ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് നാടകീയമായി യുഎഇ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ചയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്.
അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് തുഷാറിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍. അതേസമയം ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും.
പത്ത് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്മാനില്‍ നേരത്തെ തുഷാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി.
എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി തുഷാര്‍ കൈമാറിയിരുന്നു. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിലാണ് കേസ് നിലനില്‍ക്കുന്നത്.
















