കോഴിക്കോട്: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ഉടന്‍ ധനസഹായം അനുവദിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ലിനുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.
അമ്മയുള്‍പ്പെടെയുള്ളവരെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച ശേഷമാണ് ലിനു രക്ഷാപ്രവര്‍ത്തനത്തിനു പോയത്. എന്നാല്‍, ലിനുവിനെ തന്നെ കുടുംബത്തിന് നഷ്ടമായി. ലിനുവിന്റെ അമ്മ പുഷ്പലത കാന്‍സര്‍ രോഗിയാണ്. ഇവരുടെ ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലിനുവിന്റെ കുടുംബത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. സംഘടനകളോ വ്യക്തികളോ പ്രഖ്യാപിക്കുന്ന പോലെയല്ല സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കേണ്ടത്. എല്ലാവരെയും ഒരു പോലെ കാണാന്‍ സര്‍ക്കാരിനു കഴിയണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ നിന്ന് പാഠം പഠിക്കാന്‍ സര്‍ക്കാരിനായില്ലെന്നും ശശികല ടീച്ചര്‍ ആരോപിച്ചു. ഇത്തവണയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അടയാളങ്ങളുമായി വരേണ്ടെന്നു പറഞ്ഞ് അകറ്റി നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് ഇപ്പോഴും പാര്‍ട്ടി സെക്രട്ടിയുടെ നിലപാടാണെന്നും അവര്‍ പറഞ്ഞു.
ലിനുവിന്റെ അച്ഛന്‍ ചെറുവണ്ണൂര്‍ കുണ്ടായിത്തോട് പൊന്നത്ത് സുബ്രഹ്മണ്യന്‍, സഹോദരങ്ങളായ ലാലു, ലൈജു എന്നിവരുമായും മറ്റു കുടുംബാംഗങ്ങളുമായും ശശികല ടീച്ചര്‍ സംസാരിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സത്യഭാമ. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ദാമോദരന്‍ കുന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ജോഷി ചന്ദ്രന്‍ തുടങ്ങിയവരും ടീച്ചര്‍ക്കൊപ്പം ഉണ്ടായിരുന്നു.
















