തിരുവനന്തപുരം: മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്‌ക്കും മോദിക്കും പേടിക്കാനില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. രാജ്യത്തെ കട്ടുമുടിച്ച് അഴിമതിക്കാരെല്ലാം കുടുങ്ങും. കോണ്‍ഗ്രസ് നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി.
ഐഎന്‍എക്‌സ് മീഡിയാ അഴിമതി കേസില്‍ ചിദംബരത്തെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്‌ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റമാണ്. അഴിമതിക്കേസില്‍ അമ്മയും മകനും ജാമ്യത്തില്‍ ഇറങ്ങിയിട്ടാണ് വീരവാദം.
യുപിഎ ഭരണകാലത്ത് ലക്ഷക്കണക്കിന് കോടിയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. എല്ലാം പുറത്തുവരാന്‍ പോകുന്നതേയുള്ളൂ. കള്ളന് കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂവെന്നും സുരേന്ദ്രന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
















