തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ധൂര്‍ത്തിന് ഒരു കുറവുമില്ലാതെ പിണറായി സര്‍ക്കാര്‍. പ്രളയം മൂലം സംസ്ഥാനത്തെ നിരവധി കുടുംബങ്ങള്‍ താമസിക്കാന്‍ ഒരിടമില്ലാതെയും അവശ്യ സാധനങ്ങള്‍ക്ക് പോലും സാമ്പത്തിക ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് നിയമസഭയില്‍ കോടികള്‍ മുടക്കി മോടി പിടിപ്പിക്കാന്‍ നീക്കം നടത്തുന്നത്.
ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ച് പൂര്‍ണമായും പൊളിച്ച് ആധുനിക ഓഡിറ്റോറിയമാക്കാനാണ് ഇപ്പോള്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി സംസ്ഥാനം പതിനാറ് കോടി രൂപ വകയിരുത്തുകയും ചെയ്തു. അതേസമയം ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് കരാര്‍ നല്‍കിയതെന്നും ആക്ഷേപമുണ്ട്.
നിയമസഭ സമുച്ചയത്തിലെ താഴെ നിലയിലുള്ള മെമ്പേഴ്‌സ് ലോഞ്ചിനെ പുതുക്കി പണിത് ആധുനിക രീതിയിലുള്ള ഓഡിറ്റോറിയമാക്കാനാണ് പദ്ധതി. ഇതിന് സാങ്കേതിക അനുമതി നല്‍കാനായി കഴിഞ്ഞമാസം ആറിനാണ് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചത്. അന്നുതന്നെ കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ പ്ലാന്‍ അംഗീകരിക്കുകയും എസ്റ്റിമേറ്റ് തുകയായ പതിനാറ് കോടി അറുപത്തിയഞ്ച് ലക്ഷം രൂപയ്‌ക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.
നിയമസഭ കടലാസ് രഹിതമാക്കുന്ന 52 കോടിയുടെ നവീകരണ പദ്ധതി ഒരുവശത്ത് നടക്കുന്നതിനിടെയാണ്16 കോടിയുടെ മറ്റൊരു നവീകരണം. കടലാസ് രഹിത നിയമസഭ പദ്ധതിയും ഏല്‍പിച്ചിരിക്കുന്നതും ഊരാളുങ്കല്‍ സൊസൈറ്റിയെ തന്നെ. പദ്ധതിവിവരണത്തിന്റ അടിസ്ഥാനത്തിലും വിവരസാങ്കേതിക വിദ്യയില്‍ ഉള്ള പ്രാവീണ്യം കണക്കിലെടുത്തുമാണ് നിര്‍മാണം അവരെ ഏല്‍പിക്കുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം. കൂടാതെ മുഖ്യമന്ത്രിയുടേയും മന്ത്രി എ.സി. മോയ്തീന്റേയും ഓഫീസുകളും പുതുക്കിപ്പണിയുകയാണ് 80 ലക്ഷം രൂപയാണ് ഇതിനും വകയിരുത്തിയിരുന്നു. അതിനു പിന്നാലെയാണ് നിയമസഭാ മന്ദിരവും മോടിപിടിപ്പിക്കുന്നത്. ഇതോടൊപ്പം എംഎല്‍എ ഹോസ്റ്റലില്‍ ഇരുപതോളം പുതിയ മുറികളുടെ നിര്‍മാണവും തുടരുകയാണ്.
ഓണചെലവിന് പോലും ആയിരം കോടി കടമെടുക്കുകയാണ്. അതേസമയം ലോകകേരള സഭ നടത്താന്‍ പര്യാപ്തമായ ഓഡിറ്റോറിയമാണ് ഉദ്ദേശിക്കുന്നതെന്നും ബജറ്റില്‍ അനുവദിച്ച ഫണ്ട് മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നുമാണ് നിയമസഭ സെക്രട്ടറി പറയുന്നത്.
















