കോട്ടയം: വിജയകാലത്തും സംഘപ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആര്‍എസ്എസ് കുമാരനല്ലൂര്‍ മണ്ഡലം സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപ്രവര്‍ത്തനം സമാജത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു. ഭരണതലത്തിലും നമ്മളെത്തി. എന്നാലും നമ്മുടെ ഉത്തരവാദിത്വങ്ങള്‍ തീരുന്നില്ല. ഈ വിജയത്തിലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. സമൂഹത്തെ ഒന്നിപ്പിക്കുന്ന ധര്‍മ്മവിജയമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അത് സമൂഹത്തില്‍ വെളിച്ചം പകരും. സമാജത്തെ ഏകോപിപ്പിക്കുന്നതാണ് നമ്മുടെ പ്രവര്‍ത്തനം. വിരോധവും അവഗണനയും നാം അതിജീവിച്ചു. തൊണ്ണൂറു വര്‍ഷത്തിന് ശേഷം നമ്മളെ അംഗീകരിക്കുന്നു. സമാജം നമ്മോടൊപ്പം ഉണ്ട്. ഇപ്പോള്‍ നമ്മുടെ പ്രവര്‍ത്തനത്തില്‍ അതീവശ്രദ്ധയും ജാഗ്രതയും പാലിക്കണം. എതിര്‍ക്കുന്നവര്‍ പോലും പറയും രാമായണത്തിന് എണ്ണായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന്. ആ രാമനെ ഇന്നും ജനങ്ങള്‍ തിരിച്ചറിയുന്നു. അത് ധര്‍മ്മത്തിലൂന്നിയ ചിന്തകളായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, ക്ഷേത്രീയ സമ്പര്‍ക്ക് വിഭാഗ് അംഗം എ. ജയകുമാര്‍, സഹപ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്തകാര്യകാരി അംഗം അഡ്വ.എന്‍. ശങ്കര്‍റാം, വിഭാഗ് സംഘചാലക് എം.എസ്. പദ്മനാഭന്‍, സഹവിഭാഗ് സംഘചാലക് പി.പി. ഗോപി, ജില്ലാ സംഘചാലക് എ. കേരള വര്‍മ്മ, വിഭാഗ് കാര്യവാഹ് പി.ആര്‍. സജീവ്, സഹകാര്യവാഹകന്മാരായ ഡി. ശശികുമാര്‍, ആര്‍. സാനു, വിഭാഗ് പ്രചാരക് കിരണ്‍ എന്നിവര്‍ പങ്കെടുത്തു.
















