പ്രാണോത്പത്ത്യധികരണം തുടരുന്നു.
സൂത്രം തത് പ്രാക് ശ്രുതേശ്ച
അവയ്ക്ക് മുമ്പ് ശ്രുതിയിലുള്ളതിനാലും പ്രാണങ്ങളുടെ മറ്റു വിധത്തിലുള്ള ഉല്പത്തി ഗൗണമാണ്.
പ്രശ്നോപനിഷത്തില്‍ ‘സ പ്രാണമസൃജത പ്രാണാത് ശ്രദ്ധാം’ എന്ന് ഭൂത സൃഷ്ടിയ്ക്ക് മുമ്പ് തന്നെ കാണുന്നതിനാല്‍ ഭൂതങ്ങളില്‍ നിന്നല്ല പ്രാണസൃഷ്ടി എന്ന് വ്യക്തമാണ്. അഗ്നി വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നത് പോഷിപ്പിക്കുന്നതിനാലാണ്. ചൂടായി സംസാരിക്കുക, തീപ്പൊരി പ്രസംഗം എന്നൊക്കെ അഗ്നിയുമായി ചേര്‍ത്താണ് വാക്കിനെ പറയുന്നത്. ഇതേപോലെ മനസ്സിന്റെ വികാസം അന്നം കൊണ്ടാണ്. ഭക്ഷണമില്ലാതെയിരിക്കുമ്പോള്‍ മനസ്സ് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കില്ല. അന്നത്തിന്റെ സൂക്ഷ്മാംശമാണ് മനസ്സായിപോഷിപ്പിക്കപ്പെടുന്നത്. അതുപോലെത്തന്നെയാണ് ജലം കൊണ്ട് പ്രാണനെ പോഷിപ്പിക്കുന്നതും. ഇതെല്ലാം ഗൗണമായ അര്‍ഥത്തിലാണ് കണക്കാക്കുന്നത്
സൂത്രം തത്പൂര്വകത്വാദ് വാച
വാക്കിന് അതിന്റെ മുമ്പെയുള്ള തേജസ്സില്‍ നിന്ന് ഉദ്ഭവം പറഞ്ഞിരിക്കയാണ്. തേജസ്സിനെ സൃഷ്ടിച്ചു എന്ന സൃഷ്ടിപ്രകരണത്തില് തേജസ്സിനേയും ജലത്തേയും അന്നം അഥവാ ഭൂമിയേയും പറ്റി മൂലം പറഞ്ഞിട്ടുള്ളൂ. പിന്നീട് അന്നമയമായി മനസ്സിനേയും ജലമയനായി പ്രാണനെയും തേജോമയനായി വാക്കിനെയും പറയുന്നതിനാല്‍ അവ മുമ്പ് തന്നെ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയായെന്ന് കരുതണം.
സപ്തഗത്യധികരണം
ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം സപ്തഗതേര് വിശേഷിതത്വാച്ച
പ്രാണങ്ങള്‍ ഏഴാണെന്ന് അറിയുന്നതിനാലും ശിരസ്സില്‍ ഏഴെന്ന് വിശേഷിപ്പിച്ചതിനാലുംപ്രാണങ്ങള് ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്ന് സ്ഥാപിച്ച ശേഷം അതിന്റെ എണ്ണത്തെപ്പറ്റി പറയുന്നു.മുണ്ഡകത്തില്‍ ‘സപ്ത പ്രാണാ പ്രഭവന്തി തസ്മാത്’ എന്നതിനെ അടിസ്ഥാനമാക്കി ചിലര്‍ പ്രാണങ്ങള്‍ ഏഴാണെന്ന് പറയുന്നു.
ബൃഹദാരണ്യത്തിലെ ‘അഷ്ടൗഗ്രഹാ: അഷ്ടാവതി ഗ്രഹാ:’ എന്ന തിനെ അടിസ്ഥാനമാക്കി എട്ടാണെന്ന് പറയാറുണ്ട്. തൈത്തിരീയത്തിലെ ‘ സപ്ത വൈ ശീര്ഷണ്യാഃ പ്രാണാഃ ദ്വാവര്വാഞ്ചൗ’ എന്നതിനെ കണക്കിലെടുത്ത് ചിലര്‍ ഒമ്പത് പ്രാണങ്ങള്‍ എന്ന് പറയുന്നു. ശിരസ്സിലെ ഏഴ്, താഴെയുള്ള പായു, ഉപസ്ഥം എന്നിവ ചേര്‍ത്താണിത്. ചിലര്‍ 10, വേറെ ചിലര്‍ 11, മറ്റു ചിലര്‍ 12 എന്നും ഓരോ ശ്രുതി വാക്യങ്ങളെ ആധാരമാക്കി പറയുന്നു.ഇതില്‍ ഏതാണ് ശരി എന്നാണ് സംശയം. ഇവയ്ക്കുള്ള മറുപടിയാണ് ഈ സൂത്രം. ഏഴ് എന്നതാണ് ശരി. സപ്ത പ്രാണാഃ പ്രഭവന്തി തസ്മാത് എന്ന് ഉല്പത്തിയെ പറ്റി പറയുമ്പോള്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്.ശിരസ്സിലെ പ്രാണങ്ങളെ പ്രത്യേകമായി പറയുന്നുമുണ്ട്. മുണ്ഡകത്തില്‍ തന്നെ ‘പ്രാണാ ഗുഹാശയാ:നി ഹിതാ: സപ്തസപ്ത’ എന്ന് പറയുന്നത് ഓരോ പുരുഷനെപ്പറ്റിയും പ്രത്യേകം പ്രത്യേകം പറയുന്നുവെന്ന് പൂര്‍വപക്ഷം അഭിപ്രായപ്പെടുന്നു. ഇതിനുള്ള മറുപടി അടുത്ത സൂത്രത്തില്‍ കാണാം.
സൂത്രം ഹസ്താദയസ്തു സ്ഥിതേ/തോ നൈവം
കൈ മുതലായവയും ഇന്ദ്രിയങ്ങളാണ്. അതിനാല്‍ ഇങ്ങനെ ഏഴെന്നത് ശരിയല്ല.
ബൃഹദാരണ്യകത്തില്‍ കൈയിനേയും ഇന്ദ്രിയമായി പറയുന്നുണ്ട്. അതുപോലെ കര്മ്മത്തിനുപയോഗിക്കുന്ന പാദം, പായു, ഉപസ്ഥം എന്നിവയ്ക്കും ആസ്ഥാനമുണ്ട്. നേരത്തേ പറഞ്ഞ ഏഴും ഈ നാലും കൂട്ടിയാല്‍ 11 ഇന്ദ്രിയങ്ങളാകും. അങ്ങനെ പറയുന്നതാകും ശരി. ബൃഹദാരണ്യകത്തില്‍ ‘ദശമേ പ്രാണാ: ആത് മൈകാദശ:’ പത്ത് ഇന്ദ്രിയങ്ങളും മനസ്സും ചേര്‍ന്ന് 11 ഇന്ദ്രിയങ്ങള്‍. ആത്മാ എന്നാല്‍ ഇവിടെ മനസ്സ് എന്നാണര്‍ത്ഥം. വൃത്തിഭേദം അനുസരിച്ച് ജ്ഞാനേന്ദ്രിയങ്ങളെന്നും കര്‍മ്മേന്ദ്രിയങ്ങളെന്നും തരംതിരിച്ചിരിക്കുന്നു. മനസ്സ് എന്ന് പറഞ്ഞതില്‍ അന്ത:കരണ വൃത്തികളായ ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയും ഉള്‍പ്പെടും. ഇതെല്ലാം മനസ്സുതന്നെ. ഈ 11 ഇന്ദ്രിയങ്ങളും മരണസമയത്ത് ശരീരത്തില്‍നിന്ന് വിട്ടുപോകുന്നു. അതിനാല്‍ പ്രാണങ്ങള്‍ 11തന്നെയെന്ന് അറിയണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: