തൃശൂര്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുള്ളയുടെ തൃശൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. കൊടുങ്ങല്ലൂരിലെ വീട്ടില്‍ മതിലകം പോലീസാണ് രാവിലെ എത്തി പരിശോധന നടത്തിയത്.
വീട്ടിലെത്തി നാസില്‍ അബ്ദുള്ളയുടെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. നാസിലിന്റെ തൊഴില്‍ എന്താണ്, നാട്ടില്‍ എന്നെത്തും തുടങ്ങിയ വിവരങ്ങളാണ് പോലീസ് മാതാപിതാക്കളില്‍ നിന്നും ചോദിച്ചറിഞ്ഞത്. എന്നാല്‍ വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പോലീസും അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നാസില്‍ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തില്‍ ഇപ്പോള്‍ കേസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും, തുഷാറും ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാസിലിന്റെ വീട്ടില്‍ പരിശോധന നടത്തിയിരിക്കുന്നത്.
കേസില്‍ ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്ക് വിളിച്ചു വരുത്തിയ തുഷാറിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നപ്പോള്‍ ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച നാസിലിന് വണ്ടിച്ചെക്ക് നല്‍കിയെന്നതാണ് തുഷാറിനെതിരേയുള്ള കേസ്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.
















