കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് കുറഞ്ഞു പോയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ കട ജീവനക്കാരെ കൈയ്യേറ്റം ചെയ്തു. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരോടാണ് സിപിഎം പ്രവര്‍ത്തകരുടെ കാടത്തം.
ആഗസ്ത് പതിനഞ്ചിനാണ് സംഭവം നടക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ജഗദംബിക സുദര്‍ശന്റെ നേതൃത്വത്തില്‍ പിരിവിനെത്തിയ സിപിഎം പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മനു അറിയിച്ചു. ദുരിതാശ്വാസ ധനസമാഹരണത്തിനായി എത്തിയവര്‍ക്ക് നൂറു രൂപയാണ് കടയുടമ നല്‍കിയത്. എന്നാല്‍ തുക കുറഞ്ഞു പോയെന്നാരോപിച്ച് കൗണ്‍സിലറും സംഘവും പണം തിരികെ നല്‍കി.
തിരികെ പോകുന്നതിനിടെ സംഘം കടയിലെ സ്റ്റിക്കറില്‍ കേടുപാടുണ്ടാക്കിയത് ചോദ്യം ചെയ്തതോടെ കടയിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്തതെന്നാണ് പരാതി. സംഭവത്തിന് ശേഷം സിപിഎം നേതാക്കള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്നും കടയുടമ പരാതിപ്പെടുന്നു. അതേസമയം സംഭവത്തില്‍ കടയുടമ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.
കടയിലുണ്ടായ നാശത്തിന് നഷ്ടപരിഹാരം തേടിയാണ് കേസ് കൊടുത്തത്. ഇപ്പോള്‍ അതിന്റെ പേരില്‍ നിരന്തരം ഭീഷണി നേരിടുകയാണ്. ഒരു കുടുംബമൊക്കെയുള്ള സാധാരണക്കാരനാണ് താന്‍. സിപിഎം നേതാക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെ ജീവിക്കുമെന്നും മനു പരാതിപ്പെട്ടു.
മുടിവെട്ടിന്റെ പേരില്‍ ലഹരി മരുന്ന് കച്ചവടമാണ് മനുവിന്റെ ബ്യൂട്ടിപാര്‍ലറില്‍ നടക്കുന്നത്. സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറുകയും ചെയ്തു. അതു മറച്ചു വയ്‌ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരോ കള്ളക്കഥകള്‍ ഉണ്ടാക്കുന്നതെന്നാണ് സിപിഎം കൗണ്‍സിലര്‍ ജഗദംബിക സുദര്‍ശനന്‍ ആരാപണത്തിന് മറുപടി നല്‍കിയത്.
















