അജ്മാന്‍: വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍. അജ്മാനില്‍ വച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (19 കോടിയോളം) ബിസിനസ്സ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നതാണ് കേസ്.
വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം.എ. യൂസഫലിയുടെ സഹായവും തുഷാറിന്റെ കുടുംബം തേടുന്നുണ്ട്.
പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ളയ്‌ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി. ബിസിനസ് നഷ്ടത്തിലായി നിര്‍ത്തിയെങ്കിലും പങ്കാളിക്ക് നല്‍കാനുണ്ടായിരുന്ന പണം നല്‍കിയില്ലെന്നതാണ് കേസ്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് നാസിലിന്റെ പരാതിയില്‍ അജ്മാനിലെത്തിയ തുഷാറിനെ ഹോട്ടലില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ നിയമ സാധുത ഇല്ലെന്നാണ് തുഷാര്‍ പറയുന്നത്.
















