റവുമധികം സ്വര്‍ണ്ണശേഖരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ പതിനൊന്നാമതാണ്. ഓഹരി വിപണി ഇടക്കൊന്ന് മോശമായെങ്കിലും അടുത്തിടെ 40,000 എത്തിയത് ഓര്‍ക്കുക. ഇന്നിപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ഇന്ത്യക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ടാണല്ലോ സൗദി അറേബ്യയിലെ ‘ആരാംകോ’ ഒരുലക്ഷം കോടി ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറായത്. അവരുടെ നിക്ഷേപം അഞ്ച് ലക്ഷം കോടിയോളമാവും നാളെകളില്‍ എന്നും സൂചനയുണ്ട്. അതുപോലെ പലരും ഇന്ത്യയിലേക്ക് വരുന്നുണ്ട്. അതുകൊണ്ട് ആശങ്കയ്ക്ക് കാരണമില്ല. അതേസമയം കുപ്രചാരണങ്ങളെ കരുതിയിരിക്കുകയും വേണം. രാജ്യം മുന്നോട്ടാണ്, നാളെകള്‍ നരേന്ദ്രമോദിയുടെ ഇന്ത്യയുടേതാണ് എന്നത് മറക്കണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: