കൊച്ചി : അഭിമന്യു വധക്കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികള്‍ തന്നെ. കേസിലെ വിചാരണ നടപടികളും നീണ്ടു പോവുകയാണ്. ഒളിവിലുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തീകരിക്കാനാകൂ. അഭിമന്യൂ വധക്കേസില്‍ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴും കേസന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണ് ഇപ്പോള്‍ നീങ്ങുന്നത്.
അഭിമന്യുവിനെ കുത്തിയെന്ന് കരുതുന്ന നെട്ടൂര്‍ സ്വദേശി സഹല്‍, സുഹൃത്ത് അര്‍ജുനെ കുത്തിയെന്ന് കരുതുന്ന അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹിം എന്നിവരുള്‍പ്പെടെയുള്ള പ്രധാന പ്രതികളാണ് ഒളിവിലുള്ളത്. കേസില്‍ വിചാരണയ്‌ക്കായി 16 പേര്‍ക്കെതിരേയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ വിചാരണ നേരിടുന്ന പ്രതികളുടെ ഗൂഢാലോചന പൂര്‍ണമായി തെളിയിക്കുന്നതിന് ഒളിവിലുള്ള പ്രതികളുടെ സാന്നിധ്യം അനിവാര്യമാണ്. അതേസമയം കുറ്റപത്രം സമര്‍പ്പിച്ച മുഴുവന്‍ പ്രതികളുടെയും വിചാരണ ഒരുമിച്ചുനടത്താനുള്ള സാധ്യത പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്. കേസിലെ നിര്‍ണായക തെളിവുകളായ ഫൊറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതും മുഖ്യപ്രതികളുടെ അസാന്നിധ്യവും കേസ് ദുര്‍ബലപ്പെടുത്തിയേക്കും.
മുഖ്യ പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രം നല്‍കാനാണ് ഇപ്പോള്‍ പോലീസ് ശ്രമിച്ചു വരുന്നത്.
















