തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹിമാചലിലെ കനത്ത മഴയിലും പ്രളയത്തിലും പെട്ടു പോയ നടി മഞ്ജു വാര്യരും സംഘവും പ്രാര്‍ഥനകള്‍ക്കും വലിയ മനസുകള്‍ക്കും നന്ദി അറിയിച്ചു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ മുഴുവന്‍ ടീമും ഞാനും സുരക്ഷിതരായി രാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു…മണ്ണിടിച്ചിലും മഞ്ഞ് വീഴ്ചയും മൂലം ആറ് ദിവസത്തോളം ഹിമാചലിലെ ഛത്രുവില്‍ കുടുങ്ങിയ ശേഷം ഞങ്ങളിപ്പോള്‍ പൂര്‍ണമായും സുരക്ഷിതരാണ്… രക്ഷാപ്രവര്‍ത്തനം ഉത്തരവാദിത്തത്തോടെയും വേഗത്തിലും നടപ്പിലാക്കിയ വലിയ മനസ്സുകളോട് നന്ദി പറയുന്നു.. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും ഓരോരുത്തരോടും നന്ദി പറയുന്നു..’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം മഞ്ജുവും സംഘവും കനത്ത മഞ്ഞു വീഴ്ചയില്‍ സാഹസികമായി നടന്നു നീങ്ങുന്ന വീഡിയോയും ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
ചോലയ്‌ക്കു ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്‌ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്. സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവര്‍. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലായിരുന്നു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരാണ് ഷൂട്ടിങ് സംഘം ഹിമാചലില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ കഴിഞ്ഞ ദിവസം ഛത്രുവില്‍ തന്നെ തുടര്‍ന്ന സംഘത്തെ ബുധനാഴ്‌ച്ച ഉച്ചയോടെ കോക്‌സാര്‍ ബേസിലെത്തിച്ചുവെന്നും മണാലിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
















