കോട്ടയം: ഏറെ വിവാദമായ കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയെന്ന് കോടതി. കേസിലെ പത്തു പ്രതികള്‍ കുറ്റക്കാരെന്നും കോട്ടയം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനുള്ള വാദംത്തിനായി ആണു വിധി പ്രസ്താവം ഇന്നത്തേക്കു മാറ്റിയത്. അതേസമയം, കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തി. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്. ഇതില്‍ പത്തു പേരും കുറ്റക്കാരാണെന്നും കോടതി. ഏഴു പ്രതികള്‍ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാന്‍ഡിലാണ്. 2 പ്രതികള്‍ ആറു മാസത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മര്‍ദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കിയിരുന്നു.
2018 മേയ് 28നായിരുന്നു സംഭവം.തെന്മലയ്‌ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി അവര്‍ കടന്നുകളഞ്ഞു. പിന്നീട് തെന്മലയില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരില്‍ രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യന്‍, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛന്‍ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവരുമായി പല തവണ ഫോണില്‍ സംസാരിക്കുകയും ചെയ്ത എഎസ്‌ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയില്‍ വിസ്തരിച്ചു. പ്രധാന സാക്ഷികള്‍ എല്ലാം പ്രതികള്‍ക്കെതെരേ മൊഴി നല്‍കിയ മൊഴി കേസില്‍ ഏറെ സുപ്രധാനമായിരുന്നു. കേരളത്തില്‍ അത്യപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദുരഭിമാനക്കൊലയായി മാറുകയാണ് കെവിന്റേത്.
















