ആലപ്പുഴ: പ്രളയജലം വീടുവിട്ടിറങ്ങാന്‍ തുടങ്ങിയതോടെ ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. പക്ഷെ മടക്കം ഇവര്‍ക്ക് ആശങ്കകള്‍ മാത്രമാണ് നല്‍കുന്നത്. ചില സന്നദ്ധസംഘടനകള്‍ ക്യാമ്പുകളിലെത്തിച്ച അരിയും സാധനങ്ങളും മാത്രമാണ് കൈവശമുള്ളത്. ഭക്ഷണ വിതരണകേന്ദ്രങ്ങളും അവസാനിപ്പിക്കുന്നത് കൃഷി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരെ ആശങ്കയിലാക്കുന്നുണ്ട്.
കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്‌ക്കുകയും തോട്ടപ്പള്ളി പൊഴിയിലൂടെ വെള്ളം വലിയുകയും ചെയ്തതോടെയാണ് കുട്ടനാട്ടിലെ വെള്ളപൊക്കത്തിന് ശമനമായത്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിച്ചത് ആശ്വാസമായി, പുളിങ്കുന്നിലേക്ക് സര്‍വീസ് തുടങ്ങി.
എങ്കിലും താഴ്ന്ന സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളം കിടക്കുന്നുണ്ട്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ശക്തമായ നീരൊഴുക്കുമുണ്ട്. പാടശേഖരങ്ങള്‍ക്കുള്ളിലെ വീടുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക്ഇനി ദുരിതത്തിന്റെ നാളുകളാണ്.
ദിവസങ്ങളോളം വൃത്തിയാക്കിയാല്‍ മാത്രമേ വീടുകളിലും പരിസരങ്ങളിലും അടിഞ്ഞ മാലിന്യം നീക്കം ചെയ്യാന്‍ കഴിയൂ. വെള്ളം ഇറങ്ങുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് അടിയന്തര ശ്രദ്ധപതിപ്പിച്ചില്ലെങ്കില്‍ പകര്‍ച്ച പനിയും ജലജന്യരോഗങ്ങളും വരാന്‍ സാധ്യതയുണ്ട്. ബ്ലീച്ചിങ്പൗഡറും ക്ലീനിങ് ലോഷനും വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യേണ്ടി വരും. വീടുകളില്‍ ചെളി അടിഞ്ഞ് കിടക്കുകയാണ്.
കൂടാതെ കിഴക്കന്‍ വെള്ളത്തിന്റ വരവില്‍ നദീതീരങ്ങളിലെ താമസക്കാരുടെ വീട്ടുപരിസരങ്ങളില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ജലനിരപ്പ്താഴ്ന്നെങ്കിലും വീടുകള്‍ വാസയോഗ്യമാകണമെങ്കില്‍ ദിവസങ്ങളോളം താമസം വരും. ഇതിനോടകം വീണ്ടും മഴ ശക്തിപ്രാപിച്ചാല്‍ ദുരിതം വീണ്ടും നീളും.
മഴവീഴ്ചയും, കവിഞ്ഞ് കയറ്റവും മൂലം കൃഷിനശിച്ച പാടശേഖരങ്ങളിലെ കര്‍ഷകരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. കരകൃഷിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓണം സീസണില്‍ വിളവെടുപ്പിന് നിര്‍ത്തിയ ഏത്തവാഴ, മരച്ചീനി, പച്ചക്കറി കൃഷികള്‍ പൂര്‍ണമായും തകര്‍ന്നു.
















