പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യം താങ്കളെ വല്ലാതെ മോഹിപ്പിച്ചിരുന്നുവല്ലോ. എന്താണങ്ങനെ?
ശരിയാണ്. ദസ്തയവ്സ്കി, ടോള്‍സ്റ്റോയി, ചെഖോവ് എന്നിവരെയാണ് ഞാന്‍ പ്രധാനമായി ഊന്നിയത്. ‘ദസ്തയവ്സ്കീയത’ എന്ന പൊതുപ്രവണതയാണതിന് നിദാനം. ദസ്തയവ്സ്കിയുടെ ലോകവുമായി എന്റെ മനസ്സിനുള്ള സ്വരൈക്യം ‘നിന്ദിതരും പീഡിതരും’ എന്ന നോവല്‍ വായിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. ”മനുഷ്യന് ഒരു മഹാരഹസ്യമാണ്. ജീവിതം അതറിയുന്നതിനായി ബലികഴിക്കേണ്ടിവന്നാലും എനിക്കു മനുഷ്യനാകണം” എന്ന് സാഹിത്യരചനയുടെ ആദ്യഘട്ടത്തില്‍ ദസ്തയവ്സ്കി തന്റെ ജ്യേഷ്ഠനായ മിഖയലിനെഴുതിയ ഒരു കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സമാനമായ പ്രേരണകള്‍ തന്നെയാവണം ദസ്തയവ്സ്കിയന്‍ ലോകത്തിലേക്ക് ഊളിയിടാന്‍ എന്നെ പ്രചോദിപ്പിച്ചത്. ടോള്‍സ്റ്റോയിയിലും ചെഖോവിലും ഞാന്‍ ദസ്തയവ്സ്കിയെ കണ്ടുമുട്ടാറുണ്ട്. അതിന്റെ ഫലമെന്നോണം ഞാന്‍ അവരെയും ഭാഷാന്തരം ചെയ്തു. സോഫിയാ ടോള്‍സ്റ്റോയി തന്റെ ഭര്‍ത്താവിനെതിരെ ണവീലെ ളമൗഹ േ(ആരുടെ കുറ്റം) എന്ന ഒരു നോവലെഴുതി സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. ആ കൃതി ‘അന്ന’ എന്ന പേരില്‍ ഈയിടെ ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതിലും ഞാന്‍ ദസ്തയവ്സ്കീയതയാണ് ദര്‍ശിച്ചതെന്നു പറയാം.
ദസ്തയവ്സ്കിയിലേക്ക് എങ്ങനെയെത്തി?
കോളേജ് പഠനകാലത്ത് സാഹിത്യതല്‍പ്പരരായ സുഹൃത്തുക്കള്‍ ദസ്തയവ്സ്കിയെ വായിക്കുവാന്‍ ഉപദേശിച്ചപ്പോഴൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ബിരുദാനന്തരം ഉണ്ടായ ഒരിടവേളയില്‍ വായനയിലേക്ക് പൂണ്ടുപോയ നാളുകളിലാണ് ‘നിന്ദിതരും പീഡിതരും’ കൈവന്നത്. എന്റെ അന്തര്‍ലോകം ഞാന്‍ ആ നോവലില്‍ തുറന്നുകിടന്നതായി കണ്ടു. ”ദസ്തയവ്സ്കിയുടെ ഒരു കൃതി ഒരുവന് വായിക്കുന്നുവെങ്കില്‍ ആദ്യത്തേത് നിന്ദിതരും പീഡിതരുമായിരിക്കട്ടെ – പോരാ, അയാള്‍ യുവാവുകൂടിയായിരിക്കണ”മെന്ന സ്റ്റീഫന്‍ സൈ്വഗിന്റെ വചനം ഏറെക്കഴിഞ്ഞാണ് ഞാന്‍ കാണുന്നത്. എന്തായാലും ഈ രണ്ടു വ്യവസ്ഥകളും എനിക്ക് ഒത്തുവന്നുവെന്നത് ഭാഗ്യം. അതോടെ ഞാന്‍ ദസ്തയവ്സ്കിയില്‍ മുഴുകുവാന്‍ തുടങ്ങി. ചൂതാട്ടക്കാരന് മുതല്‍ അപക്വയുവാവ് വരെ പതിനാറ് രചനകള്‍ ദസ്തയവ്സ്കിയുടേതായി മലയാളത്തിലേക്ക് ഞാന്‍ വിവര്‍ത്തനം ചെയ്തു.
റഷ്യന്‍ ക്രിസ്തു എന്ന പേരില്‍ ഒരു നോവലുമെഴുതുകയുണ്ടായല്ലോ?
ഉവ്വ്. ദസ്തയവ്സ്കിയുടെ ജീവിതത്തേയും കലയേയും ആധാരമാക്കി എഴുതപ്പെട്ടതാണത്. ദസ്തയവ്സ്കിയുടെ ജീവിതത്തിലൂടെ കടന്നുപോയവരും, അദ്ദേഹത്തിന്റെതന്നെ കഥാപാത്രങ്ങളും പല കോണുകളില്‍നിന്നും ആ ജീവിതത്തെ നോക്കിക്കാണും വിധമാണ് അതിന്റെ സങ്കേതം. അതിന്റെ മൂന്നു പതിപ്പുകള്‍ ഇറങ്ങി. ദസ്തയവ്സ്കിയെക്കുറിച്ചുള്ള രണ്ട് പഠനങ്ങളും പുറത്തുവന്നിട്ടുണ്ട് എന്റേതായി. അറിയപ്പെടാത്ത ദസ്തയവ്സ്കിയും ദസ്തയവ്സ്കിയുടെ പ്രണയ ജീവിതവും.
ദസ്തയവ്സ്കിയുടെ പത്നി അന്നസ്നിത്കിനയുടെ ഓര്‍മ്മക്കുറിപ്പുകളെപ്പറ്റി?
വാര്‍ദ്ധക്യത്തില്‍ നഗരത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വന്ന അന്നയോട് നാട്ടിന്പുറത്തേക്ക് മാറിത്താമസിക്കുവാന്‍ ഭിഷഗ്വരന്മാര് നിര്‍ദ്ദേശിച്ചു. നാട്ടിന്‍പുറത്തെ താമസത്തിനിടയില്‍ സമയം കളയുവാനാണ് അവര്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയത്. ദസ്തയവ്സ്കിയുടെ പഠിതാക്കള്‍ക്കും ആരാധകര്‍ക്കും ആ ഓര്‍മ്മകള്‍ ഒട്ടേറെ സഹായകമായി. അന്നയുടെ ഓര്‍മ്മകള്‍, അന്നയുടെ കുറിപ്പുകള്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ ആ ഓര്‍മ്മക്കുറിപ്പുകളെ ആധാരമാക്കി ഞാന്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
കവിതയായിരുന്നുവല്ലോ തുടക്കം. പിന്നീടെങ്ങനെ ദിശാവ്യതിയാനമുണ്ടായി?
അതെ. ഒരു കവിയായി അറിയപ്പെടുവാനാണ് ഞാനാഗ്രഹിച്ചത്. വിശ്വമഹാകവി ദസ്തയവ്സ്കി എന്നെ പരിഭാഷകനാക്കി. കവിതയ്ക്കു പിന്നാലെയുള്ള ഉന്മത്തമായ യാത്ര തന്നെയാണ് എന്നെ പരിഭാഷകനാക്കിയതെന്നര്‍ത്ഥം. അടുത്തകാലം വരെ ഞാന്‍ കവിതകള്‍ എഴുതിയിരുന്നു. നാലു സമാഹാരങ്ങളുമുണ്ട്.
ആത്മീയതയോടുള്ള ആഭിമുഖ്യം താങ്കളിലുണ്ട്. വിശദീകരിക്കാമോ?
അത് ആരിലുമുള്ളതാണല്ലോ. ‘മാന്‍ ഈസ് എ ഫിലോസഫിക്കല്‍ ബീയിങ്’ എന്ന ഒരു ചൊല്ലുതന്നെയുണ്ട്. ഞാനാരാണ്? ഞാന്‍ എവിടെനിന്നു വന്നു എന്ന ചോദ്യം ഏറ്റവും പൗരാണിക മനുഷ്യനും ആധുനികനും ഒരേ മട്ടില്‍ ചോദിക്കുന്നു. ഉത്തരമന്വേഷിക്കുകയും ചെയ്യുന്നു. ഞാനും അന്വേഷിക്കുന്നു. വേദാന്തത്തിന്റെ മാര്‍ഗ്ഗം എനിക്ക് ശക്തിയരുളുന്നു. ഷോപ്പനര്‍, പരമഹംസര്‍, ടാഗോര്‍, ലല്ലേശ്വരി, ജ്ഞാനേശ്വര്‍, ലാവോത്സു തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാരെ പരിഭാഷപ്പെടുത്തിയത് അത്തരം അന്വേഷണങ്ങളുടെ ഭാഗമായാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
മലയാളത്തില്‍ ആദ്യമായി ഗസലുകള്‍ എഴുതിയത് താങ്കളാണ്. അതേപ്പറ്റി?
കേരളത്തിന്റെ ഗസല്നാദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉമ്പായി എന്ന ഗസല്‍ ഗായകനുവേണ്ടിയായിരുന്നു ആ ഗസലുകള്‍. 1998-ലാണത്. ഉമ്പായിയും ഞാനും ഒത്തുചേര്‍ന്നിരുന്ന ആ ദിവസങ്ങള്‍ക്ക് സദ്ഫലമുണ്ടായി. ‘പ്രണാമം’ എന്ന പേരില്‍ പുറത്തിറങ്ങിയ ആ ആല്‍ബം മലയാളികള്‍ ഏറ്റുവാങ്ങി. ‘എത്ര സുധാമയമായിരുന്നാഗാനം’; ‘പാതിരാവിന് പാഴ്നിഴലില്‍ പാടുവാനായ് ഞാനിരിപ്പൂ’ എന്നിങ്ങനെയുള്ള ആ ഗസലുകള്‍ മലയാളമുള്ളിടത്തോളം ആസ്വദിക്കപ്പെടുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഉമ്പായിയുടെ ജനപ്രിയത ഒട്ടേറെ ഗസല്‍ ഗായകരെ സൃഷ്ടിച്ചിരിക്കുന്നു.
സോഫിയ ടോള്‍സ്റ്റോയിയിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു?
ടോള്‍സ്റ്റോയി 82-ാമത്തെ വയസ്സില്‍ റഷ്യയിലെ അസ്റ്റപ്പോവ എന്ന ചെറിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ക്കിടന്ന് അനാഥനെപ്പോലെ മരിച്ചു എന്നു വായിച്ചപ്പോള്‍ ആ മരണത്തിലേക്കു നയിച്ച കാരണങ്ങളിലേക്കിറങ്ങിച്ചെന്നു. അപ്പോഴാണ് സോഫിയാ നയിച്ച ക്ലേശഭൂയിഷ്ഠമായ ജീവിതത്തെക്കുറിച്ച് മനസ്സിലായത്. ടോള്‍സ്റ്റോയിയുടെ പതിനാലു കുട്ടികളെ പ്രസവിക്കുകയും ‘യുദ്ധവും സമാധാന’വും, പോലെയുള്ള ബൃഹത് നോവലുകള്‍ പലവട്ടം പകര്‍ത്തിയെഴുതുകയും ചെയ്ത ഒരു പ്രതിഭാശാലിനിയായിരുന്നു അവര്‍. ടോള്‍സ്റ്റോയി തന്റെ അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും തന്റെ കൃതികള്‍ക്കുള്ള പകര്‍പ്പവകാശം റഷ്യന്‍ ജനതയ്ക്കു വിട്ടുകൊടുത്തതും, തന്നെ അരക്ഷിതാവസ്ഥയിലേക്കാഴ്ത്തുമോ എന്ന് ആ സാധ്വി ഭയപ്പെട്ടു. ടോള്‍സ്റ്റോയി അഞ്ചുകല്‍പ്പനകളുള്ള ഒരു മതം സ്ഥാപിച്ചിരുന്നു. ടോള്‍സ്റ്റോയിയന്മാര്‍ എന്നറിയപ്പെട്ട ശിഷ്യന്മാര് സോഫിയയെ കണ്ടമാനം ഉപദ്രവിച്ചു. ഭര്‍ത്താവിന്റെ ശവശരീരം പോലും കാണാന്‍ ശിഷ്യസംഘം സോഫിയയെ അനുവദിച്ചില്ലത്രേ. ‘പ്രിയപ്പെട്ട ലിയോ’ എന്ന പേരില്‍ ഞാനെഴുതിയ നോവല്‍ ഒരേസമയം ടോള്‍സ്റ്റോയിയേയും സോഫിയയേയുംകുറിച്ചുള്ളതായിത്തീര്‍ന്നു. സോഫിയയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും ഒരു ഭാഗം ‘ഓര്‍മ്മകളും മുറിവുകളും’ എന്ന പേരില്‍ ഞാന്‍ ഈയിടെ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.
ചെഖോവിലും ദസ്തയവ്സ്കിയിലും എങ്ങനെ സാധര്‍മ്മ്യം കണ്ടെത്തുന്നു?
ബൃഹത്തായ നോവലുകളാണ് ദസ്തയവ്സ്കിയുടേതെങ്കില്‍ ചെഖോവിന്റേത് ‘ഒരു തുള്ളി ജീവിതം’ എന്നു വിശേഷിപ്പിക്കാവുന്ന ചെറുകഥകളാണ് ഏറെയും. മനുഷ്യജീവിതത്തിന്റെ വേദനയും വിഹ്വലതയും രണ്ടുപേരും ഒരേമട്ടില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ചെഖോവിലെ ചിരി കൂടുതല്‍ വ്യക്തമാണ്. ദസ്തയവ്സ്കിയും ആക്ഷേപഹാസ്യം എഴുതിയിട്ടുണ്ട്. സ്റ്റെപ്പന്‍ചിക്കോവാ ഗ്രാമം, കാരണവരുടെ കിനാവ്, ഒന്‍പതുകത്തുകളിലൂടെ ഒരു നോവല്‍ എന്നീ കൃതികള്‍ ഉദാഹരണമായെടുക്കാം.
സോവിയറ്റ് വിപ്ലവത്തിനുശേഷം ആ ഒരു പിന്തുടര്ച്ച നഷ്ടപ്പെട്ടുവെന്നു കരുതുന്നുണ്ടോ?
തീര്‍ച്ചയായും. ലെനിനും സ്റ്റാലിനും ദസ്തയവ്സ്കിയെ ‘ഇരുണ്ട പ്രതിഭ’ എന്നു വിളിച്ചു. ദസ്തയവ്സ്കിയന്‍ സാഹിത്യം യുവാക്കളില്‍ നിന്നും മറച്ചുവെച്ചു. എന്തിന് പറയുന്നു, സോവിയറ്റ് വിപ്ലവപക്ഷക്കാരനായിരുന്ന മാക്സിം ഗോര്‍ഖി, റഷ്യന്‍ ചങ്ങമ്പുഴയായിരുന്ന യസനിന്‍ എന്നിവരൊക്കെ കൊല്ലപ്പെട്ടതെങ്ങനെയാണെന്ന് നോക്കൂ. വിപ്ലവാനന്തരം ദസ്തയവ്സ്കി ജീവിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്റ്റാലിന്റെ ഫയറിങ് സ്ക്വാഡിന് മുന്നില്‍പ്പെടുമായിരുന്നു. സോവിയറ്റ് വിപ്ലവത്തിനുശേഷം റഷ്യയില്‍ മനുഷ്യകഥാനുഗായികള്‍ നാമാവശേഷമായി.
ഇഡിയറ്റിലെ മൈഷ്കിന്‍ യാഥാസ്ഥിതിക മതത്തിനെതിരെ പിറുപിറുക്കുന്നുണ്ടല്ലോ?
യഥാര്‍ത്ഥ ക്രിസ്ത്വനുഭവത്തിന്റെ സാക്ഷിയായ ദസ്തയവ്സ്കി തന്റെ പ്രവാചകസ്വരത്തില്‍ മൈഷ്കിനിലൂടെ നിലവിലിരുന്ന മതത്തിന്റെ കാപട്യങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് അതിലൂടെ കാണേണ്ടത്. ദസ്തയവ്സ്കിയുടെ വാക്കുകള്‍ വിദൂരഭാവിയിലേക്കുകൂടി വേണ്ടിയായിരുന്നുവെന്ന് ഇന്ന് നാം അനുഭവിക്കുന്നുമുണ്ടല്ലോ.
ആധുനികതയുടെ പിതാമഹനായ ദസ്തയവ്സ്കി ധനാത്മകമായി ചിന്തിക്കുകയും പ്രത്യാശാഭരിതനായിരിക്കുകയും ചെയ്തു. സാര്‍ത്രിനെപ്പോലുള്ളവര്‍ നിരാശയിലേക്കാണ് കൂപ്പുകുത്തിയത്. എന്താണത്?
അസ്തിത്വവ്യഥ സാഹിത്യത്തില്‍ ദസ്തയവ്സ്കിയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒരേസമയം സംശയാലുവും വിശ്വാസിയുമായിരിക്കുക എന്നത് ആധുനിക മനുഷ്യന്റെ വിധിയാണ്. ജീവിതത്തില്‍ ഏറിയ പങ്കും സങ്കടക്കടലില്‍ നീന്തി ദസ്തയവ്സ്കി പ്രത്യാശയുടെ പ്രകാശത്തിലേക്ക് അത്ഭുതാവഹമായി നീങ്ങി. ബൈബിളായിരുന്നു ദസ്തയവ്സ്കിയുടെ വഴികാട്ടി.
ഭ്രാന്താലയത്തിലെ ഷേക്സ്പിയര് എന്ന് ദസ്തയവ്സ്കി വിശേഷിപ്പിക്കപ്പെട്ടു. അതെങ്ങനെ ഉള്‍ക്കൊള്ളുന്നു?
ശരിയാണ്, മെല്‍ഷിയോര്‍ഡിവോഗ് എന്ന ഫ്രഞ്ച് നിരൂപകന് അങ്ങനെ വിശേഷിപ്പിച്ചു. മനുഷ്യന്റെ നിഗൂഢസത്തയിലുള്ള ചെകുത്താനേയും ഈശ്വരനേയും തലനാരിഴകീറി പരിശോധിച്ച ദസ്തയവ്സ്കി കുറ്റവാളികളുടെ അന്തരംഗത്തെ ആവിഷ്കരിക്കുന്നതിനും അധീരനായില്ല. മനുഷ്യമനസ്സിന്റെ ചാപല്യവും ദാര്‍ഢ്യവും മഹനീയതയുമെല്ലാം അത്യന്തം ആഴത്തില്‍ വിശകലനം ചെയ്യുകയും തന്റെ കഥാപാത്രങ്ങള്‍ വഴി വിക്ഷേപിക്കുകയും ചെയ്തതിനാലാവണം ഇങ്ങനെ ഒരു വിശേഷണം കേള്‍ക്കേണ്ടിവന്നത്. ആ അര്‍ത്ഥത്തില്‍ ഈ വിശേഷണം സാധുവാകാം.
ഏതാണ്ട് നാലുപതിറ്റാണ്ടായി താങ്കള്‍ ആ മഹാഗുരുവിനെ പഠിക്കുവാന്‍ ശ്രമിക്കുന്നു. ഒടുവിലത്തെ വിലയിരുത്തല്‍ എന്താണ്?
യാതനയിലും വേദനയിലും സഞ്ചരിച്ച് ഒടുവില്‍ മനുഷ്യന് നേടുന്ന ആദ്ധ്യാത്മികോന്നതിയും ഈശ്വരസാക്ഷാത്ക്കാരവുമാണ് ദസ്തയവ്സ്കിയുടെ കൃതികളുടെ കാതല്‍. അഥവാ, ആത്മപീഡനത്തിലൂടെ മോക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: