തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്നു പാഠം പഠിച്ച് ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്തു പ്രാവര്‍ത്തികമാക്കിയ നവോത്ഥാന സമിതിയില്‍ തമ്മില്‍തല്ല്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ തുറന്നടിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തത വരുത്തണം.
വിശ്വാസികള്‍ക്കൊപ്പം എന്ന സിപിഎം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. സമിതിയുടെ തുടര്‍ പ്രവര്‍ത്തനത്തെ ആശങ്കയിലാക്കുന്നതാണ് സിപിഎമ്മിന്റെ തീരുമാനം. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല. പുരോഗമന വീക്ഷണം പുലര്‍ത്തുന്ന ചേരികള്‍ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പുന്നല. ഇതോടെ വിശ്വാസികളെ മുറിവേല്‍പ്പിച്ചു സംഘടിപ്പിച്ച വനിത മതില്‍ ഉള്‍പ്പെടെ നടത്തിയ നവോത്ഥാന സമിതിയിലാണ് തര്‍ക്കം രൂക്ഷമാകുന്നത്.
സിപിഎം സംസ്ഥാന സമിതിയിലെ ചര്‍ച്ചയിലാണു വിശ്വാസ വിഷയത്തില്‍ നിലപാട് മാറ്റാന്‍ സിപിഎം ആഹ്വാനം ചെയ്തത്. മുന്‍പ് കടുത്ത നിലപാട് സ്വീകരിച്ച പല സിപിഎം നേതാക്കളും ഇതോടെ കാലുമാറി. ഇപ്പോള്‍ സിപിഎഎമ്മിനെ മുന്നില്‍ നിര്‍ത്തി ഹൈന്ദവ വിശ്വാസത്തെ ഹനിക്കാന്‍ തുനിഞ്ഞിറങ്ങിയ ചില ബുദ്ധിജീവികളും പുരോഗമനക്കാരും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചതും ഹൈന്ദവ വിശ്വാസങ്ങളെ മാനിക്കാതിരുന്നതുമാണ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നാണു സമിതിയുടെ വിലയിരുത്തല്‍. ഭൂരിപക്ഷ വര്‍ഗീയതയെന്നു നിരന്തരം ആവര്‍ത്തിക്കുന്ന പാര്‍ട്ടി ന്യൂനപക്ഷ വര്‍ഗീതയെ പറ്റി മിണ്ടാത്തത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍.ബരിമല യുവതീപ്രവേശത്തിനു മുന്‍കൈ എടുക്കേണ്ടെന്നാണു സിപിഎം തീരുമാനം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാല്‍ മതി. ഈ തീരുമാനം രേഖയിലുള്‍പ്പെടുത്തി. ജനങ്ങളോടു വിനയത്തോടെ ഇടപെട്ടു വിശ്വാസം വീണ്ടെടുക്കണമെന്നതും നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നതും തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തി. വിശ്വാസികള്‍ക്കൊപ്പമാണെന്നു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണം.
സംഘടനാസംവിധാനത്തെ അടിമുടി ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. ആറുദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ശബരിമലയില്‍ ഒരു തിരുത്തല്‍ വേണമെന്ന പൊതു വികാരമാണ് ഉയര്‍ന്നത്. നിലപാടില്‍ മാറ്റം വരുത്താനാവാത്തതിനാല്‍ യുവതിപ്രവേശത്തിന് മുന്‍കൈ എടുക്കേണ്ടെന്ന് നേതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ നവോത്ഥാന സമിതിയും അടിച്ചുപിരിയുന്ന അവസ്ഥയില്‍ എത്തിയത്.
















