തിരുവനന്തപുരം: പ്രളയരക്ഷാപ്രവര്‍ത്തനത്തിന് ഹരിദ്വാര്‍ മിത്ര മണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സേവാഭാരതിക്ക് 6 ലക്ഷം രൂപയും രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലി നല്‍കിയ സേവാഭാരതിപ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുമാണ് ട്രസ്റ്റ് സഹായം നല്‍കിയത്. ട്രസ്റ്റിനുവേണ്ടി ചെയര്‍മാന്‍ ഹരിഭായ് നായര്‍, ഭാര്യ ഉമ എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.പ്രസന്നമൂര്‍ത്തിക്ക് ചെക്ക് കൈമാറി. ഇത്തരം സുമനസ്സുകളുടെ സഹായമാണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പ്രസന്നമൂര്‍ത്തി പറഞ്ഞു.
സൈലന്റ്‌വാലി വനമേഖലയില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് നിറഞ്ഞൊഴുകുന്ന ഭവാനിപ്പുഴ അതിസാഹസികമായി നീന്തിക്കടന്ന് സഹായമെത്തിച്ച സേവാഭാരതി പ്രവര്‍ത്തകരെ ട്രസ്റ്റ് ആദരിക്കുമെന്ന് ഹരിഭായ് പറഞ്ഞു. ഹരിദ്വാര്‍ മിത്ര മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും പ്രളയ ബാധിതരെ സഹായിക്കാന്‍ ഹരിഭായ് എത്തിയിരുന്നു. മുപ്പത് വര്‍ഷമായി ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായിയാണ് ഹരിഭായ്.
സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത്ഹരി, ജന്മഭൂമി പ്രത്യേക ലേഖകന്‍ പി. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി അയ്യപ്പന്‍, ജില്ലാ സംഘടനാ സെക്രട്ടറി വി.എസ്. ശങ്കര്‍, ജില്ലാ സെക്രട്ടറി കെ.വി. വിക്രമന്‍ എന്നിവര്‍ പങ്കെടുത്തു.
















