പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റ ലൈംഗിക പീഡന പരാതിയില്‍ പുറത്താക്കിയ ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ. ശശിയെ വീണ്ടും തിരിച്ചെടുക്കാന്‍ സിപിഎം നീക്കം. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.കെ. ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും. ലൈംഗിക പീഡന പരാതിയെ വിവാദമായതിനെ തുടര്‍ന്ന് 2018 നവംബര്‍ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഈ കാലയളിലെ പി.കെ. ശശിയുടെ നല്ല നടപ്പ് പരിഗണിച്ചാണ് ഇപ്പോള്‍ വീണ്ടും തിരിച്ചെടുക്കുന്നത്.
അതേസമയം ശശിയെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ഇതിനോടകം തന്നെ രംഗതെത്തിയിട്ടുണ്ട്. പാര്‍ട്ടി അനുയായി ആയ സ്ത്രീ നല്‍കിയ പരാതിയില്‍ പോലും ആറുമാസം മാത്രം പുറത്തിരുത്തി വീണ്ടും തിരിച്ചെടുക്കാനുള്ള തീരുമാനം ശരിയല്ലെന്നാണ് അവരുടെ നിലപാട്.
















