നാടെങ്ങും നാമജപഘോഷം കേട്ട് ക്രോധാസുരന് വെപ്രാളത്തിലായി. കൊട്ടാരത്തില്‍ പലവിധ ദുര്‍നിമിത്തങ്ങളും കാണുന്നു. കൂടെനില്ക്കുന്നവര് തമ്മില്‍ വഴക്കിടുന്നു. നാമജപത്തിന്റെ അലയൊലികള്‍ കൊട്ടാരത്തിലും കേള്‍ക്കുന്നു. ചിലര്‍ അതുകേട്ട് ആവര്‍ത്തിക്കുന്നു.
നാമജപങ്ങളിലൂടെ നൊമ്പരങ്ങള്‍ ഗുരുവുമായി പങ്കുവെച്ചു. ക്രോധാസുരന്റെ വാക്കുകളിലെ വൈഷമ്യങ്ങള്‍ ഗുരു ശുക്രാചാര്യര്‍ തിരിച്ചറിഞ്ഞു. ശുക്രാചാര്യര്‍ ജ്ഞാനദൃഷ്ടിയില്‍ അന്വേഷിച്ചു. ഇല്ല, പരിഹാരങ്ങളില്ലാത്ത വിധത്തില്‍ ശ്രീഗണേശന്റെ കോപം വര്‍ധിച്ചിരിക്കുന്നു. ലംബോദരഭാവത്തില് ഭഗവാന് കോപിച്ചു വന്നാല്‍ തടുക്കാന്‍ ആര്‍ക്കുമാവില്ല.
ഗുരു ശുക്രാചാര്യര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ലംബോദരന്റെ മുന്നില്‍ കീഴടങ്ങുന്നതു തന്നെ ഉചിതം. അതു തന്നെ ക്രോധാസുരന് ഉപദേശമായി നല്കി.
ശുക്രാചാര്യരുടെ ഉപദേശത്തെ മാനിക്കുന്നുവെങ്കിലും അഹങ്കാരം ക്രോധാസുരനെ പിന്നോട്ടു വലിച്ചു കൊണ്ടിരുന്നു.
ക്രോധാസുരന് അസുരസേനയുമായി ചെന്ന് ലംബോദരനെ നേരിട്ടു.
കൂടെയുണ്ടായിരുന്ന അസുരവീരന്മാരെല്ലാം പരാജയപ്പെട്ടതോടെ ക്രോധാസുരന് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. എന്തെങ്കിലും മായാ പ്രയോഗങ്ങള്‍ നടത്തിയാലോ?
അതിനായി ലംബോദരന്റെ ഇടതുഭാഗത്തേക്ക് അല്പം മാറി നിന്ന് ചരിഞ്ഞു നോക്കി. അതാ, ലംബോദരന്റെ ഇടതുഭാഗത്ത് സിദ്ധി ദേവി നിലയുറപ്പിച്ചിരിക്കുന്നു. ഈ സിദ്ധിദേവിയെ മറികടന്നു കൊണ്ട് ഒരു മായാ പ്രയോഗവും നടപ്പാകില്ല.
അല്പം വലതു ഭാഗത്തേക്ക് മാറി നിന്നു നോക്കി. എന്തെങ്കിലും ബുദ്ധിപ്രയോഗിച്ച് നേരിടാമെന്ന ഭാവത്തിലായിരുന്നു ക്രോധാസുരന്റെ നോട്ടം.
എന്നാല്‍ ലംബോദരന്റെ വലതു ഭാഗത്തായി ബുദ്ധിദേവി നില്ക്കുന്നു. ഈ ബുദ്ധിസിദ്ധികളെ മറികടന്ന് തനിക്ക് ഒന്നും ചെയ്യാനാവില്ല.
രക്ഷപ്പെടാനുള്ള പഴുതുകളൊന്നും ബാക്കിയില്ല. പേടിയില്‍ അഹങ്കാരം ലയിച്ചു പോയി.
ക്രോധാസുരന് സാഷ്ടാംഗം വീണ് നമസ്ക്കരിച്ചു. സര്‍വാപരാധങ്ങളും പൊറുത്ത് അനുഗ്രഹിക്കണമെന്ന് പ്രാര്‍ഥിച്ചു.
ലംബോദരന് ക്ഷമാപൂര്‍വം ക്രോധാസുരനോട് ആജ്ഞാപിച്ചു. നീ ദേവന്മാരില് നിന്നും അസുരന്മാരില് നിന്നും പിടിച്ചെടുത്തതെല്ലാം തിരിച്ചു കൊടുക്കുക. സ്വര്‍ഗവും ഭൂമിയുമെല്ലാം വിട്ടു കൊടുക്കുക. പാതാളത്തില്‍ പോയി അവിടെ അടങ്ങിയൊതുങ്ങി ജീവിക്കുക. ഇക്കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് ലംബോദരന് അറിയിച്ചു.
അതെല്ലാം പൂര്‍ണമായി സമ്മതിച്ച് സ്വര്‍ഗാദി ലോകങ്ങള്‍ ദേവാദികള്‍ക്ക് വിട്ടു കൊടുത്ത് ക്രോധാസുരന് പാതാളത്തിലേക്ക് മടങ്ങി.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: