തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് വെറും ഫയലില്‍ ഒപ്പിടുന്ന സംസ്ഥാന സെക്രട്ടറിയായി മാറിയെന്നും പിണറായി വിജയന് പലഘട്ടങ്ങളിലും പാര്‍ട്ടിയോട് അനുകമ്പയില്ലാത്ത മുഖ്യമന്ത്രിയാകുന്നുവെന്നും സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുന്നത് സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും. അത് നടപ്പാക്കാന്‍ വേണ്ടി എകെജി സെന്ററും. പേരെടുത്ത് പറഞ്ഞില്ലെങ്കിലും കടുത്ത വിമര്‍ശനമാണ് ഒരാഴ്ച നീണ്ടുനിന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും കോടിയേരിക്കും പിണറായിക്കുമെതിരെ ഉയര്‍ന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ജില്ലാ കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ടിലും ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു ഒരാഴ്ചത്തെ ചര്‍ച്ച. ശബരിമല യുവതീ പ്രവേശനം ആരുടെ തലയിലുദിച്ച ബുദ്ധിയാണെങ്കിലും പാര്‍ട്ടിയെ തകര്‍ത്തുവെന്ന് ആമുഖത്തോടെ തുടങ്ങിയ ചര്‍ച്ച മുഖ്യമന്ത്രിയെ ഉന്നം വച്ചായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ പോലീസിനെ നിയന്ത്രിക്കുന്നു. വിവാദ വിഷയങ്ങളില്‍ നിന്ന് പാര്‍ട്ടി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറണമെന്ന് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാറുണ്ടെങ്കിലും ശബരിമല വിഷയം വിവാദത്തിന്റെ മല കയറിയപ്പോള്‍ ചിലര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. അടിയന്തര കൂടിയാലോചന നടത്താത്തത് എന്തെന്നും വിമര്‍ശനം ഉയര്‍ന്നു.
ഇടത് സര്‍വീസ് സംഘടകളുടെയും ട്രേഡ് യൂണിയന്റെയും അഭിപ്രായം മുഖ്യമന്ത്രി കണക്കിലെടുക്കുന്നില്ല. പരാതികള്‍ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. യൂണിയന് നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാതെ വന്നപ്പോള്‍ അതാത് വകുപ്പുകളിലെ ഇടത് യൂണിയന് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. പറയുന്നതൊന്നും ചെവിക്കൊള്ളാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. കൂടുതല്‍ വിശദീകരിക്കുമ്പോള്‍ ‘നിങ്ങള്‍ ഈ കസേരയില്‍ ഇരുന്ന് ഭരിച്ചോളൂ’ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇങ്ങനെ പോയാല്‍ ഭരണം കഴിയുമ്പോള്‍ സിഐടിയു യൂണിയനില്‍ കടുത്ത വിള്ളല്‍ ഉണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചപ്പോള്‍ കോടിയേരിക്കെതിരെ പ്രത്യക്ഷമായി തന്നെ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി പ്രവര്‍ത്തകരുടെ പരാതികള്‍ കേള്‍ക്കാന്‍ തയാറാകുന്നില്ല. മുഖ്യമന്ത്രി പറയുന്നത് അതേപടി നടപ്പാക്കുന്നു. ബിനോയ് കോടിയേരിയുടെ വിവാഹതട്ടിപ്പ് കേസ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ ഇത്തരം വിവാദത്തില്‍ പെട്ടിരുന്നുവെങ്കില്‍ ചുമതലയില്‍ നിന്ന് മാറി നില്ക്കാന് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിമാര്‍ ആവശ്യപ്പെടുമായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവിതരീതിയെക്കുറിച്ച് അടിക്കടി സംസ്ഥാന നേതൃത്വം ഓര്‍മപ്പെടുത്താറുണ്ട്. ഇത് താഴെക്കിടയിലെ നേതാക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണോയെന്ന് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ചോദ്യമുയരുന്നു. ഒരാഴ്ച നീണ്ട ചര്‍ച്ചകളില്‍ ശബരിമല വിഷയമാണ് ലോക്സഭാ തോല്‍വിക്ക് കാരണമെന്ന് വിലയിരുത്തിയിട്ടും പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ എങ്ങനെ അകന്നു പോകുന്നുവെന്ന് കണ്ടെത്തണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്നായി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: