കോട്ടയം : കെവിന്‍ വധക്കേസില്‍ കോട്ടയം സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ദുരഭിമാനക്കൊലയായാണ് കേസ് പരിഗണിക്കുന്നതെങ്കില്‍ വധ ശിക്ഷ വരെ പ്രതികള്‍ക്ക് ലഭിക്കാം. രാവിലെ 11 മണിക്കാണ് വിധി പ്രസ്താവന.
ജൂലൈ 30 നാണ് കെവിന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്‍ റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയത്. കേസില്‍ ഇതുവരെ 238 രേഖകളും അമ്പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു കഴിഞ്ഞു.
ഈ മാസം 14ന് കേസില്‍ ആദ്യം വിധി പറയാനിരുന്നതാണ്. എന്നാല്‍ ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വിധി പ്രസ്താവന നീട്ടിവെയ്‌ക്കുകയായിരുന്നു. പിന്നീട് ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടു.
സംഭവം ദുരഭിമാനക്കൊലയാണെന്ന വിധി വന്നാല്‍ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് സംസ്ഥാനത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ കേസ് കണക്കാക്കും.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് പിതാവ് ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
കെവിന്റെ ഭാര്യ നീനുവിന്റ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തില്ല.
2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണിനില്ലെന്ന് അച്ഛന്‍ ജോസഫ് ഗാന്ധി നഗര്‍ പോലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പോലീസ് പരാതി അവഗണിച്ചു. സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും വിഷയം വിവാദമാകുകയും ചെയ്തതോടെയാണ് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പോലീസ് കേസെടുക്കാന്‍ മുതിര്‍ന്നത്.
















