കൃതാത്യയാധികരണം
രണ്ടാമത്തേതായ ഈ അധികരണത്തില്‍ അഞ്ച് സൂത്രങ്ങളാണ് ഉള്ളത്.ദേവേലാകത്തില് നിന്നുള്ള ജീവന്റെ മടങ്ങിവരവിനെയാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്.
സൂത്രം കൃതാത്യയേളനുശയവാന് ദൃഷ്ടസ് സ്മൃതിഭ്യാം യഥേതമനേവം ച
കര്‍മ്മഫലം അനുഭവിച്ച് തീരുമ്പോള്‍ ശേഷിക്കുന്ന കര്‍മ്മ വാസനകളോടുകൂടിയവനായി പോയതുപോലെയോ അങ്ങനെയല്ലാതെയോ മടങ്ങിവരുന്നു. ശ്രുതിയിലും സ്മൃതിയിലും അങ്ങനെ പറയുന്നു.
പുണ്യകര്മ്മാഫലാനുഭവത്തിനു ശേഷം ശേഷിക്കുന്ന സംസ്കാരങ്ങളോടുകൂടിയാണ് ദേവലോകത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചു വരുന്നത്.
ഛാന്ദോഗ്യോപനിഷത്തില്‍ ‘തസ്മിന്യാവത് സമ്പാത മുഷിത്വാ ഏതദേവാധ്വാനം പുനര്നിവര്തന്തേ യഥേതം’ അവിടെ ചന്ദ്ര മണ്ഡലത്തില്‍ കര്‍മ്മ ക്ഷയം വരുന്നതുവരെ താമസിച്ചമഷം വന്നതു പോലെ വന്ന വഴി തന്നെ തിരിച്ച പോകും നല്ല കര്‍മ്മങ്ങള്‍ ചെയ്തയാള്‍ ബ്രാഹ്മണര്‍ മുതലായ യോനികളിലും ദുഷ്കര്‍മ്മങ്ങള്‍ ചെയ്തവര്‍ നായ മുതലായ യോനികളിലും ജനിക്കുന്നു. ഇത് ജീവന്റെ തിരിച്ചുവരവിനെ കാണിക്കുന്നത്.
കര്‍മ്മഫലം മുഴുവന്‍ അനഭവിച്ച ശേഷമോ അതോ കര്‍മ്മഫലം ഇനിയും ബാക്കി വെച്ചാണോ വരുന്നത് എന്ന് സംശയമുണ്ടാകാം.
കര്‍മ്മഫലം മുഴുവന്‍ അനുഭവിച്ച ശേഷമാണ് വരുന്നതെന്നാണ് പൂര്‍വപക്ഷം വാദിക്കുന്നത്.വീണ്ടും കര്‍മ്മം ചെയ്യാനായിട്ടാണ് ഭൂമിയിലേക്ക് വരുന്നതെന്നാണ് അവരുടെ പക്ഷം.ഇതിനായി ബൃഹദാരണ്യകത്തിലെ ‘പ്രാപ്യന്തം…കര്മ്മണേ’ എന്ന ശ്രുതി വാക്യവും ഇവര്‍ പ്രമാണമായി പറയുന്നു.
എന്നാല്‍ ഈ വാദം ശരിയല്ല എന്ന് സൂത്രം പറയുന്നു. ‘കൃതാത്യയേ അനുശയവാന്’ എന്ന പദം കര്‍മ്മശേഷത്തെ കാണിക്കുന്നു.
സുകൃത ഫലം തീര്‍ന്നാല്‍
പിന്നെ സ്വര്‍ഗ്ഗലോകത്ത് നിലനില്ക്കാനാവില്ല. കര്‍മ്മങ്ങള്‍ അനുഭവിച്ച് കഴിഞ്ഞ് ബാക്കി വന്നതുമായാണ് ജീവന്റെ തിരിച്ചു വരവ്. എണ്ണ വെച്ച പാത്രത്തില്‍ പറ്റി കിടക്കുന്ന എണ്ണ പോലെ ബാക്കിയായിരിക്കുന്ന കര്മ്മത്തെയാണ് അനുശയമെന്ന് പറയുന്നത്. പാത്രത്തില്‍ നിന്ന് മുഴുവന്‍ എണ്ണയും എടുത്താലും എണ്ണ മെഴുക്ക് അതില്‍ തങ്ങിനില്ക്കും. അത് പോലെ കര്‍മ്മങ്ങള്‍ എല്ലാം അനുഭവിച്ചാലും കര്‍മ്മവാസനകള്‍ പിന്നേയും പറ്റിക്കിടക്കും. ആ കര്‍മ്മ വാസനകളോടുകൂടിയാണ് ജീവന് മടങ്ങുന്നത്. അതിനാലാണ് കര്‍മ്മ ഫലത്തിനനുസരിച്ച് ഈ വാസനയക്കനുസരിച്ച് ഉയര്‍ന്ന യോനികളിലും നീചയോനികളിലുമൊക്കെ ജനിക്കുന്നുവെന്ന് പറയുന്നത്.
അങ്ങനെയെങ്കില്‍ കര്‍മ്മങ്ങളില്ലെങ്കിലും കര്‍മ്മവാസനകള്‍ ജീവനെ അനുഗമിക്കുന്നുവെന്നറിയണം. ആ വാസനയോടു കൂടിയുള്ള കര്മ്മശേഷമാണ് അനുഭവിക്കുന്നത്. യഥാര്‍ത്ഥ ജ്ഞാനം കൊണ്ട് മാത്രമേ കര്‍മ്മങ്ങളുടെ അവശേഷിക്കുന്ന പാടയും ഒട്ടലും നീങ്ങുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: