തദന്തര പ്രതിപത്ത്യധികരണം തുടരുന്നു
സൂത്രം അഗ്ന്യാദിഗതി ശ്രുതേ രിതി ചേന്നഭാക്തത്വാത്
അഗ്നി മുതലായവയിലേക്കുള്ള പോക്കിനെപ്പറ്റിയുള്ള ശ്രുതിയുള്ളതിനാല്‍ ജീവനെ പ്രാണന് അനുഗമിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല.പ്രാണന്റെ ഗമനമില്ല എന്നത് ഗൗണമായ അര്‍ത്ഥത്തിലുള്ള ശ്രുതി വാക്യമാണ്.
കാരണം ഇവിടെ ശ്രുതിയുടെ വിഷയം വേറൊന്നായതിനാല് അപ്രധാനമായ അര്‍ത്ഥം മാത്രമേ ഇക്കാര്യത്തില്‍ പരിഗണിക്കാനാവൂ.
ബൃഹദാരണ്യകത്തില്‍ ഒരാളുടെ മരണകാലത്ത് വാക്ക് അഗ്നിയേയും പ്രാണന് വായുവിനേയും പ്രാപിക്കുന്നതായി പറയുന്നു. അതിനാല്‍ പ്രാണനും ഇന്ദ്രിയങ്ങളും മൂലഭൂതങ്ങളില്‍ ലയിക്കുകയല്ലാതെ ജീവനെ അനുഗമിക്കുന്നില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
എന്നാല്‍ പൂര്‍വപക്ഷ വാദം ശരിയല്ല.ഗൗണമായ കാര്യമാണ് ശ്രുതി വാക്യത്തില്‍ ഉള്ളത്.
ഇവിടെ ആചാര്യനായ യാജ്ഞവല്ക്യന്റെ മറുപടിയിലല്ല ഇത് പറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ചോദ്യകര്‍ത്താവായ ആര്ത്തഭാഗനാണ് ഇത് പറയുന്നത്.ഇതിന് നല്ല മറുപടിയും കിട്ടുന്നുണ്ട്.
പൂര്‍വപക്ഷം ചൂണ്ടിക്കാട്ടിയ ശ്രുതി വാക്യം ചോദ്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഗൗണമായിതന്നെ കാണണം.
ബൃഹദാരണ്യകത്തില്‍ തന്നെ ‘ഓഷധീര്ലോമാനി വനസ്പതീന്‍ കേശാഃ
രോമങ്ങള്‍ ഓഷധികളേയും തലമുടി വനസ്പതികളേയും പ്രാപിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ ഗൗണ അര്‍ത്ഥത്തില്‍ രോമത്തിന്റെയും കേശത്തിന്റെയും ഗതിയെ പറഞ്ഞതുപോലെ തന്നെയാണ് വാക്കിന്റെയും പ്രാണന്റെയും ഗതിയെ പറഞ്ഞത്. രണ്ടിലും മുഖ്യമായിട്ടില്ല.
പ്രാണന് ഗതിയില്ല എന്ന് വന്നാല്‍ ജീവനും ഗതിയില്ല എന്ന് പറയേണ്ടി വരും. കാരണം ഉപാധിയില്ലാതെ ജീവന് നിലനില്‍പ്പില്ല. ജീവനോടു കൂടിയ പ്രാണഗതിയെപ്പറ്റി മറ്റൊരിടത്ത് വ്യക്തമാക്കുന്നുമുണ്ട്. അതിനാല്‍ വാക്ക് മുതലായവയുടെ അധിഷ്ഠാന ദേവതകളായ അഗ്നി തുടങ്ങിയവയ്ക്ക് അവയെക്കൊണ്ട് പ്രയോജനമില്ല. ഇതിനെ കാണിക്കുവാനാണ് വാക്ക് മുതലായവ അഗ്നി തുടങ്ങിയവയില്‍ ചേരുന്നു എന്ന് പറഞ്ഞത്.
സൂത്രം പ്രഥമേ/ശ്രവണാദിതി ചേന്ന താ ഏവ ഹ്യുപത്തേഃ
ഒന്നാമത്തേതായ ദ്യുലോകാഗ്നിയിലോ, ശ്രദ്ധയാകുന്ന ആഹൂതിയിലോ ജല ശബ്ദം കേള്‍ക്കാത്തതിനാല്‍ അത് ശരിയല്ല എന്ന് പറഞ്ഞാല്‍ തെറ്റാണ്. എന്തെന്നാല്‍ അപ്പുകള്‍ തന്നെയാണ് ശ്രദ്ധയെന്ന് പറയുന്നുണ്ട്.
ശ്രുതി വാക്യത്തില്‍ ജലം, പുരുഷന് എന്നീ ശബ്ദങ്ങള്‍ അഞ്ചാമത്തെ ആഹുതിയിലാണ് വരുന്നത്. ഒന്നാമത്തെ ആഹുതിയില്‍ അതില്ല. ഒന്നാമത്തെ ആഹുതിയില്‍ നിന്നാണ് മറ്റെല്ലാ ആഹുതികളും ഉണ്ടാകേണ്ടത്. അതിനാല്‍ ജല ശബ്ദം കൊണ്ട് ദേഹബീജങ്ങളായ ഭൂത സൂക്ഷ്മങ്ങളെ ഗ്രഹിക്കുന്നത് ശരിയല്ല എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
എന്നാല്‍ അത് ശരിയല്ല. ഒന്നാമത്തെ ആഹുതിയായ ശ്രദ്ധയും ജലത്തെ തന്നെയാണ് കാണിക്കുന്നത്. ജലമില്ലാതെ ആഹുതി തന്നെ ഉണ്ടാകില്ല. ശ്രദ്ധയില്‍ നിന്ന് ഉണ്ടാകുന്ന സോമം, വൃഷ്ടി, അന്നം, രേതസ്സ് എന്ന നാല് ആഹുതികളില്‍ ജലാധിക്യമുണ്ട്. ആദ്യത്തെ ആഹുതി മാത്രം ജലബന്ധമില്ലാത്തതാണ് എന്ന് പറഞ്ഞാല്‍ ശരിയാവില്ല.
ജീവന്റെയോ മനസ്സിന്റെയോ ധര്‍മ്മമായ ശ്രദ്ധയെ പ്രത്യേകമെടുത്ത് ഹോമിക്കാനാവില്ല. പൂര്‍വപക്ഷത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞാല്‍ ഇവിടെ ശ്രദ്ധ എന്നത് ജലത്തെ സൂചിപ്പിക്കുന്നതാണ്. അതാണ് യുക്തി.
ജീവാത്മാവിന്റെ ഗതി അന്തിമ സംസ്കാരത്തെയോ സങ്കല്പത്തേയോ അനുസരിച്ചാണ്. അത് പ്രാണനിലൂടെയാണ്. പ്രാണന് ജലമയനാണ്. സങ്കല്പത്തിനുസരിച്ച് ഉള്ള ജീവാത്മാവിന്റെ ഈ പോക്കിനെയാണ് ശ്രദ്ധാ, ജല ശബ്ദങ്ങളെ കൊണ്ട് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: