കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും വ്യാജ പണപ്പിരിവ് നടത്തിയ ആള്‍ പിടിയില്‍. വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടിയ മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെയാണ് അറസ്റ്റിലായത്. ദൂരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഇയാള്‍ തട്ടിപ്പ് നടത്തി വരികയായിരുന്നെന്ന് ഫറൂഖ് പോലീസ് അറിയിച്ചു.
രാമനാട്ടുകര നഗരസഭാ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരമാണ് പണം പിരിക്കുന്നതെന്നും ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സുനില്‍ പണപ്പിരിവ് നടത്തിയിരുന്നത്. ഇതുസംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ പിടിയിലാകുന്നത്.
അതേസമയം ഇയാള്‍ പല ചാരിറ്റബിള്‍ ട്രസ്റ്റുകളുടേയും പേരില്‍ പണപ്പിരിവ് നടത്തിയതായി കണ്ടെത്തി. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡികാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
















