കാട്ടാക്കട: ചെത്തിയും ചെമ്പരത്തിയും തുമ്പയുമെല്ലാം അരങ്ങൊഴിഞ്ഞ മലയാളിയുടെ പൂക്കളങ്ങളെ വര്‍ണാഭമാക്കാന്‍ മറുനാട്ടില്‍ പൂത്തുലയുന്നു പൂപ്പാടങ്ങള്‍. കേന്തിയും മുല്ലയും ചെണ്ടുമല്ലിയും പിച്ചിയുമൊക്കെ ഓണക്കാലത്ത് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നു. മലയാളിയുടെ മുറ്റത്ത് പൂക്കളം ഒരുക്കുന്നത് വര്‍ഷങ്ങളായി തോവാളയിലെ പൂ ചന്തയാണ്.
തിരുവനന്തപുരത്തുനിന്നു 62 കിലോമീറ്റര്‍ തമിഴകത്തേക്ക് സഞ്ചരിച്ചാണ് തോവാളയില്‍ എത്താനാവുന്നത്. റോഡരികില്‍തന്നെയാണ് പൂവ് മാര്‍ക്കറ്റ്. പുലര്‍ച്ചെ അഞ്ചുമണിക്ക് ചന്ത സജീവമാകും. മൈതാനത്ത് ടാര്‍പോളിന്‍ നിറച്ച് പൂക്കള്‍ നിരത്തിയാണ് വ്യാപാരം. ഹൊസൂരില്‍നിന്ന് മഞ്ഞ ബന്തിപ്പൂക്കളും റോസും മധുരയില്‍നിന്ന് കൊളുന്തും ഡിണ്ടിഗലില്‍നിന്ന് അരളിയും ഇവിടേക്കെത്തും. തുളസിപ്പൂവ്, ഓറഞ്ചുബന്തി, വെല്‍വെറ്റ് പൂക്കള്‍, മുല്ലപ്പൂ എന്നിവ തോവാളയുടെ പരിസരപ്രദേശങ്ങളിലെ പൂപ്പാടങ്ങളിലാണ് കൃഷി ചെയ്‌തെടുക്കുന്നത്.
ഓണക്കാലം തോവാളക്കാര്‍ക്ക് സമൃദ്ധിയുടെ ദിനങ്ങളാണ്. അത്തക്കളം നിറയ്‌ക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ പൂവുതേടി എത്തുന്ന മലയാളികളെ എതിരേല്‍ക്കാന്‍ തോവാള ചന്തയില്‍ പൂക്കുന്നുകള്‍ നിറയും.
പൂക്കള്‍ വസന്തം വിടര്‍ത്തുന്ന പൂപ്പാടങ്ങള്‍ കാണണമെങ്കില്‍ തോവാളയ്‌ക്കടുത്ത് പഴപൂരില്‍ എത്തണം. ജമന്തിയും മുല്ലയും ചന്തം വിരിയിക്കുന്ന പൂന്തോട്ടങ്ങളാണ് അവിടെ കൂടുതല്‍. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുമുള്ള കാറ്റേറ്റ് കൂടുതല്‍ സുഗന്ധം പരത്തുന്നു ഇവിടത്തെ മുല്ലപ്പൂക്കള്‍.
















