തിരുവനന്തപുരം: തന്റെ മാതാവിനെ സിപിഎം നേതൃത്വം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടു. ഇന്നു വൈകിട്ട് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ വച്ചാണ് മിലന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ യെച്ചൂരിക്ക് പരാതി നല്‍കിയത്. മാതാവിനെയും തന്നെയും ചില നിലപാടുകള്‍ എടുത്തതിന്റെ പേരിലാണ് വേട്ടയാടുന്നത്. മാതാവിന്റെ ജോലി വരെ സിപിഎം നേതൃത്വം കളയിച്ചുവെന്നും മിലന്‍ പരാതിപ്പെട്ടു.
സിഡ്കോയില്‍ കരാര്‍ ജീവനക്കാരിയും പിന്നീട് ദിവസവേതനത്തിലേക്കും മാറ്റിയ ആശയെ കഴിഞ്ഞ മെയ് ആറിന് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. മകന്‍ മിലന്‍ ശബരിമല പ്രക്ഷോഭത്തില്‍ ബിജെപിക്കൊപ്പം സഹകരിച്ചതിന് ശേഷമുള്ള പ്രതികാര നടപടിയുടെ ഭാഗമാണിതെന്നാണ് ആശ പറഞ്ഞത്. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയും സിഡ്കോ ജീവനക്കാരിയുമായ ലില്ലിയുടെ അടക്കം ഇടപെടലുകള്‍ പരാമര്‍ശിച്ച് സിപിഎം നേതൃത്വത്തിന് ആശ പരാതി നല്‍കിയിരുന്നു. പാര്‍ട്ടി തീരുമാനപ്രകാരമാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി ഇ പി ജയരാജന്‍ തന്നെ അറിയിച്ചതായും ആശ പരാതിയില്‍ വ്യക്തമാക്കുന്നു. ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സിഡ്കോയില്‍ ജോലി തിരികെ ലഭിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നാണ് ആശ ആപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ സിപിഎം നേതൃത്വം തയാറായില്ല.
തുടര്‍ന്ന് ലോറന്‍സിന്റെ മകള്‍ ഗവര്‍ണറെ കണ്ടും പരാതി നല്‍കിയിരുന്നു.. മകന്‍ ബിജെപി വേദിയിലെത്തിയതിന്റെ പ്രതികാരമായി തന്റെ ജോലി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന പരാതിയാണ് ഗവര്‍ണര്‍ക്കു കൈമാറിയെന്ന് ആശ ലോറന്‍സ് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നും സിപിഎം പ്രതികാര നടപടികള്‍ സ്വീകരിച്ചതോടെയാണ് മിലന്‍ നേരിട്ട് യെച്ചൂരിയെ കണ്ടത്. എന്നാല്‍, കൃത്യമായ ഉറപ്പുളൊന്നും അദേഹം ലോറന്‍സിന്റെ കൊച്ചുമകന് നല്‍കിയില്ല.
















