ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍വന്ന തൊഴില്‍ നിയമവും തൊഴില്‍ തര്‍ക്കനിയമവും അടിസ്ഥാന നിയമത്തില്‍ മാറ്റം കൂടാതെ തുടരുകയാണ്. നീണ്ട 71 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമത്തില്‍ കാതലായൊരു മാറ്റം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് റിട്രസ്സല്‍ ആന്‍ഡ് ഗ്രിവന്‍സ് ബില്‍-1988 എന്ന പേരില്‍ ഒരു ബില്ല് കൊണ്ടുവരാന്‍ ശ്രമമുണ്ടായി. ട്രേഡ്യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്ല് പിന്‍വലിക്കേണ്ടിവന്നു.
മോദിസര്‍ക്കാര്‍ നടപ്പാക്കിയത്
തൊഴില്‍കാര്യ കമ്മീഷന്റെ ശുപാര്‍ശ
രാജ്യത്ത് ഒട്ടേറെ തൊഴില്‍ നിയമങ്ങളുണ്ട്. ഇത് അഞ്ച് വിഭാഗങ്ങളിലാക്കി സംയോജിപ്പിക്കണമെന്ന് രണ്ടാം ദേശീയ തൊഴില്‍ കാര്യ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2002 ജൂണ്‍മാസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ (എ) വ്യവസായ ബന്ധം (ബി) വേതനം (സി) സാമൂഹ്യസുരക്ഷ (ഡി) സുരക്ഷ (ഇ) ക്ഷേമവും മറ്റ് വ്യവസ്ഥകളും എന്നിങ്ങനെ നിയമങ്ങള്‍ സംയോജിപ്പിക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലാളി, മാനേജ്മെന്റ്, സര്‍ക്കാര്‍, പ്രതിനിധികള്‍ ഉള്‍പ്പടുന്ന ത്രികക്ഷി സമിതി മുമ്പാകെ തൊഴില്‍നിയമ പരിഷ്കാരത്തെ സംബന്ധിച്ച വിശദവിവരം നല്‍കുകയും ബില്ലിന്റെ കോപ്പി വിതരണം ചെയ്യുകയും അഭിപ്രായം സ്വരൂപിക്കുകയും ചെയ്തിരുന്നു.
സംയോജനവും പരിഷ്ക്കരണവും
എഴുപത്തിനാല് തൊഴില്‍ നിയമങ്ങളെ സംയോജിപ്പിച്ച് നാല് കോഡുകളാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കോഡ്ഓണ്‍ വേജസ്, കോഡ്ഓണ്‍ ഇിന്‍ഡസ്ട്രിയല്‍ റിലേഷന്‍, കോഡ്ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി, കോഡ്ഓണ്‍ സേഫ്റ്റി ആന്റ് ഒക്യുപ്പേഷന് എന്നിവയാണിത്.
നിര്‍ദ്ദിഷ്ട ബില്ലുകളിലെ ആദ്യബില്ലാണ് കോഡ്ഓണ്‍ വേജസ് ബില്‍-2019. ജൂലയ് 23ന് ബില്ല് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി.
1. മിനിമം വേജസ് ആക്ട് 1948
2. പേയ്മെന്റ് ഓഫ് വേജസ് ആക്ട് 1936
3. പേയ്മെന്റ് ഓഫ് ബോണസ് ആക്ട് 1965
4. ഈക്വല്‍ റിമ്യുണറേഷന്‍ ആക്ട് 1976. എന്നീ നിയമങ്ങളാണ് കോഡ്ഓണ്‍ വേജസ് ബില്ലില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ത്രികക്ഷി സമിതിക്ക് പുറമെ ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും പരിശോധിക്കുകയുണ്ടായിട്ടുണ്ട്. ബിഎംഎസ് ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇതര ട്രേയ്ഡ് യൂണിയനുകളാകട്ടെ ബില്ലിനെ സമഗ്രമായി വിലയിരുത്തുന്നതിനുപകരം രാഷ്ട്രീയ ലക്ഷ്യത്തിനായി പതിവുപോലെ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.
ബില്ല് കൊണ്ടുവരുന്ന പ്രധാനമാറ്റം
നിലവില്‍ മിനിമം വേതനം ലഭിക്കുന്നത് ഷെഡ്യുള്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാത്രമാണ്. ബില്ലില്‍ ഈ വ്യവസ്ഥ എടുത്തുകളഞ്ഞു. ഇതോടെ ഷെഡ്യൂള്‍, നോണ്‍ഷെഡ്യൂള്‍ എന്ന വകഭേദമില്ലാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭിക്കാനുള്ള സാഹചര്യം സംജാതമാകും. ഇന്നലെവരെ രാജ്യത്ത് നാല്‍പ്പത് ശതമാനം തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം നൂറുശതമാനം തൊഴിലാളിക്കും ലഭിക്കുമെന്ന സ്ഥിതി വന്നിരിക്കുന്നു. അമ്പതുകോടി തൊഴിലാളിക്ക് ഇതിന്റെ ഗുണം ലഭിക്കും. വലിയൊരു വിഭാഗത്തിന്റെ ക്രയശേഷിയും ജീവിത നിലവാരവും ഇതോടെ ഉയരും.
നിലവില്‍ മിനിമം വേതനനിയമം ബാധകമാകാതിരുന്ന കോണ്‍ട്രാക്ട് തൊഴിലാളിക്കും സംഘടിതം, അസംഘടിതമെന്ന വകഭേദമില്ലാതെയും തൊഴിലാളികള്‍ക്ക് മിനിമംവേതനം ബില്ല് ഉറപ്പാക്കുന്നു. രണ്ടായിരത്തിലധികം മിനിമം വേജസുകള്‍ രാജ്യത്ത് നിലവിലുള്ളത് വളരെ ചുരുങ്ങും. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തൊഴില്‍ വൈദഗ്ദ്യവും കണക്കാക്കിയായിരിക്കും ഇനിമേല്‍ മിനിമം വേജസ് നിശ്ചയിക്കുന്നത്.
മറ്റൊരു പ്രധാന നിര്‍ദ്ദേശം ഇന്നലെവരെ ഇരുപത്തിനാലായിരം രൂപയില്‍ കൂടുതല്‍ ശമ്പളം പറ്റുന്നവര്‍ക്ക് ബാധകമല്ലാതിരുന്ന പല നിയമങ്ങളും തിരുത്തി ശമ്പളപരിധിയില്ലാതെ ഏവര്‍ക്കും ബാധകമാക്കിയിട്ടുണ്ട്.
മിനിമം വേതനവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം അനുബന്ധ നിയമങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് വളരെയധികം തൊഴില്‍തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നത് നിയമം ലളിതമാക്കിയതോടെ അവസാനിക്കും.
അഡൈ്വസറി ബോര്‍ഡുകള്‍്
തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ തുല്ല്യമായും ഇതിന്റെ മൂന്നിലൊന്ന് വരുന്ന നിഷ്പക്ഷവിഭാഗം പ്രതിനിധികളും അഞ്ച് സംസ്ഥാന പ്രതിനിധികളും ആദ്യവിഭാഗത്തിന്റെ മൂന്നിലൊന്ന് വിഭാഗം സ്ത്രീകളുമടങ്ങുന്നതായിരിക്കും സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ്. നിഷ്പക്ഷ വിഭാഗത്തില്‍നിന്ന് ഒരാള്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കും.
ഇതേരീതിയില്‍ തന്നെയാണ് സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡും രൂപീകരിക്കുന്നത്. സംസ്ഥാന ബോര്‍ഡിന് കീഴില്‍ കമ്മിറ്റികളോ സബ് കമ്മിറ്റികളോ രൂപീകരിക്കുമെന്നും വ്യവസ്ഥയുണ്ട്. കേന്ദ്ര അഡൈ്വസറി ബോര്‍ഡ് നിശ്ചയിക്കുന്നതില്‍ കുറഞ്ഞ വേതനം ഒരു സംസ്ഥാനത്തും സ്ഥാപനത്തിലും നല്കാന് പാടില്ലാത്തതുമാകുന്നു. നിയമത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള നിയമമനുസരിച്ച് തൊഴിലാളിക്ക് തര്‍ക്കമുന്നയിക്കാനുള്ള കാലാവധി രണ്ടുവര്‍ഷമായിരുന്നത് മൂന്നു വര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രധാന ചുമതല
മിനിമം വേതനം നിശ്ചയിക്കുക. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ വേതനം പുതുക്കി നിശ്ചയിക്കുക. സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം വര്‍ദ്ധിപ്പിക്കുക, സ്ത്രീകള്‍ക്ക് തൊഴില്‍ പങ്കാളിത്തം ലഭിക്കത്തക്കവിധമുള്ള വകുപ്പുകള്‍ ഏതെന്ന് കണ്ടെത്തി അതിനുവേണ്ടി നോട്ടിഫിക്കേഷന്‍ നടത്തുക. കൂടാതെ വേജ് കോഡുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍, പ്രയാസങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ മുമ്പാകെ കൊണ്ടുവരാവുന്നതുമാണ്.
മിനിമം വേതനം നിശ്ചയിക്കുന്നതിനും പുതുക്കി നിശ്ചയിക്കുന്നതിനും ത്രികക്ഷി സമിതികള്‍ സമയാസമയങ്ങളില്‍ രൂപീകരിക്കേണ്ട ചുമതലയും ബോര്‍ഡില്‍ നിക്ഷിപ്തമാണ്.
തൊഴില്‍ വൈദഗ്ദ്ധ്യമനുസരിച്ചുള്ള കൂലിയും, കൂടുതല്‍ സമയം ജോലി ചെയ്താല്‍ ചെയ്യുന്ന സമയത്തിന് ഇരട്ടിവേതനവും നല്‍കണം.
വേജ്കോഡ് സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ എന്തെന്ന് തൊഴിലാളികള്‍ക്ക് ബോധ്യമാകും വിധമുള്ള ചട്ടങ്ങളും തൊഴിലാളികളുടെ പേരുവിവരവും തസ്തികയും അവര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ വിവരവും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. തൊഴിലാളിക്ക് വേജസ് സ്ലിപ്പ് ലഭ്യമാക്കുകയും ബാങ്കുവഴി വേതനം നടത്തുകയും വേണം. അകാരണമായി തൊഴിലാളിയുടെ വേതനവും ബോണസും വെട്ടിക്കുറയ്ക്കാനോ, തടഞ്ഞുവയ്ക്കാനോ പാടുള്ളതല്ല.
വേജ് കോഡ് തൊഴിലാളിക്ക് നല്കുന്ന വിവിധങ്ങളായ പരിരക്ഷ ഉറപ്പുവരുത്താന്‍ ഇന്‍സ്പക്ടര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍ പരിശോധന നടത്തണം. ഇന്റര്‍നെറ്റ് സംവിധാനമടക്കം ഉപയോഗപ്പെടുത്തിയായിരിക്കണം ഇത്തരം പരിശോധന നടത്തേണ്ടത്. അടിസ്ഥാന നിയമങ്ങളുടെ അന്തസ്സത്ത നഷ്ടപ്പെടാതെയും, ആവര്‍ത്തനം ഒഴിവാക്കിയും നിയമങ്ങളെ ലളിതവത്കരിച്ചും ഇന്നലെവരെ മിനിമം വേതനമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്നു. രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കിയും നിലവില്‍വന്ന കോഡ്ഓണ്‍ വേജസ് ബില്ല് ചരിത്രപരമായൊരു മാറ്റം തൊഴില്‍ മേഖലയില്‍ കൊണ്ടുവന്നിരിക്കുന്നു.
(ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: