തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്‍മാരെ അണിയിച്ചൊരുക്കാന്‍ കൃഷ്ണവേഷം തയാറാക്കുന്ന തിരക്കിലാണ് ഒരുകൂട്ടം ഭഗിനി പ്രവര്‍ത്തകര്‍. ബാലഗോകുലം വെള്ളറട താലൂക്കിലെ ഭഗിനിപ്രവര്‍ത്തകരാണ് കുഞ്ഞോമനകള്‍ക്ക് അമ്പാടിക്കണ്ണനായി അണിഞ്ഞൊരുങ്ങാന്‍ പൊന്‍കിരീടവും മഞ്ഞപ്പട്ടുടയാടയും ഓടക്കുഴലും തയ്യാറാക്കുന്നത്. വെള്ളറട താലൂക്കിലെ ബാലഗോകുലങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ശ്രീകൃഷ്ണവേഷം ഇവര്‍ തയാറാക്കി തുടങ്ങിയത്. പരിശീലനം നേടിയ ഭഗിനിപ്രവര്‍ത്തകരാണ് കൃഷ്ണവേഷം തയാറാക്കുന്നത്.
ലാഭേച്ഛയില്ലാതെ കുറഞ്ഞവിലയില്‍ കൃഷ്ണവേഷം നിര്‍മിച്ചുനല്‍കുന്നു എന്ന് കേട്ടറിഞ്ഞ മറ്റ് സ്ഥലങ്ങളിലെ പ്രവര്‍ത്തകര്‍ കൃഷ്ണവേഷത്തിനായി ഇവരെ സമീപിക്കുകയാണ്. കേരളത്തിലെ മറ്റ് ജില്ലകളിലേക്കും ആവശ്യമായ കൃഷ്ണവേഷം ഇവര്‍ നിര്‍മിച്ചു നല്‍കുന്നു. പൊന്‍കിരീടവും കൈപ്പട്ടയും ഓടക്കുഴലിനും കൂടി 50 രൂപയാണ് ഈടാക്കുന്നത്. ഉടയാടയും കൂടിചേര്‍ന്ന പൂര്‍ണവേഷത്തിന് 250 രൂപയാണ്. വിപണിയിലെ താങ്ങാനാകാത്ത വിലയാണ് ഗോകുലപ്രവര്‍ത്തകരെ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ചിന്തിപ്പിച്ചത്.
രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന പ്രവര്‍ത്തി നൈപുണ്യത്തിന്റെ ഭാഗമായി ഭഗിനിമാര്‍ക്ക് ഉല്‍പ്പന്ന നിര്‍മാണ പരിശീലനം ബാലഗോകുലം നല്‍കി വരുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഭഗിനിമാര്‍ കൃഷ്ണവേഷത്തിന്റെ നിര്‍മാണപരിശീലനവും നേടിയത്. ഗ്രാമജില്ലാ സഹഭഗിനി പ്രമുഖ് അശ്വതി, താലൂക്ക് ഭഗിനിപ്രമുഖ് ശാരിക എന്നിവരുടെ നേതൃത്വത്തില്‍ ചിത്രാഭാസ്‌കര്‍, ശരണ്യ എന്നീ ഭഗിനിപ്രവര്‍ത്തകരാണ് താലൂക്കിലെ ഭഗിനിമാര്‍ക്ക് പരിശീലനം നല്‍കിയത്. 20 ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്ത് കൃഷ്ണവേഷം നിര്‍മിക്കുന്ന സംരംഭത്തില്‍ പങ്കാളിത്തം വഹിക്കുന്നു.
















